image

2 Nov 2023 12:00 PM GMT

Commodity

കൊക്കോ മുന്നേറുന്നു, സമ്മര്‍ദ്ദത്തില്‍ ഭക്ഷ്യയെണ്ണ

Kochi Bureau

commodities market rate 02 11
X

Summary

  • ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊക്കോ ഉല്‍പാദനത്തില്‍ ഇടിവ്
  • ലേലം പൊടിപൊടിച്ച് ഏലം


ആഗോള തലത്തില്‍ കൊക്കോ ക്ഷാമം രൂക്ഷമാകു മെന്ന സൂചന വന്‍ വിലക്കയറ്റത്തിന് വഴിതെളിക്കുന്നു. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊക്കോ ഉല്‍പാദനത്തിലുണ്ടായ കുറവ് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. കനത്ത മഴ കൊക്കോയില്‍ കറുത്ത പോട് രോഗം പൊട്ടിപുറപ്പെടാന്‍ ഇടയാക്കിയത് ഉല്‍പാദന രംഗത്ത് വന്‍ വിള്ളല്‍ സൃഷ്ടിച്ചു. ഉല്‍പാദന കേന്ദ്രങ്ങളില നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ ആഗോള ചോക്ലേറ്റ് നിര്‍മ്മാതാക്കളെ ഭീതിയിലാക്കി. കൊക്കോ ഉല്‍പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ആഫ്രിക്കയില്‍ മഴ തുടരുന്നത് കൊക്കോയുടെ ഗുണനിലവാരത്തെയും ബാധിക്കും.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൊക്കോ ഇതിനകം 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലേയ്ക്ക് പ്രവേശിച്ചു. ഉല്‍പന്ന അവധി വ്യാപാര രംഗത്തെ റെക്കോര്‍ഡ് കുതിപ്പ് ഡിസംബറോടെ ചോക്ലേറ്റ് വിലയിലും കുതിപ്പിന് സാധ്യത. കേരളത്തിലെ പ്രമുഖ വിപണികളില്‍ പച്ച കൊക്കോ കിലോഗ്രാമിന് 50 രൂപയില്‍ വിപണനം നടക്കുമ്പോള്‍ ഉണക്ക കൊക്കോ 210 രൂപയിലാണ് കൈമാറ്റം. അതേ സമയം ഹൈറേഞ്ച് ചരക്കിന് 235 രൂപ വരെ ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത മഴ കുറവായതിനാല്‍ ഇക്കുറി മികച്ചയിനം കൊക്കോ ഉല്‍പാദിപ്പിക്കാന്‍ നമ്മുടെ കര്‍ഷര്‍ക്കായി.

സമ്മര്‍ദ്ദത്തില്‍ ഭക്ഷ്യയെണ്ണ

ദക്ഷിണേന്ത്യന്‍ ഭക്ഷ്യയെണ്ണ വിപണികളില്‍ വില്‍പ്പന സമ്മര്‍ദ്ദം. ദീപാവലിക്ക് മുന്നേ സ്റ്റോക്ക് പരമാവധി വിറ്റുമാറാനുള്ള ശ്രമത്തിലാണ് വിദേശ പാചകയെണ്ണ ഇറക്കുമതി ലോബി. പാം ഓയില്‍, സൂര്യകാന്തി എണ്ണകളുടെ വന്‍ശേഖരമുള്ളവര്‍ എത് വിധേനയും ഉത്സവ ദിനങ്ങളില്‍ ചരക്ക് വിറ്റ് ബാധ്യതകളില്‍ നിന്നും മുക്തിനേടാനുള്ള നീക്കത്തിലാണ്. പിന്നിട്ട മൂന്ന് മാസങ്ങളില്‍ ഇറക്കുമതിയിലുണ്ടായ ഗണ്യമായ വര്‍ധനയാണ് സ്റ്റോക്ക് വിറ്റഴിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്. ഇതിനിടയില്‍ വെളിച്ചെണ്ണയ്ക്ക് തിരിച്ചടി നേരിടുമോയെന്ന ഭീതിയില്‍ കൊപ്രയാട്ട് മില്ലുകാരും വില്‍പ്പനക്കാരായി. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള കൊപ്ര നീക്കം ഇതിനിടയില്‍ ശക്തമായാല്‍ അത് വെളിച്ചെണ്ണയെ ബാധിക്കുമെന്ന ആശങ്കയും മില്ലുകാരിലുണ്ട്.

ഏലക്ക മുന്നോട്ട്

നവംബറിലെ ആദ്യ ഏലക്ക ലേലത്തില്‍ ചരക്ക് പ്രവാഹം. ഒറ്റ ദിവസം രണ്ട് ലേലങ്ങളിലായി മൊത്തം 1,36,000 കിലോഗ്രാം ഏലക്കയാണ് കാര്‍ഷിക മേഖല വില്‍പ്പനയ്ക്ക് ഒരുക്കിയത്. ഈ സീസണില്‍ ഇത്രയേറെ ചരക്ക് ഒറ്റദിവസം ഇറങ്ങുന്നതും ആദ്യം. ദീപാവലി പടിവാതുക്കല്‍ എത്തി നില്‍ക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നു.