12 May 2023 6:00 PM IST
Summary
- ജൂണ്‍ അവസാനം പുതിയ ഏലക്ക വില്‍പ്പനയ്ക്ക് ഇറക്കാനാവുമെന്ന നിഗമനം
ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ കാപ്പി വില ഒന്നര വര്‍ഷത്തെ ഉയര്‍ന്ന തലത്തില്‍ നിന്നും കഴിഞ്ഞ രാത്രി ഇടിഞ്ഞു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം രൂക്ഷമാക്കുമെന്ന ആശങ്കയാണ് കാപ്പി വിലയില്‍ പ്രതിഫലിച്ചത്. തൊഴിലില്ലായ്മ വീണ്ടും ഉയര്‍ന്ന പുതിയ കണക്കുകള്‍ പുറത്തുവന്നത് കണക്കിലെടുത്താല്‍ യുറോപ്യന്‍ വിപണികളിലും കാപ്പിയുടെ കടുപ്പം കുറയാം. അതേ സമയം കൊളംബിയ, ബ്രസീല്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍ ഉത്പാദനത്തിലെ മാന്ദ്യം വില തകര്‍ച്ചയെ തടയാന്‍ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി രാജ്യങ്ങള്‍. ഇന്തോനേഷ്യയില്‍ നിലനില്‍ക്കുന്ന മഴ കാപ്പി ഉത്പാദനം കുറയാന്‍ ഇടയാക്കുമെന്ന വിലയിരുത്തലും അടുത്ത വാരം വിപണിയുടെ തിരിച്ചു വരവിന് അവസരം ഒരുക്കുമെന്ന വിശ്വാസത്തിലാണ് കാപ്പി ഉത്പാദന രാജ്യങ്ങള്‍. ഇതിനിടയില്‍ വയനാടന്‍ കാപ്പി വില ഏക്കാലത്തെയും ഉയര്‍ന്ന നിരക്കായ കിലോ 270 രൂപയിലെത്തി. സംസ്ഥാനത്തെ വിപണികളില്‍ കാപ്പി കുരു ലഭ്യത ചുരുങ്ങി. വിദേശ ഓര്‍ഡറുകളുടെ മികവിലാണ് ഇന്ത്യന്‍ കാപ്പി റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവെക്കുന്നത്.
കളം പിടിക്കാനൊരുങ്ങി ഏലം
ജൂണ്‍ അവസാനം പുതിയ ഏലക്ക വില്‍പ്പനയ്ക്ക് ഇറക്കാനാവുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ചെറുകിട കര്‍ഷകര്‍. കാലവര്‍ഷം കൃതൃസമയത്ത് കേരളത്തില്‍ പ്രവേശിച്ചാല്‍ ജൂലൈയില്‍ ലേല കേന്ദ്രങ്ങളില്‍ ലഭ്യത ഉയരുമെന്ന കണക്ക് കൂട്ടലിലാണ് വാങ്ങലുകാരും. ഏലക്ക വരവ് മെയ് മധ്യത്തിലും ശക്തമായ സാഹചര്യത്തില്‍ ചരക്ക് ക്ഷാമത്തിനുള്ള സാധ്യതയില്ലെന്നാണ് കയറ്റുമതി മേഖലയുടെ കണക്ക് കൂട്ടല്‍. മികച്ചയിനങ്ങളെ കിലോ 2000 രൂപ റേഞ്ചില്‍ പിടിച്ചു നിര്‍ത്തി ചരക്ക് സംഭരിക്കുകയാണ് വിദേശ വാങ്ങലുകാര്‍. ശരാശരി ഇനങ്ങള്‍ ആയിരം രൂപയ്ക്ക് മുകളിലാണ്. ഇന്ന് നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 1002 രൂപയിലും മികച്ചയിനങ്ങള്‍ 1466 രൂപയിലുമാണ്.
തമിഴ്‌നാടില്‍ കൊപ്രയ്ക്ക് വില ഇടിവ്
സംസ്ഥാനത്തെ ചെറുകിട മില്ലുകാര്‍ കൈവശമുള്ള വെളിച്ചെണ്ണ വിപണിയില്‍ ഇറക്കാന്‍ നീക്കം തുടങ്ങിയതിനൊപ്പം കൊപ്ര സംഭരണത്തിലും അവര്‍ കുറവ് വരുത്തി. തമിഴ്നാട്ടില്‍ കൊപ്രയ്ക്ക് നേരിട്ട വില തകര്‍ച്ചയാണ് മില്ലുകാരെ ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത്. കൊച്ചിയില്‍ കൊപ്ര 8650 ലും കാങ്കയത്ത് 8150 രൂപയിലുമാണ്.