image

24 Dec 2024 12:21 PM GMT

Commodity

ഡിമാന്‍ഡ് വര്‍ധിച്ച് ഏലം; ഇടിഞ്ഞ് കുരുമുളക് വില

MyFin Desk

ഡിമാന്‍ഡ് വര്‍ധിച്ച് ഏലം;   ഇടിഞ്ഞ് കുരുമുളക് വില
X

Summary

നാളികേരവില വീണ്ടും ഉയര്‍ന്നു


ഉല്‍പാദന മേഖല ക്രിസ്തുമസിലേയ്ക്ക് ശ്രദ്ധ തിരിച്ചതിനാല്‍ പ്രമുഖ വിപണികളിലേയ്ക്കുള്ള ഉല്‍പ്പന്നനീക്കത്തില്‍ ഗണ്യമായ കുറവ്. മുന്നിലുള്ള ദിവസങ്ങളിലും കാര്‍ഷിക മേഖല ഉത്സവലഹരിയില്‍ അമര്‍ന്ന് നില്‍ക്കാനുള്ള സാധ്യതകള്‍ വിലയിരുത്തിയാല്‍ ഈ വാരം ചരക്ക് വരവ് ഉയരാന്‍ ഇടയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്കലേലത്തില്‍ ആകെ 31,349 കിലോചരക്ക് വന്നതില്‍ 30,975 കിലോയും വിറ്റുപോയി. കയറ്റുമതിക്കാരില്‍ നിന്നും ഉത്തരേന്ത്യന്‍ വാങ്ങലുകാരില്‍ നിന്നും ഏലത്തിന് ശക്തമായ ഡിമാന്റ് ദൃശ്യമായി. വലിപ്പം കൂടിയയിനങ്ങള്‍ കിലോ 3263 രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 2895 രൂപയിലും ലേലം കൊണ്ടു.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലെ തോട്ടങ്ങളിലും കുരുമുളക് കൊടികളില്‍ നിന്നും തിരികള്‍ അടരുന്നത് ഉല്‍പാദകരെ ആശങ്കയിലാക്കി. കാലാവസ്ഥ മാറ്റമാണോ, അതോ മറ്റ് എന്തെങ്കിലും രോഗ ലക്ഷണമാണോ ഇതിന് ഇടയാക്കിയതെന്ന് കര്‍ഷകര്‍ അന്വേഷിക്കുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. രാത്രി താപനില കുറയുന്നതും പകല്‍ ചൂട് വര്‍ദ്ധിക്കുന്നതും മൂലം പല കുരുമുളക് തോട്ടങ്ങളില്‍ പ്രതിസന്ധി ഉളവാക്കുന്നുതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 100 രൂപകുറഞ്ഞ് 63,200രൂപയായി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാളികേരവില വീണ്ടും ഉയര്‍ന്നു, വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയര്‍ന്നത് കണ്ട് തമിഴ്‌നാട്ടിലെ വന്‍കിടമില്ലുകാര്‍ എണ്ണവില ക്വിന്റലിന് 125 രൂപ ഉയര്‍ത്തി, ഇതിന്റെ ചുവട് പിടിച്ച് കൊച്ചിയില്‍ 100 രൂപയും കയറി. കേന്ദ്രം കൊപ്രയുടെ താങ്ങ് വിലഉയര്‍ത്തിയത് വരും മാസങ്ങളിലും മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കുമെന്ന നിലപാടിലാണ് ഉല്‍പാദകര്‍.

ജപ്പാന്‍ ഒസാക്ക എക്‌സ്‌ചേഞ്ചില്‍ റബര്‍ അവധിവിലകളില്‍ നേരിയ ചാഞ്ചാട്ടം അനുഭവപ്പെട്ടതിനിടയില്‍ മുഖ്യകയറ്റുമതി വിപണിയായ ബാങ്കോക്കില്‍ ഷീറ്റ് വില 19,676 രൂപയായി താഴ്ന്നു. കേരളത്തിലെ വിപണികളില്‍ നാലാം ഗ്രേഡ് ഷീറ്റ് കിലോ 18,700 രൂപയില്‍ വിപണനം നടന്നു.