image

2 Dec 2024 1:36 PM GMT

Commodity

വൻ കുതിപ്പിൽ കുരുമുളക്, റബർ വീണ്ടും ഉഷാർ

MyFin Desk

COMMODITY
X

കനത്ത മഴയിൽ സംസ്ഥാനത്തിൻറ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ ടാപ്പിങിന് വീണ്ടും തടസപ്പെട്ടതോടെ കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ ഷീറ്റിന് വിൽപ്പനക്കാർ കുറഞ്ഞത് വിലക്കയറ്റത്തിന് അവസരം ഒരുക്കി. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികളും ടയർ കമ്പനികളും രംഗത്തുണ്ടെങ്കിലും ആവശ്യാനുസരണം ചരക്ക് ലഭ്യമല്ലൊതെ വന്നതോടെ നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ ശ്രമം നടത്തി.ആർഎസ് എസ് നാലാംഗ്രേഡ് റബർ വില 19,400 രൂപയിൽ നിന്നും 19,700 വരെ ഉയർന്നെങ്കിലും വ്യാപാരാന്ത്യം 19,600 രൂപയിലാണ്. ഏഷ്യൻ റബർ അവധിവ്യാപാരത്തിലെമുന്നേറ്റം തുടരുന്നു, അതേസമയം ബാങ്കോക്കിൽ ഷീറ്റ് വില ഇന്ന് താഴ്ന്നു.

കുരുമുളകിനായി ഇറക്കുമതി രാജ്യങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിൽ പിടിമുറുക്കി. ഉൽപാദന രാജ്യങ്ങളിൽ നടപ്പ് വർഷം കുരുമുളക് ലഭ്യത ഉയരാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റതാണ് വാങ്ങൽ താൽപര്യം ശക്തമാക്കിയത്. യുറോപ്, ക്രിസ്തുമസ്- ന്യൂഇയർ അവധി ദിനങ്ങളിലേയ്ക്ക് തിരിയാൻ തയ്യാറെടുക്കുകയാണ്, ഉത്സവവേളയിൽ അവിടെ സുഗന്ധ വ്യഞ്ജനങ്ങൾക്ക് പതിവിലും ഡിമാൻറ്റ് ഉയരും. വിയെറ്റ്നാമിൽ ചരക്ക് ക്ഷാമം രൂക്ഷമാണ്,നവംബറിൽ ടണ്ണിന് 6500 ഡോളറിന് വിൽപ്പന നടത്തിയ അവരുടെ പുതിയ വില 7050 ഡോളറാണ്. അന്താരാഷ്ട്ര മാർക്കറ്റിലെ ഉണർവ് ഇന്ത്യൻ കുരുമുളക് വിലയിലും പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് ഉൽപാദകർ. മഴ കനത്തതോടെ വയനാട്ടിൽ നിന്നും ഹൈറേഞ്ചിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള ചരക്ക് വരവ് ചുരുങ്ങി. ഗാർബിൾഡ് മുളക് വില 300 രൂപവർദ്ധിച്ച് 65,200 രൂപയായി.

ഏലക്ക ലേലത്തിലെ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും സജീവം. ശരാശരി ഇനങ്ങളുടെ വില കിലോ ഗ്രാമിന് 3050 രൂപയായി കയറി. മികച്ചയിനങ്ങൾ 3306 രൂപയിലും വ്യാപാരം നടന്നു. മൊത്തം 44,299 കിലോ ഏലക്കയുടെ ലേലം നടന്നു.

കനത്ത മഴമൂലം തമിഴ്നാട്ടിൽ നാളികേരോൽപ്പന്നങ്ങൾക്ക് വിൽപ്പനക്കാരില്ല. മില്ലുകാരിൽ നിന്നും പച്ച തേങ്ങയ്ക്ക് ആവശ്യം ഉയർന്ന് നിൽക്കുകയാണ്, പ്രതികൂല കാലാവസ്ഥയിൽ കൊപ്ര സംഭരിക്കാൻ മില്ലുകാർക്കായില്ല. വൻകിട തോട്ടങ്ങളിൽ നിന്നുള്ള ചരക്ക് നീക്കവും കുറവാണ്. മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരും.