13 Nov 2024 1:07 PM GMT
തെളിഞ്ഞ കാലാവസ്ഥ കണക്കിലെടുത്താൽ നവംബർ രണ്ടാം പകുതിയിൽ സംസ്ഥാനത്ത് റബർ ടാപ്പിങ് കൂടുതൽ ഊർജിതമാകുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. രാത്രി താപനില കുറഞ്ഞതിനാൽ ഒട്ടുമിക്ക മേഖലകളിലും മരങ്ങളിൽ നിന്നുള്ള യീൽഡ് ഒക്ടോബറിനെ അപേക്ഷിച്ച് ഉയർന്നത് ടയർ വ്യവസായികളെയും വിപണികളിലേയ്ക്ക് ആകർഷിക്കും. ജനുവരി അവസാനം വരെയുള്ള റബർ വെട്ട് ഊർജിതമാകാനുള്ള സാധ്യതകൾ മുൻ നിർത്തി പരമാവധി ഷീറ്റും സംഭരിക്കാൻ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികളും ഉത്സാഹിക്കും. കൊച്ചി, കോട്ടയം വിപണിയിൽ ആർ എസ് എസ് നാലാം ഗ്രേഡ് ഷീറ്റ് കിലോ 182 രൂപയിൽ വ്യാപാരം നടന്നു.
വൃശ്ചികം അടുത്തതോടെ പച്ചതേങ്ങയ്ക്ക് വിപണിയിൽ ഡിമാൻറ് ഉയർന്നു. അയ്യപ്പ ഭക്തർ തേങ്ങയ്ക്കായി വിപണിയിൽ ഇറങ്ങിയത് കൊപ്രയാട്ട് മില്ലുകാരെ സമ്മർദ്ദത്തിലാക്കി. വ്യവസായികളുടെ കണക്ക് കൂട്ടലിന് ഒത്ത് തേങ്ങ മുഖ്യ വിപണികളിൽ നിന്നും ലഭ്യമാവുന്നില്ലെന്നാണ് വിവരം. തമിഴ്നാട്ടിലെ വൻ കിട മില്ലുകാരുടെ കണക്ക് കൂട്ടലിനൊത്ത വിലയ്ക്ക് ചരക്ക് സംഭരിക്കാൻ അവർ നെട്ടോമോടുകയാണ്. വൃശ്ചിക പുലരിയിൽ മല ചവിട്ടാനുള്ള ഒരുക്കത്തിലാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പൻമാർ. നെയ് തേങ്ങയ്ക്കും കെട്ട് നിറക്കാനും മറ്റുമായി ഒരോ ഭക്തരും ആറ് തേങ്ങ വരെ ശേഖരിക്കുന്നുണ്ട്. പച്ചതേങ്ങയ്ക്കുള്ള വർദ്ധിച്ച ഡിമാൻറ് കണക്കിലെടുത്താൽ വില റെക്കോർഡ് പ്രകടനം കാഴ്ച്ചവെക്കാം. ചെറുകിട വിപണികളിൽ കിലോ 70 രൂപയ്ക്ക് മുകളിലാണ് തേങ്ങ വില. കൊപ്രയ്ക്കു കാങ്കയത്ത് വില 13,600 ലേയ്ക്ക് കയറി.
വിദേശ ഓർഡറുകൾ ഏലക്ക ലേലത്തിൽ ആവേശമുളവാക്കി. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ലേല കേന്ദ്രങ്ങളിൽ അണിനിരന്നതോടെ ശരാശരി ഇനങ്ങളെ കിലോ 2715 രൂപയായി കയറി. പിന്നിട്ട 11 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മികച്ചയിനങ്ങളുടെ കിലോ 3000 രൂപയായി ഉയർന്നു. ലേലത്തിലെ ഡിമാൻറ് കണക്കിലെടുത്താൽ വരും ദിനങ്ങളിൽ നിരക്ക് കൂടുതൽ മുന്നേറാം. കുമളി ലേലത്തിൽ മൊത്തം 63,815 കിലോ ചരക്കിൻറ കൈമാറ്റം നടന്നു.