8 May 2024 12:04 PM
Summary
- കിലോ 1070 രൂപയില്‍ നിന്നും കൊക്കോ വില രണ്ട് ദിവസം കൊണ്ട് 660 രൂപയായി ഇടിഞ്ഞു
- അന്താരാഷ്ട്ര വിപണിയിലും കൊക്കോ വിലക്ക് ഇടിവ്
വിലക്കയറ്റത്തിന്റെ ആവേശത്തില്‍ തിളച്ച് മറിഞ്ഞ കൊക്കോ വിലയില്‍ പെടുന്നനെ തകര്‍ച്ച. ഹൈറേഞ്ചിലെ മുഖ്യ വിപണികളില്‍ രണ്ട് ദിവസത്തിനിടയില്‍ ഉല്‍പ്പന്ന വില കുത്തനെ ഇടിഞ്ഞു. കൊക്കോയുടെ വില ഇടിവ് കാര്‍ഷിക മേഖലയില്‍ പരിഭ്രാന്തി ഉളവാക്കി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ അഞ്ച് കിലോ വരെ ചരക്ക് നിത്യേനെ വില്‍പ്പനയ്ക്ക് ഇറക്കാന്‍ ഉത്സാഹിച്ചു. കിലോ 1070 രൂപയില്‍ നിന്നും കൊക്കോ വില രണ്ട് ദിവസം കൊണ്ട് 660 രൂപയായി ഇടിഞ്ഞു. ഒരു ബഹുരാഷ്ട്ര കമ്പനി നിരക്ക് താഴ്ത്തി രേഖപ്പെടുത്തുന്നത് കണക്കിലെടുത്താല്‍ ചാഞ്ചാട്ട സാധ്യത. അന്താരാഷ്ട്ര വിപണിയിലും കൊക്കോ വിലയില്‍ ഇടിവ് സംഭവിച്ചു, ടണ്ണിന് 8500 ഡോളറായി.
റബര്‍ വിലയില്‍ മുന്നേറ്റം പ്രതീക്ഷിച്ച് സ്റ്റോക്കിസ്റ്റുകള്‍ വിപണിയിലെ ഓരോ ചലനങ്ങളെയും വീക്ഷിക്കുന്നു. മഴയ്ക്ക് മുന്നേ കൈവശമുള്ള ഷീറ്റ് വിറ്റുമാറാനുള്ള തയ്യാറെടുപ്പിലാണ് മദ്ധ്യവര്‍ത്തികള്‍. ടയര്‍ കമ്പനികള്‍ കിലോ 181 രൂപ വരെ നാലാം ഗ്രേഡിന് വാഗ്ദാനം ചെയ്തു. ചെറുകിട വ്യവസായികള്‍ ലാറ്റക്‌സ് കിലോ 120 രൂപയ്ക്ക് ശേഖരിച്ചെങ്കിലും ടാപ്പിങ് രംഗത്തെ സ്തംഭനം മൂലം വില്‍പ്പനക്കാര്‍ കുറവാണ്.
ഇടുക്കിയില്‍ നടന്ന ഏലക്ക ലേലത്തില്‍ അരലക്ഷം കിലോയ്ക്ക് മുകളില്‍ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ ഏറിയ പങ്കും കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ശേഖരിച്ചു. 50,285 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 50,063 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2006 രൂപയിലും മികച്ചയിനങ്ങള്‍ 2677 രൂപയിലും ലേലം നടന്നു.