image

19 Jan 2024 12:22 PM GMT

Commodity

അവസാന ലാപ്പിലേക്കടുത്ത് ഏലം; നിരക്ക് താഴ്ത്തി കുരുമുളക്

Kochi Bureau

commodities market rate 19 01 24
X

Summary

  • റബര്‍ നിരക്ക് താഴ്ത്തി ഇന്ത്യന്‍ വിപണി
  • കരുതല്‍ ശേഖരണത്തിലേക്ക് നീങ്ങി ഏലം
  • കൊച്ചിയില് കുരുമുളക് വരവ് കുറഞ്ഞു


അന്തരീക്ഷ താപനില ചുരുങ്ങിയ ദിവസങ്ങളില്‍ ഉയര്‍ന്നത് ഒട്ടുമിക്ക തോട്ടങ്ങളിലും കുരുമുളക് മണികള്‍ പതിവിലും അല്‍പ്പം നേരത്തെ മൂത്ത് വിളയാന്‍ അവസരം ഒരുക്കുന്നു. ചെറുകിട കര്‍ഷകര്‍ ഇതിനകം തന്നെ തോട്ടങ്ങളില്‍ സജീവമായി. മുളക് മണികള്‍ പറിച്ച് ഉണക്കാനുള്ള നീക്കങ്ങളുമായി കാര്‍ഷിക മേഖല ഇനിയുള്ള ദിവസങ്ങളില്‍ തിരക്കിലാവും. വിളവെടുപ്പ് രംഗത്തെ ചലനങ്ങള്‍ കണ്ട് ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ നിരക്ക് രണ്ട് ദിവസത്തിനിടയില്‍ ക്വിന്റ്റലിന് 300 രൂപ താഴ്ത്തി. കൊച്ചിയില്‍ കുരുമുളക് വരവ് കുറഞ്ഞ അളവിലാണ്. അണ്‍ ഗാര്‍ബിള്‍ഡ് കിലോ 58,700 രൂപ.

ഏലം

ഉല്‍പാദന മേഖലയില്‍ രണ്ട് ലേലങ്ങളിലായി ഏകദേശം 80,000 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. സീസണ്‍ അവസാനഘട്ടത്തിലേയ്ക്ക് അടുക്കുന്നതിനാല്‍ ഉല്‍പാദകര്‍ പുതിയ ചരക്ക് കരുതല്‍ ശേഖരത്തിലേയ്ക്ക് നീക്കുന്നുണ്ട്. എന്നാല്‍ റീ പുളിങ് ഇപ്പോഴും സജീവമെന്ന നിലപാടിലാണ് കാര്‍ഷിക മേഖല. നേരത്തെ കച്ചവടം ഉറപ്പിച്ച ചരക്ക് വീണ്ടും ലേലത്തിന് ഇറങ്ങുന്നത് വിലക്കയറ്റ സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നു. എന്നാല്‍ ഇത്തരം ഇടപാടുകള്‍ ലേല കേന്ദ്രങ്ങളില്‍ സംഭവിക്കുന്നുണ്ടോയെന്ന കാര്യത്തിലെ അവ്യക്തത നിലനില്‍ക്കുകയാണ്.

റബര്‍

വര്‍ഷാന്ത്യം ചൈനീസ് വ്യവസായിക മേഖലയിലെ ഉണര്‍വ് സാമ്പത്തിക രംഗം കരുത്ത് നേടാന്‍ അവസരം ഒരുക്കുമെന്ന സൂചനകള്‍ ഏഷ്യന്‍ റബര്‍ വിപണികള്‍ക്ക് അനുകൂലമാണ്. ജാപ്പനീസ് എക്സ്ചേഞ്ചില്‍ നവംബറിന് ശേഷമുള്ള ഏറ്റവും മികച്ച നിലവാരത്തിലേയ്ക്ക് റബര്‍ ചുവടുവെച്ചത് സിംഗപ്പുര്‍, ചൈനീസ് വിപണികളില്‍ നിക്ഷേപകരെ ആകര്‍ഷിച്ചു. അതേ സമയം ഇന്ത്യന്‍ ടയര്‍ വ്യവസായികള്‍ വിപണിയുടെ മുന്നേറ്റം തടയാന്‍ നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കി. കൊച്ചി, കോട്ടയം വിപണികളില്‍ ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡ് 16,000 നാണ് ശേഖരിച്ചത്.