12 Dec 2024 12:00 PM GMT
ന്യൂന മർദ്ദം ശക്തി പ്രാപിച്ചതിനാൽ വരുന്ന രണ്ട് ദിവസങ്ങളിൽ കേരളത്തിൻറ പല ഭാഗങ്ങളിലും കനത്ത മഴ കാലാവസ്ഥ വിഭാഗം പ്രവചിക്കുമ്പോൾ മഴ മറ ഇട്ട റബർ തോട്ടങ്ങളിൽ ടാപ്പിങിന് അവസരം കണ്ടെത്താനാവുമോയെന്ന് ഉറ്റ് നോക്കുകയാണ് ഉൽപാദനമേഖല. ക്രിസ്തുമസിന് രണ്ടാഴ്ച്ചമാത്രം ശേഷിക്കുന്നതിനാൽ ചുരുങ്ങിയ സമയ പരിമിതികൾക്കിടയിൽ പരമാവധി റബർ ഉൽപാദിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനുളള നീക്കത്തിലാണ് ചെറുകിട കർഷകർ സംസ്ഥാനത്ത് നാലാംഗ്രേഡ് റബർ കിലോ 190 രൂപയിൽ വിപണനം നടന്നപ്പോൾ അഞ്ചാം ഗ്രേഡ് 185 രൂപയിൽ കൈമാറി. രാജ്യാന്തര അവധി വ്യാപാരത്തിൽ റബർ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ബാങ്കോക്കിൽ ഷീറ്റ് വില 21,160 രൂപ.
വെളിച്ചെണ്ണ വില വീണ്ടും ഉയരുന്നു. ക്രിസ്തുമസ് അടുത്തതോടെ പ്രദേശിക തലത്തിൽ പതിവിലും ഡിമാൻറ്.ചെറുകിട വിപണികളിലും സൂപ്പർ മാർക്കറ്റുകളിലും എണ്ണയ്ക്ക് ആവശ്യം ഉയരുന്നത് കണ്ട് തമിഴ്നാട്ടിലെ വൻകിട മില്ലുകാർ എണ്ണവില ക്വിൻറ്റലിന് 300 രൂപ ഉയർത്തി, എന്നാൽ കൊപ്ര വില വർദ്ധിപ്പിക്കാൻ അവർ തയ്യാറായില്ല. കർഷകർക്കും കൊപ്ര ഉൽപാദകർക്കും എണ്ണയുടെ വിലക്കയറ്റം കൊണ്ട് നേട്ടമില്ല, മില്ലുകാർ സ്റ്റോക്കുള്ള ചരക്ക് കൂടിയ വിലയ്ക്ക് വിറ്റഴിക്കാൻ നടത്തിയ നീക്കത്തിന് കേരളത്തിലെ മില്ലുകാരും പിൻതുണ നൽകി. ഓണം കഴിഞ്ഞ സന്ദർഭത്തിലും തമിഴ്നാട് ലോബി ഇത്തരം ഒരു നീക്കത്തിലുടെ വെളിച്ചെണ്ണയെ മാത്രം ഉയർത്തിയിരുന്നു.
രാജ്യാന്തര കുരുമുളക് മാർക്കറ്റിൽ മലേഷ്യൻ ഉൽപ്പന്ന വില കയറ്റുമതിക്കാർ ടണ്ണിന് 8200 ഡോളറായി ഉയർത്തി. ഇന്ത്യൻ നിരക്ക് 8000 ഡോളറിലാണ് നീങ്ങുന്നത്. ഇന്തോനേഷ്യ 6800 ഡോളറും വിയെറ്റ്നാം 6300 ഡോളറിനും ക്വട്ടേഷൻ ഇറക്കിയപ്പോൾ ബ്രസീൽ 6250 ഡോളറിന് മുളക് വാഗ്ദാനം ചെയ്തു. മുൻ നിര കുരുമുളക് ഉൽപാദന രാജ്യങ്ങളിലെ ചരക്ക് ക്ഷാമം മുൻ നിത്തി യുറോപ്യൻ ബയ്യർമാർ പുതിയ വ്യാപാരങ്ങൾക്ക് നീക്കം നടത്തി. കൊച്ചി വിപണിയിൽ കുരുമുളക് വിലയിൽ ഇന്ന് മാറ്റമില്ല.