22 Nov 2023 11:50 AM GMT
Summary
- ലേലത്തില്‍ ഉല്‍പ്പന്ന വില ഉയരാത്തത് ഏലം കര്‍ഷകര്‍ക്ക് നഷ്ട കച്ചവടമാകുന്നു
ഏലം കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്തകള്‍ പുറത്തുവരുന്നു. ഉല്‍പാദകര്‍ ലേലത്തിന് ഇറക്കുന്ന ഏലക്കയുടെ പണം പത്ത് ദിവസത്തിനകം കൈമാറണമെന്ന നിബന്ധ പുറത്തുവന്നു. നിലവില്‍ ലേലത്തില്‍ ചരക്ക് എടുക്കുന്നവര്‍ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ തുക കൈമാറാന്‍ ആഴ്ച്ചകള്‍ തന്നെ വൈകുന്ന അവസ്ഥയാണ്. ഇത് മൂലം കാര്‍ഷിക മേഖലയും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഉയര്‍ന്ന കാര്‍ഷിക ചിലവുകള്‍ മാത്രമല്ല, ഏലക്ക വിളവെടുപ്പിന് ശേഷമുള്ള ഏലക്ക സംസ്‌കരണത്തിനും മറ്റും വരുന്ന ഭാരിച്ച ചിലവുകള്‍ വന്നുചേരുന്നു. ഇതിനിടയില്‍ ലേലത്തില്‍ ഉല്‍പ്പന്ന വില ഉയരാത്തതും കര്‍ഷകര്‍ക്ക് ഇത് നഷ്ട കച്ചവടമാകുന്നു. ആഭ്യന്തര വിപണികളിലും വിദേശ രാജ്യങ്ങളിലും ഏലത്തിനുള്ള ഡിമാന്റ് കണക്കിലെടുത്താല്‍ കൂടുതല്‍ ആകര്‍ഷകമായ വില ഉറപ്പ് വരുത്തേണ്ട സാഹചര്യമാണ്. തേക്കടിയില്‍ നടന്ന ലേലത്തില്‍ 60,202 കിലോ ചരക്ക് വന്നതില്‍ 59,331 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങള്‍ കിലോ 2032 രൂപയില്‍ ലേലം കൊണ്ടു.
പച്ച നാളികേരത്തെ തുണച്ച് മണ്ഡലകാലം
വിപണിയില്‍ പച്ചതേങ്ങയ്ക്ക് ആവശ്യം ഉയര്‍ന്നെങ്കിലും അതിന് ഒത്ത് വെളിച്ചെണ്ണയും കൊപ്രയും ചൂടുപിടിച്ചില്ല. മണ്ഡല കാലമായതിനാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചതേങ്ങ വില്‍പ്പന മാസത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ ഇരട്ടിക്കുന്ന അവസ്ഥയാണ്. തീര്‍ത്ഥാടത്തിന് ഒരുങ്ങുന്ന അയ്യപ്പന്‍മാര്‍ നാലും, അഞ്ചും നാളികേരം വീതം കരുതുന്നതിനാല്‍ വിപണികളില്‍ തേങ്ങയ്ക്ക് ഡിമാന്റ് ഉയര്‍ന്നു. ഇതിനിടയില്‍ തെക്കന്‍ കേരളത്തില്‍ വിളവെടുപ്പിനും ഉല്‍പാദകര്‍ നീക്കം നടത്തി. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലും അയ്യപ്പന്മാരില്‍ നിന്നുള്ള ഡിമാന്റില്‍ നാളികേര വ്യാപാര രംഗം സജീവമായി. കേരളത്തിലെ വിപണികളില്‍ വെളിച്ചെണ്ണ വില സ്റ്റെഡിയാണ്.
വിലയില്‍ മാറ്റമില്ലാതെ കുരുമുളക്
കേരളത്തില്‍ കുരുമുളക് വില പിന്നിട്ട ഏതാനും ദിവസങ്ങളായി മാറ്റമില്ല. ഉത്തരേന്ത്യന്‍ ഡിമാന്റ് മങ്ങിയെന്ന് ഒരു വിഭാഗം വ്യാപാരികള്‍ അവകാശപ്പെടുമ്പോഴും വിപണിയില്‍ ഉല്‍പ്പന്ന വരവ് ചുരുങ്ങിയതിനാല്‍ വില ഇടിക്കാന്‍ വാങ്ങലുകാര്‍ക്കായില്ല. അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ ക്രിസ്മസ് അവധി ദിനങ്ങളിലെ ഡിമാന്റ് മുന്നില്‍ കണ്ട് ചരക്ക് സംഭരണത്തിന് നീക്കം നടത്തുകയാണ് അതേ സമയം കുരുമുളക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ കര്‍ഷകര്‍ ഉത്സഹിച്ചില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 59,800 രൂപ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 7600 ഡോളറാണ്.