image

1 Oct 2024 12:18 PM GMT

Commodity

പൊന്നുംവിലയിലേക്ക് ഏലക്ക; കൊപ്ര വിലയില്‍ തിരുത്തല്‍

MyFin Desk

പൊന്നുംവിലയിലേക്ക് ഏലക്ക;  കൊപ്ര വിലയില്‍ തിരുത്തല്‍
X

Summary

  • ചൈനയിലെ ദേശീയ അവധി റബര്‍ വിപണിയെ ബാധിക്കും
  • സെപ്റ്റംബറിലെ അവസാനലേലത്തിന് എത്തിയത് ഒന്നരലക്ഷം കിലോ ഏലക്ക


രാജ്യാന്തര റബര്‍ വിപണി ഹോളിഡേ മൂഡില്‍. ചൈനയില്‍ ഒരാഴ്ച്ച നീളുന്ന ദേശീയ അവധിമൂലം മാര്‍ക്കറ്റുകള്‍ നിശ്ചമായി. ബെയ്ജിംഗില്‍ നിന്നുള്ള വ്യവസായികളുടെ പിന്‍മാറ്റം ഏഷ്യന്‍ റബറിനെ ബാധിക്കും. സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചില്‍ റബര്‍ 202 ഡോളറില്‍ നിന്നും 218 ലേയ്ക്ക് ഉയര്‍ന്നത് വരുംദിനങ്ങളില്‍ കൂടുതല്‍ മികവ് പകരാം. കേരളത്തില്‍ അനുകൂല കാലാവസ്ഥയായതിനാല്‍ കര്‍ഷകര്‍ ഉല്‍പാദനം പ്രരമാവധി ഉയര്‍ത്താന്‍ മുന്നോട്ട് വരേണ്ട സന്ദര്‍ഭമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉല്‍പാദകര്‍ എട്ടരലക്ഷം ടണ്‍ റബര്‍ വിപണിയില്‍ ഇറക്കി. എന്നാല്‍ പിന്നീടുണ്ടായ കാലാവസ്ഥമാറ്റം ടാപ്പിങിനെ ബാധിച്ചതിനാല്‍ നടപ്പ് വര്‍ഷം ഉല്‍പാദനം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ ഇടയില്ല. നാലാംഗ്രേഡ് കിലോ 224 രൂപ.

മലനിരകളില്‍ ഏലം വിളവെടുപ്പ് ഊര്‍ജിതമായതോടെ സെപ്റ്റംബറിലെ അവസാനലേലത്തിന് ഇറങ്ങിയത് ഒന്നരലക്ഷം കിലോചരക്കാണ്. ആഭ്യന്തരവാങ്ങലുകാര്‍ക്ക് ഒപ്പം കയറ്റുമതി സമൂഹവും ഏലക്ക സംഭരണത്തിന് കാണിച്ച ഉത്സാഹം ശരാശരി ഇനങ്ങളെ കിലോ 2350 രൂപയായും മികച്ചയിനങ്ങളെ 2944 രൂപയായും ഉയര്‍ത്തി. മൊത്തം 1,52,032 കിലോഗ്രാം ഏലക്കയുടെ ലേലംനടന്നു. ഈ മാസം ലേലകേന്ദ്രങ്ങള്‍ ഏലക്ക ലഭ്യത ഉയരും.

ഉത്സവ ഡിമാന്റിനിടയില്‍ കുതിച്ചുകയറിയ കൊപ്രവിലയില്‍ തിരുത്തല്‍ അനുഭവപ്പെട്ട് തുടങ്ങി. തമിഴ്‌നാട്ടിലെ ഉല്‍പാദന കേന്ദ്രങ്ങള്‍ വാങ്ങല്‍ താല്‍പര്യം ചുരുങ്ങിയതിനിടയില്‍ കൊപ്ര വിറ്റുമാറാന്‍ സ്റ്റോക്കിസ്റ്റുകള്‍ കാണിച്ച തിടുക്കം മൂലം വില 13,700 ല്‍ നിന്നും 12,900 ലേയ്ക്ക് ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യയിലെ മറ്റ് വിപണികളിലും ദൃശ്യമായി.

കുരുമുളക് രണ്ടാഴ്ച്ച നീണ്ട വില ഇടിവിന് ശേഷം സ്ഥിരത കൈവരിക്കുന്നു. ദീപാവലി മുന്നില്‍ കണ്ടുള്ള ഉത്തരേന്ത്യന്‍ വാങ്ങല്‍ തളര്‍ച്ചയെ മറികടക്കാന്‍ ഉപകരിച്ചു, കാര്‍ഷികമേഖലയില്‍ നിന്നുള്ള നാടന്‍ മുളക് നീക്കം കുറഞ്ഞ അളവിലാണ്. ഓഫ് സീസണായതിനാല്‍ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 645രൂപയായി ഉയര്‍ന്നു.