image

10 Feb 2025 12:05 PM

Commodity

ഏലയ്ക്ക വില മൂവായിരത്തിന് മുകളിലേക്ക്; പ്രതീക്ഷയില്‍ കുരുമുളക് കര്‍ഷകര്‍

MyFin Desk

ഏലയ്ക്ക വില മൂവായിരത്തിന് മുകളിലേക്ക്;  പ്രതീക്ഷയില്‍ കുരുമുളക് കര്‍ഷകര്‍
X

Summary

  • മുളക് വിലയില്‍ വന്‍ കുതിച്ചു ചാട്ടം പ്രതീക്ഷിച്ച് കര്‍ഷകര്‍
  • കനത്ത ചൂടില്‍ റബര്‍ കര്‍ഷകര്‍ വലയുന്നു


സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പകല്‍ താപനില ഗണ്യമായി ഉയര്‍ന്നതുകാരണം ഒട്ടുമിക്ക ഭാഗങ്ങളിലും റബര്‍ ടാപ്പിങ് സ്തംഭിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പുതിയ കുരുമുളക് വില്‍പ്പനയ്ക്ക് എത്തി തുടങ്ങി. ഏലക്ക വില 3000 രൂപയ്ക്ക് മുകളില്‍ എത്തി.

കൊച്ചി വിപണിയില്‍ നാലാം ഗ്രേഡ് റബറിന് 19,000 രൂപയിലും അഞ്ചാം ഗ്രേഡ് 18,700 രൂപയിലും വിപണനം നടന്നു. ലാറ്റക്‌സ് 12,800 രൂപയ്ക്ക് ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ ശേഖരിച്ചു.

ജപ്പാനിലെ വിപണിയില്‍ പിന്നിട്ടവാരം റബറിന് അഞ്ച് ശതമാനം വില ഇടിവ് സംഭവിച്ചതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് നിരക്ക് വീണ്ടും താഴ്ന്നിട്ടും ടയര്‍ വ്യവസായികള്‍ ചരക്കില്‍ താല്‍പര്യം കാണിച്ചിട്ടില്ല. ബാങ്കോക്കില്‍ മൂന്നാം ഗ്രേഡ് 20,330 രൂപയില്‍ വിപണനം നടന്നു.

ഹൈറേഞ്ചില്‍ നിന്നും മറ്റ് ഭാഗങ്ങളില്‍ നിന്നും പുതിയ കുരുമുളക് വില്‍പ്പനയ്ക്ക് എത്തി തുടങ്ങി. പ്രതികൂല കാലാവസ്ഥയില്‍ ഉല്‍പാദനം ചുരുങ്ങുമെന്ന് വ്യക്തമായതിനാല്‍ വന്‍കിട കര്‍ഷകര്‍ പുതിയ മുളക് കരുതല്‍ ശേഖരത്തിലേയ്ക്ക് നീക്കാന്‍ ഉത്സാഹിക്കുന്നു. വിളവ് കുറവാണെങ്കിലും ഉയര്‍ന്ന കാര്‍ഷിക ചിലവുകളും ബാങ്ക് വായ്പ തിരിച്ചടവുകളും മുന്‍ നിര്‍ത്തി ചെറുകിട കര്‍ഷകര്‍ ആദ്യ ചരക്ക് വിപണിയില്‍ ഇറക്കാന്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ വിലയെ അപേക്ഷിച്ച് അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റ്റലിന് 10,000 രൂപ ഉയര്‍ന്ന് 65,500 രൂപയില്‍ നീങ്ങുന്നതും കര്‍ഷകരുടെ ശ്രദ്ധ മാര്‍ക്കറ്റിലേയ്ക്ക് തിരിയാന്‍ ഇടയാക്കി. പ്രതികൂല കാലാവസ്ഥ വിളവ് ചുരുങ്ങിയ സാഹചര്യത്തില്‍ ഓഫ് സീസണില്‍ മുളക് വിലയില്‍ വന്‍ കുതിച്ചു ചാട്ടം തോട്ടം മേഖല പ്രതീക്ഷിക്കുന്നു. കൊച്ചിയില്‍ മുളക് 65,500 രൂപയില്‍ വ്യാപാരം നടന്നു.

ഏലക്ക വില തുടര്‍ച്ചയായ പതിനഞ്ച് ലേലങ്ങള്‍ക്ക് ശേഷം ഏറെ നിര്‍ണായകമായ 3000 രൂപയ്ക്ക് മുകളില്‍ ഇടം കണ്ടെത്തി. താപനില ഉയരുന്നതിനാല്‍ ഏലതോട്ടങ്ങളില്‍ നിന്നും കര്‍ഷകര്‍ പിന്നോക്കം വലിയുന്നത് നിരക്ക് ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ വാങ്ങലുകരെ പ്രേരിപ്പിക്കാം. ശരാശരി ഇനങ്ങള്‍ കിലോ 3047 രൂപയിലും മികച്ചയിനങ്ങള്‍ 3261 രൂപയിലും ഇടപാടുകള്‍ നടന്നു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേല കേന്ദ്രങ്ങളില്‍ സജീവമാണ്. ഇന്ന് നടന്ന ലേലത്തില്‍ മൊത്തം 33,017 കിലോ ഏലക്കയുടെ വില്‍പ്പന നടന്നു.