4 Feb 2025 12:25 PM GMT
ചൂട് കനത്തതോടെ റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകം. പ്രതികൂല കാലാവസ്ഥ മുൻ നിർത്തി സംസ്ഥാനത്തിൻറ പല ഭാഗങ്ങളിലും ഉൽപാദകർ ടാപ്പിങിൽ നിന്നും പിൻതിരിഞ്ഞു, ചില മേഖലകളിൽ ടാപ്പിങ് ആഴ്‌ച്ചയിൽ ഓന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമാണ് നടക്കുന്നത്. മഴയുടെ അഭാവം ഉയർന്ന താപനിലയും കണക്കിലെടുത്താൽ റബർ ഉൽപാദനം ഈ മാസം സ്‌തംഭിക്കുമെന്ന അവസ്ഥയാണ്. ഇതിനിടയിൽ ടയർ കന്പനികളും ഉത്തരേന്ത്യൻ വ്യവസായികളും വിവിധയിനം റബർ വില കറച്ചു. ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡിന് 100 രൂപ കുറച്ച് 19,200 രൂപയാക്കി, അഞ്ചാം ഗ്രേഡ് 18,800 രൂപയിലും വിപണനം നടന്നു.
കേരളത്തിൽ വരണ്ട കാലാവസ്ഥ മാസത്തിൻറ രണ്ടാം പകുതി വരെ തുടരാൻ ഇടയുണ്ടന്ന സൂചനയാണ് സ്വകാര്യ കാലാവസ്ഥ വിഭാഗത്തിൽ നിന്നും പുറത്തു വരുന്നത്. ഉയർന്ന താപനില ഏതാനും ആഴ്‌ച്ചകളായി നിലനിൽക്കുന്നത് മൂലം പല കൃഷിയിടങ്ങളും നിലനിൽപ്പ് ഭീഷണിയിലാണ്, മുന്നിലുള്ള ആഴ്‌ച്ചകളിലും ചൂട് കുറഞ്ഞില്ലെങ്കിൽ സുഗന്‌ധവ്യഞ്‌ജന കർഷകർക്കാവും കനത്ത തിരിച്ചടിയായി മാറുക. മദ്ധ്യകേരളത്തിലെ കുരുമുളക് തോട്ടങ്ങളിലും മൂപ്പ് എത്തും മുന്നേ മുളക് അടർന്ന് വീണത് ഉൽപാദനത്തെ ബാധിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് കിലോ 661 രൂപയിലും ഗാർബിൾഡ് 681 രൂപയിലും സ്‌റ്റെഡിയാണ്.
ഹൈറേഞ്ചിലെ പല ഏലതോട്ടങ്ങളും ഉയർന്ന താപനിലയിൽ വിളനാശത്തെ അഭിമുഖീകരിക്കുന്നു. കാലാവസ്ഥ ഇതേ നില തുടർന്നാൽ ഫെബ്രുവരി രണ്ടാം പകുതിയിൽ ഏലക്ക വിളവെടുപ്പ് സ്‌തംഭിക്കുമെന്ന സൂചനയാണ് ലഭ്യമാവുന്നത്. ഇതിനിടയിൽ ശരാശരി ഇനം ഏലത്തിന് വില കിലോ 2919 രൂപയിലും മികച്ചയിനങ്ങൾ 3304 രൂപയിലും ഇടപാടുകൾ നടന്നു. കയറ്റുമതി മേഖലയിൽ നിന്നും ഏലത്തിന് ആവശ്യകാരുണ്ട്.