image

2 Jan 2025 12:40 PM GMT

Commodity

ഏലക്ക വില 3000 കടന്നു, റബറിനും കുരുമുളകിനും നേട്ടം

MyFin Desk

COMMODITY
X

ഏലക്ക വില രണ്ടാം ദിവസവും ഉയര്‍ന്നു. ശരാശരി ഇനം ഏലക്ക വില കിലോ 3000 രൂപയ്ക്ക് മുകളില്‍ സ്ഥിതിര കൈവരിക്കുമെന്ന നിഗനമത്തിലാണ് സ്റ്റോക്കിസ്റ്റുകള്‍. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ലേലത്തില്‍ സജീവമാണ്.എന്നാല്‍ ഉല്‍പാദന മേഖലകളില്‍ പകല്‍ താപനില ഉയര്‍ന്ന് തുടങ്ങിയത് കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പകല്‍ താപനില ഉയരുകയാണ്. ചൂട് ഇത്തരത്തില്‍ വര്‍ദ്ധിച്ചാല്‍ ഏലം വിളവെടുപ്പ് അടുത്ത മാസം സ്തംഭിക്കും. നൊയമ്പ് കാല ആവശ്യങ്ങള്‍ക്കുള്ള ഏലക്ക സംഭരിക്കുന്ന തിരക്കിലാണ് അറബ് രാജ്യങ്ങള്‍. 30,345 കിലോ ഏലക്കയുടെ ലേലം നടന്നു. ശരാശരി ഇനങ്ങള്‍ കിലോ 3005 രൂപയിലും മികച്ചയിനങ്ങള്‍ 3296 രൂപയിലും കൈമാറി.

കുരുമുളക് വില വീണ്ടും മുന്നേറി. മുഖ്യ വിപണികളില്‍ ലഭ്യത ചുരുങ്ങിയതോടെ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ നിരക്ക് ഉയര്‍ത്തി സ്റ്റോക്കിസ്റ്റുകളെ വിപണിയിലേയ്ക്ക് അടുപ്പിക്കാന്‍ ശ്രമം നടത്തി. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 63,500 രൂപയാണ്.

നാളികേരോല്‍പ്പന്നങ്ങളുടെ വിലയും മുന്നേറുകയാണ്. മില്ലുകാരുടെ കണക്ക് കൂട്ടലിന് ഒത്ത് കാര്‍ഷിക മേഖലകളില്‍ നിന്നും പച്ചതേങ്ങ സംഭരണം നടത്താനാവുന്നില്ലെന്ന് വ്യക്തമായതോടെ അവര്‍ നിരക്ക് ഉയര്‍ത്തി കൊപ്ര ശേഖരിച്ചു. കൊച്ചിയില്‍ കൊപ്രയ്ക്ക് 100 രൂപ വര്‍ദ്ധിച്ചു 14,800 രൂപയായി, തമിഴ്നാട് വിപണിയിലും ഇന്ന് ഇതേ നിരക്കിലേയ്ക്ക് ഉയര്‍ന്നത് വിലക്കയറ്റത്തിന് വേഗത പകരാം.

ഉത്സവഘോഷങ്ങള്‍ക്ക് ശേഷം ഉല്‍പാദകര്‍ വീണ്ടും തോട്ടങ്ങളില്‍ സജീവമായി. റബര്‍ ടാപ്പിങ് ഒട്ടുമിക്ക ഭാഗങ്ങളിലും പുനരാരംഭിച്ചെങ്കിലും റബര്‍ ലഭ്യത ചുരുങ്ങി. കാലാവസ്ഥ മാറ്റം യീല്‍ഡിനെ ബാധിച്ചതായി കര്‍ഷകര്‍. എന്നാല്‍ നിരക്ക് ഉയര്‍ത്തി റബര്‍ ശേഖരിക്കാന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ താല്‍പര്യം കാണിക്കാഞ്ഞത് മൂലം സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ 19,300 രൂപയില്‍ സ്റ്റെഡിയാണ്. ബാങ്കോക്കില്‍ നിരക്ക് 19700 രൂപയില്‍ നിന്നും 19900 രൂപയായി.