image

30 Oct 2023 12:26 PM GMT

Commodity

താരമാകാന്‍ വെളിച്ചെണ്ണ; വില ഇടിയാതെ കുരുമുളക്

Kochi Bureau

commodities market rate 30 10
X

Summary

  • ഉത്സവ ദിനങ്ങള്‍ വരെ വെളിച്ചെണ്ണ വിപണി മികവ് നിലനിര്‍ത്താം.
  • കേന്ദ്ര എജന്‍സി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കൊപ്ര സംഭരണം തുടരുന്നു


ദീപാവലി ആഘോഷങ്ങള്‍ക്ക് രാജ്യം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കവേ ഭക്ഷ്യയെണ്ണ വിപണികളെല്ലാം ചൂടുപിടിക്കുകയാണ്. വില്‍പ്പനയില്‍ പാം ഓയിലും സൂര്യകാന്തിയും കടുകെണ്ണയും ഏറെ മുന്നിലാണെങ്കിലും ഉത്സവ ഡിമാന്റില്‍ നമ്മുടെ വെളിച്ചെണ്ണയും പ്രദേശിക വിപണികളില്‍ തരമായി മാറുമെന്നാണ് വിലയിരുത്തുന്നത്. പിന്നിട്ടവാരം വെളിച്ചെണ്ണ വില ലിറ്ററിന് നാല് രൂപ ഉയര്‍ന്നപ്പോള്‍ കൊപ്ര കിലോ ഗ്രാമിന് നാല് രൂപ മുന്നേറി. കൊച്ചി മൊത്ത വിപണിയില്‍ ചുരുങ്ങിയ ദിവസങ്ങളില്‍ എണ്ണ വില ക്വിന്റ്റലിന് 900 രൂപ വര്‍ധിച്ച് 13,600 രൂപയായി. അതേ സമയം ദീപാവലി ആവശ്യങ്ങള്‍ക്ക് വ്യാപാരികള്‍ പാം ഓയിലേയ്ക്ക് ശ്രദ്ധതിരിച്ചതോടെ നിരക്ക് 9300 രൂപയായി. നവംമ്പര്‍ 12 നാണ് ദീപാവലി. ഉത്സവ ദിനങ്ങള്‍ വരെ വെളിച്ചെണ്ണ വിപണി മികവ് നിലനിര്‍ത്താം. ഇതിനിടയില്‍ കേന്ദ്ര എജന്‍സി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കൊപ്ര സംഭരണം തുടരുന്നത് ഉത്പാദകര്‍ക്ക് താങ്ങ് പകരുന്നുണ്ട്.

വില ഇടിയാതെ കുരുമുളക്

കുരുമുളക് വിലയില്‍ പിന്നിട്ടവാരം മാറ്റം അനുഭവപ്പെട്ടില്ല. ഉത്തരേന്ത്യന്‍ ഡിമാന്റ് മങ്ങിയെന്ന് ഒരു വിഭാഗം വ്യാപാരികള്‍ അവകാശപ്പെടുമ്പോഴും ഉല്‍പന്ന വില ഇടിഞ്ഞില്ലെന്നത് ഏറെ ശ്രദ്ധേയമായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ വില ഇടിച്ച് ചരക്ക് കൈക്കലാക്കാന്‍ അന്തര്‍സംസ്ഥാനണ വാങ്ങലുകാര്‍ നീക്കം നടത്താറുണ്ടെങ്കിലും ചരക്ക് ഇറക്കാന്‍ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും തയ്യാറായില്ല, ഇത് കുരുമുളകിന് താങ്ങ് പകര്‍ന്നു. അതേ സമയം കൊച്ചി വിലയിലും താഴ്ന്ന നിരക്കില്‍ ഇറക്കുമതി മുളക് ഉത്തരേന്ത്യയില്‍ ലഭ്യമെന്ന് വിപണി വൃത്തങ്ങള്‍, എന്നാല്‍ വിദേശ ചരക്ക് ഗുണനിലവാരത്തില്‍ ഏറെ പിന്നിലാണ്. കൊച്ചിയില്‍ കുരുമുളക് വില 60,200 രൂപ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ടണ്ണിന് 7700 ഡോളറാണ് മലബാര്‍ മുളക് വില.

ദീപാവലി മുന്നില്‍ കണ്ട് ഏലം

നെടുക്കണ്ടത്ത് രാവിലെ നടന്ന ഏലക്ക ലേലത്തില്‍ 62,704 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 52,482 കിലോയും വിറ്റഴിഞ്ഞു. ദീപാവലി ഡിമാന്റ് മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണമാണ് പുരോഗമിക്കുന്നത്. മികച്ചയിനങ്ങള്‍ കിലോ 1959 രൂപയിലും ശരാശരി ഇനങ്ങള്‍ 1460 രൂപയിലും ഇടപാടുകള്‍ നടന്നു.