image

2 May 2024 1:20 PM GMT

Commodity

ഏലക്ക ശേഖരണത്തിന് തിരക്ക്; കുരുമുളക് വില ഉയരുന്നു

MyFin Desk

ഏലക്ക ശേഖരണത്തിന് തിരക്ക്;  കുരുമുളക് വില ഉയരുന്നു
X

Summary

  • രാജ്യാന്തര വിപണിയില്‍ കുരുമുളകിന് ഡിമാന്റ് ഉയരുന്നു
  • റബറിന് വില ഉയര്‍ത്താന്‍ വ്യാപാരികള്‍ തയ്യാറാകുന്നില്ല


വേനലിന്റെ രൂക്ഷത മുന്‍ നിര്‍ത്തി ഉത്തരേന്ത്യന്‍ സ്റ്റോക്കിസ്റ്റുകളും കയറ്റുമതിക്കാരും കിട്ടാവുന്ന പരമാവധി ഏലക്ക ശേഖരിക്കാന്‍ ലേല കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടുന്നു. പുതിയ ഏലം സീസണിന് കാലതാമസം നേരിടുമെന്ന വിലയിരുത്തല്‍ ചരക്ക് സംഭരണത്തിന് ഇടപാടുകാരെ പ്രേരിപ്പിരിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ നിന്നും ചരക്കിന് അന്വേഷണങ്ങള്‍ എത്തുന്നുണ്ടങ്കിലും വില ഒരു നിശ്ചിത റേഞ്ചില്‍ പിടിച്ചു നിര്‍ത്തിയുള്ള വാങ്ങലാണ് അവര്‍ നടത്തുന്നത്. അന്തര്‍സംസ്ഥാന വ്യാപാരികളും ലേലത്തില്‍ സജീവമായതിനാല്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഏലക്കയില്‍ ഭൂരിഭാഗവും ഇടപാടുകാര്‍ ശേഖരിക്കുന്നുണ്ട്. ഉല്‍പാദന മേഖലയില്‍ ഇന്ന് നടന്ന ലേലത്തിന് വന്ന 35,732 കിലോ ചരക്കില്‍ 33,193 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങള്‍ കിലോ 3006 രൂപയിലും ശരാശരി ഇനങ്ങള്‍ 1983 രൂപയിലും കൈമാറി.

രാജ്യാന്തര വിപണിയില്‍ കുരുമുളകിന് ഡിമാന്റ് ഉയരുന്നത് കണ്ട് ഉത്തരേന്ത്യയിലെ വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ചരക്ക് സംഭരണത്തിനുള്ള ശ്രമത്തിലാണ്. എന്നാല്‍ അവര്‍ക്ക് ആവശ്യമായ ചരക്ക് മുഖ്യ വിപണികളില്‍ നിന്നും കണ്ടത്താനാവുന്നില്ല. ആഗോള വിപണിയില്‍ മുളക് വില ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കുരുമുളകും മുന്നേറുമെന്ന് മനസിലാക്കി കര്‍ഷകര്‍ ചരക്ക് ഇറക്കുന്നില്ല. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 592 രൂപയിലെത്തി.

മധ്യകേരളത്തിലെ പ്രമുഖ റബര്‍ വിപണികളില്‍ ഷീറ്റിന് വില്‍പ്പനക്കാരില്ലാത്ത അവസ്ഥയാണ്. ടാപ്പിങ് സ്തംഭിച്ച് മൂന്ന് മാസം പിന്നിട്ടതോടെ റബറിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ടങ്കിലും അതിന് അനുസൃതമായി നിരക്ക് ഉയര്‍ത്താന്‍ വ്യവസായികള്‍ താല്‍പര്യം കാണിച്ചില്ല. നാലാം ഗ്രേഡ് കിലോ 181 രൂപയില്‍ വ്യാപാരം നടന്നു.