image

6 Dec 2023 12:16 PM GMT

Commodity

കനത്ത പോരാട്ടത്തില്‍ ഏലം; ഭക്ഷ്യയെണ്ണയെ കൈവിട്ട് വിപണി

Kochi Bureau

commodities market rate 06 12
X

Summary


    ഉല്‍പാദകരും മദ്ധ്യവര്‍ത്തികളും വീണ്ടും കനത്തതോതില്‍ ഏലക്ക വില്‍പ്പനയ്ക്ക് ഇറക്കി. ഇന്നലെ ഒറ്റ ദിവസം 1.73 ലക്ഷം കിലോ ഏലക്ക മൂന്ന് ലേലങ്ങളിലായി വില്‍പ്പനയ്ക്ക് എത്തിയത്. ഉയര്‍ന്ന അളവില്‍ ഏലം പ്രവഹിക്കുന്നത് കണ്ട് വാങ്ങലുകാര്‍ ചരക്ക് സംഭരണത്തില്‍ തണുപ്പന്‍ മനോഭാവം സ്വീകരിച്ചത് ശരാശരി ഇനങ്ങളുടെയും വലിപ്പം കൂടിയ ഇനങ്ങളുടെയും നിരക്ക് ഉയരുന്നതിന് തടസമായി. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള വില്‍പ്പന സമ്മര്‍ദ്ദം തുടര്‍ന്നാല്‍ ക്രിസ്തുമസ് വേളയില്‍ ഉല്‍പാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഏലത്തിന് മുന്നേറാനാവില്ല. ഇതിനിടയില്‍ അനുകൂല കാലാവസ്ഥയും കൃഷി ഇടങ്ങളില്‍ കര്‍ഷകരുടെ മികച്ച പരിചരണവും ഉല്‍പാദനം ഉയര്‍ത്താന്‍ അവസരം ഒരുക്കി. കാലാവസ്ഥ വ്യതിയാനം മൂലം ശൈത്യകാലത്തിന് ദൈര്‍ഘ്യമേറാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ വിഭാഗത്തിന്റ വിലയിരുത്തല്‍ ശരിവെച്ചാല്‍ ഫെബ്രുവരിയിലും മികച്ച വിളവിന് അവസരം ഒരുക്കാം. അറബ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നും ലഭിച്ച ഓര്‍ഡറുകള്‍ മുന്‍ നിര്‍ത്തി കയറ്റുമതി സമൂഹം ഏലക്ക സംഭരിക്കുന്നുണ്ട്.

    മൂല്യത്തകര്‍ച്ചയില്‍ ഭക്ഷ്യയെണ്ണ

    വിനിമയ വിപണിയില്‍ രൂപയ്ക്ക് നേരിട്ട റെക്കോര്‍ഡ് മൂല്യ തകര്‍ച്ച കണ്ട് വലിയോരു വിഭാഗം ഭക്ഷ്യയെണ്ണ ഇറക്കുമതിക്കാരും പുതിയ വിദേശ വ്യാപാരങ്ങളില്‍ നിന്നും പിന്‍തിരിഞ്ഞു. ദീപാവലി കഴിഞ്ഞതോടെ പ്രദേശിക തലത്തില്‍ പാചകയെണ്ണകള്‍ക്ക് ആവശ്യം കുറഞ്ഞതും വ്യവസായികളെ പുതിയ കരാറുകളില്‍ നിന്നും അകറ്റുന്നുണ്ട്. രൂപയുടെ വിനിമയ മൂല്യം 83.39 ലേയ്ക്ക് ഇടിഞ്ഞ സാഹചര്യത്തില്‍ ഇറക്കുമതിയുടെ ആകര്‍ഷണം കുറയുമെന്നാണ് അവരുടെ പക്ഷം.

    ഇന്ത്യന്‍ ഡിമാന്റ് മങ്ങിയത് ഇന്തോനേഷ്യന്‍, മലേഷ്യന്‍ മാര്‍ക്കറ്റുകളില്‍ പാം ഓയില്‍ വിലയില്‍ സമ്മര്‍ദ്ദം ഉളവാക്കി തുടങ്ങി. പുതു വര്‍ഷത്തിന് മുന്നേ കരുതല്‍ ശേഖരത്തില്‍ വലിയപങ്ക് എണ്ണയും വിറ്റുമാറാനുള്ള ശ്രമത്തിലാണ് ഈ രണ്ട് രാജ്യങ്ങളും. സോയാ, സൂര്യാകാന്തി എണ്ണകളുടെ വിലയിലും തിരുത്തല്‍ സാധ്യതകള്‍ തെളിയുന്നതായാണ് രാജ്യാന്തര മാര്‍ക്കറ്റിലെ ചലനങ്ങള്‍ നല്‍ക്കുന്നു സൂചന. നവംബര്‍ മദ്ധ്യത്തിന് ശേഷം കൊച്ചി വിപണിയില്‍ വെളിച്ചെണ്ണ വിലയില്‍ മാറ്റം അനുഭവപ്പെട്ടില്ല. സാധാരണ ദീപാവലി കച്ചവടത്തില്‍ എണ്ണ വിലയല്‍ മുന്നേറ്റം അനുഭവപ്പെടാറുണ്ടെങ്കിലും ഇക്കുറി അതും സംഭവിച്ചില്ല. ഇതിനിടയില്‍ ഇന്ന് കൊച്ചിയില്‍ കൊപ്ര വില 100 രൂപ ഇടിഞ്ഞ് 8900 രൂപയായി.

    തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് റബര്‍

    മികച്ചയിനം റബറിന് ചുരുങ്ങിയ ദിവസങ്ങളില്‍ നേരിട്ട വില തകര്‍ച്ചയുടെ ഞെട്ടലിലാണ് റബര്‍ ഉല്‍പാദന മേഖല. സീസണ്‍ കാലയളവാണെങ്കിലും മുഖ്യ വിപണികളില്‍ ഷീറ്റ് വരവ് ഇനിയും ശക്തമല്ലെങ്കിലും രാജ്യാന്തര മാര്‍ക്കറ്റില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകളാണ് കേരളത്തില്‍ ഷീറ്റ് വില ഇടിച്ചത്. ഉത്തരേന്ത്യയില്‍ നിന്നുള്ള ചെറുകിട വ്യവസായിളുടെ പിന്തുണ ഉറപ്പ് വരുത്താനാവുന്നില്ലെങ്കിലും നാലാം ഗ്രേഡിന് 150 രൂപയുടെ താങ്ങ് നഷ്ടപ്പെട്ടതോടെ വന്‍കിട ടയര്‍ കമ്പനികള്‍ വാങ്ങലുകാരായി മാറി.