image

22 Jan 2025 12:03 PM GMT

Commodity

കൊക്കോ വില താഴേക്ക്; പ്രതീക്ഷയിൽ റബർ വിപണി

MyFin Desk

കൊക്കോ വില താഴേക്ക്; പ്രതീക്ഷയിൽ റബർ വിപണി
X

സംസ്ഥാനത്തെ പ്രമുഖ വിപണികളിൽ റബർ ക്ഷാമം രൂക്ഷമാകുമെന്ന വിലയിരുത്തലുകൾ ടയർ നിർമ്മാതാക്കളെ അസ്വസ്തരാക്കുന്നു, ജനുവരിയിലെ പകൽ താപനില പതിവിൽ നിന്നും വിത്യസ്ഥമായി ഇന്നും നാളെയും മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന കാലാവസ്ഥ വിഭാഗത്തിൻെറ പ്രവചനങ്ങൾ വ്യവസായികളിൽ ആശങ്കജനിപ്പിച്ചു. പലഭാഗങ്ങളിലും കർഷകർ റബർ വെട്ട് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. ചൂട് കനത്തതോടെ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത കുറയുന്നത് കണക്കിലെടുത്താൽ അടുത്ത മാസം റബർ ടാപ്പിങ് പൂർണമായിസ്തംഭിക്കാനുള്ള സാധ്യതകളും കാർഷിക മേഖല മുന്നിൽ കാണുന്നു. കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും വിപണികളിലേയ്ക്ക് ആകർഷിക്കാൻ ടയർ കമ്പനികൾ ഇന്ന് നാലാം ഗ്രേഡ് റബർ വില 18,900 രൂപയിൽ നിന്നും 19,000 രൂപയാക്കി, ഒരു മുൻ നിരകമ്പനി 19,100 രൂപ വരെ വാഗ്ദാനം ചെയ്തുവെന്ന് വിപണി വൃത്തങ്ങൾ. ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഇന്ന് നിരക്ക് ചെറിയ തോതിൽ ഉയർന്നു. ബാങ്കോക്കിൽ ഷീറ്റ് വില 21,000 രൂപയായി കയറി, ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിലും റബർ നേട്ടത്തിൽ വ്യാപാരം നടന്നു.

കേരളത്തിൽ നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ലെങ്കിലും തമിഴ്നാട് വിപണിയിൽ ചെറിയ തോതിലുള്ള തിരുത്തലിനുള്ള സൂചനകൾ കണ്ട് തുടങ്ങി. ശബരിമല മണ്ഡലകാലം അവസാനിച്ചതിനാൽ നാളികേരത്തിൻറ ലഭ്യത ചെറുകിട വിപണികളിൽ ഉയർന്ന് തുടങ്ങുമെന്നാണ് കൊപ്രയാട്ട് വ്യവസായികളുടെ വിലയിരുത്തൽ.

ഏലക്ക ലേല കേന്ദ്രങ്ങളിൽ ലഭ്യത ഉയർന്നതോടെ ആഭ്യന്തര വ്യാപാരികളും കയറ്റുമതി സമൂഹവും പരമാവധി ചരക്ക് സംഭരിക്കുകയാണ്. ശരാശരി ഇനങ്ങൾ കിലോ 3012 രൂപയിലും മികച്ചയിനങ്ങൾ 3216 രൂപയിലും ഇന്ന് കൈമാറ്റം നടന്നു. മൊത്തം 60,267 കിലോ ഏലക്കയുടെ ലേലം നടന്നു.

കൊക്കോ വിലയിൽ കുറവ് കണ്ട് തുടങ്ങി. ഏതാണ്ട് ഒരുമാസമായികിലോ 740 – 760 രൂപയിൽ വിപണനം നടന്ന കൊക്കോവിലയിൽ കുറവ് അനുഭവപ്പെട്ടു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ താൽക്കാലികമായി നിരക്ക് അൽപ്പം കുറയാം. അന്താരാഷ്ട്രമാർക്കറ്റിൽ കൊക്കോ വില ഉയർന്നാണ് ഇടപാടുകൾ നടക്കുന്നത്.