3 May 2024 12:11 PM GMT
Summary
- വില ഉയരുമെന്ന് പ്രതീക്ഷ, കുരുമുളക് വരവ് കുറഞ്ഞു
- ഏലക്ക മികച്ചയിനം കിലോ 3353 രൂപ വരെയെത്തി
- കനത്ത ചൂടില്‍ ഏലചെടികള്‍ കരിയുന്നു
കുരുമുളക് വില കിലോ 600 രൂപയെ ലക്ഷ്യമാക്കി മുന്നേറുന്നതായുള്ള കാര്‍ഷിക മേഖലയുടെ വിലയിരുത്തല്‍ മൂലം വിപണികളിലേയ്ക്കുള്ള ചരക്ക് വരവ് ചുരുങ്ങി. വന്‍ വില മുന്നില്‍ കണ്ട് ഇടനിലക്കാരും വില്‍പ്പന ചുരുക്കിയതോടെ വാങ്ങലുകാര്‍ ദിനംപ്രതി വില ഉയര്‍ത്തുകയാണെങ്കിലും പല അവസരത്തിലും ആവശ്യാനുസരണം ചരക്ക് സംഭരിക്കാനാവുന്നില്ല.
ആഗോള കുരുമുളക് ഉല്‍പാദനത്തിലെ കുറവ് രാജ്യാന്തര തലത്തില്‍ ഉല്‍പ്പന്നത്തിന്റെ മുന്നേറ്റത്തിന് വേഗത പകരാന്‍ ഇടയുണ്ട്. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത വരള്‍ച്ചയില്‍ കുരുമുളക് കൊടികള്‍ കരിഞ്ഞ് ഉണങ്ങുന്നത് അടുത്ത വര്‍ഷത്തെ വിളയെയും ബാധിക്കുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
തമിഴ്‌നാട്ടില്‍ നാളികേര വിളവെടുപ്പ് ഊര്‍ജിതമായി. കഴിഞ്ഞ മാസം തുടക്കം കുറിച്ച വിളവെടുപ്പ് രംഗം തെരഞ്ഞടുപ്പിന് ശേഷമാണ് സജീവമായത്. ലഭ്യത ഉയര്‍ന്നതോടെ കൊപ്ര വില 9900 ല്‍ നിന്നും 9800 ലേയ്ക്ക് കാങ്കയത്ത് ഇടിഞ്ഞു. വിപണി 10,000 ലേയ്ക്ക് പ്രവേശിക്കുമെന്ന അയല്‍ സംസ്ഥാനങ്ങളിലെ നാളികേര കര്‍ഷകര്‍ കണക്ക് കൂട്ടിയതിനിടയില്‍ വ്യവസായിക ഡിമാന്റ് മങ്ങിയത് പച്ചതേങ്ങയ്ക്കും തിരിച്ചടിയായി. മില്ലുകളില്‍ നിന്നും കൂടുതല്‍ എണ്ണ ഇറങ്ങിയത് വെളിച്ചെണ്ണ വിലയെയും ബാധിച്ചു. അതേ സമയം കേരളത്തില്‍ നാളികേരോല്‍പ്പന്നങ്ങള്‍ സ്റ്റെഡി നിലവാരത്തില്‍ നീങ്ങി.
വണ്ടന്‍മേട്ടില്‍ നടന്ന ഏലക്ക ലേലത്തില്‍ ഉല്‍പ്പന്ന വിലയില്‍ മുന്നേറ്റം ദൃശ്യമായി, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാങ്ങലുകാര്‍ ചരക്ക് സംഭരണത്തിന് കാണിച്ച ഉത്സാഹം മികച്ചയിനങ്ങളെ കിലോ 3353 രൂപ വരെ ഉയര്‍ത്തി. ശരാശരി ഇനങ്ങള്‍ 2121 രൂപയിലും ഇടപാടുകള്‍ നടന്നു. മൊത്തം 82,945 കിലോ എലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 78,860 കിലോയും വിറ്റഴിഞ്ഞു, കനത്ത ചൂടില്‍ ഏലചെടികള്‍ കരിഞ്ഞ് ഉണങ്ങുന്നത് അടുത്ത വിളവിനെ ബാധിക്കുമെന്ന് വ്യക്തമായത് ഏലത്തിന് ഡിമാന്റ് ഉയര്‍ത്തി.