image

22 Sep 2023 11:30 AM GMT

Commodity

ഏലം ഉണര്‍വ്വിന്റെ പാതയില്‍; ഉതിര്‍ന്നു വീണ് കുരുമുളക്

Kochi Bureau

commodities market rate 22 09
X

Summary

  • ശ്രീനാരായണ സമാധിയുടെ അവധി മൂലം കൊച്ചി എണ്ണ വിപണി ഇന്ന് പ്രവര്‍ത്തിച്ചില്ല.


മഴ മേഘങ്ങള്‍ വീണ്ടും കേരളത്തിന് മുകളില്‍ വട്ടമിട്ടതോടെ ഹൈറേഞ്ചിലെ ഏലതോട്ടങ്ങള്‍ ഉണര്‍വ്വിന്റെ പാദയിലേയ്ക്ക്. മികച്ച കാലാവസ്ഥ കണക്കിലെടുത്താല്‍ ഒക്ടോബറില്‍ പുതിയ ഏലക്ക കൂടുതലായി ലേല കേന്ദ്രങ്ങളിലേയ്ക്ക് പ്രവഹിക്കുമെന്ന നിഗമനത്തിലാണ് ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍. ഇതേ നിലപാട് തന്നെയാണ് അറബ് രാജ്യങ്ങളില്‍ നിന്നും യുറോപില്‍ നിന്നും കയറ്റുമതി ഓര്‍ഡറുകള്‍ കൈപിടിയില്‍ ഒതുക്കിയ എക്സ്പോര്‍ട്ടര്‍മാര്‍ക്കും.

അതേ സമയം ഇന്ന് ഗ്രീന്‍ ഹൗസ് കര്‍ഡമത്തില്‍ നടന്ന ഏലക്ക ലേലത്തില്‍ വരവ് 40,000 കിലോയില്‍ ഒതുങ്ങിയപ്പോള്‍ ഇടപാടുകാര്‍ 39,000 കിലോയും ശേഖരിച്ചു. മികച്ചയിനങ്ങള്‍ കിലോഗ്രാമിന് 2347 രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 1734 രൂപയിലും കൈമാറി.

വിലയിടിഞ്ഞ് കൊപ്ര

ഭക്ഷ്യയെണ്ണ വിപണിയില്‍ മലേഷ്യ മത്സരം കൂടുതല്‍ ശക്തമാക്കി പാം ഓയില്‍ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിച്ചു. ഇന്തോനേഷ്യന്‍ കയറ്റുമതിക്കാരെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും തുരത്തുകയെന്ന ലക്ഷ്യത്തോടെ പാം ഓയില്‍ വില ഒറ്റയടിക്ക് ടണ്ണിന് 19 ഡോളര്‍ കുറച്ച് 779 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. ഉത്തരേന്ത്യന്‍ ഉത്സവ സീസണ്‍ വില്‍പ്പന മുന്നില്‍ കണ്ടാണ് മലേഷ്യ വില ഇടിച്ച് പാം ഓയില്‍ കയറ്റുമതിക്ക് തയ്യാറാവുന്നത്. ഇന്തോഷ്യേ സാമ്പത്തിക മാന്ദ്യത്തില്‍ നീങ്ങുന്നതിനാല്‍ വന്‍ വെല്ലുവിളികള്‍ ഒന്നും ഇതു വരെയും അവരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടില്ല. ഇതിനിടയില്‍ തമിഴ്നാട്ടില്‍ കൊപ്ര വില 7700 രൂപയായി ഇടിഞ്ഞു.

ഉതിര്‍ന്നു വീഴുന്ന കുരുമുളക് മണികള്‍

കുരുമുളക് സംഭരണത്തില്‍ നിന്നും ഒരു വിഭാഗം വാങ്ങലുകാര്‍ പിന്‍മാറിയത് ഉല്‍പ്പന്ന വിലയെ ബാധിച്ചു. ഗുണമേന്മ കുറഞ്ഞ വിദേശ കുരുമുളക് കൊച്ചി അടക്കമുള്ള വിപണികളില്‍ ഇറക്കുമതി ലോബി വില്‍പ്പനയ്ക്ക് എത്തിച്ചതാണ് നിരക്ക് കുറയാന്‍ ഇടയാക്കിയത്. അതേ സമയം ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നും കുറഞ്ഞ അളവില്‍ മാത്രമാണ് മുളക് എത്തിയത്. ചുരുങ്ങിയ ദിവസങ്ങളില്‍ കുരുമുളക് വില ക്വിന്റലിന് 2000 രൂപ ഇടിഞ്ഞ് അണ്‍ ഗാര്‍ബിള്‍ഡ് 61,200 രൂപയായി.