17 July 2023 12:18 PM
കർക്കിടകം ആദ്യം തന്നെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ ടാപ്പിങ് പുനരാരംഭിച്ചു. പ്രതികൂല കാലാവസ്ഥ മൂലം ഏതാനും ആഴ്ച്ചകൾ തടസപ്പെട്ട ടാപ്പിംഗ് പുനരാരംഭിച്ചവര്‍ക്ക്, മരങ്ങളിൽ നിന്നുള്ള യീൽഡ് പ്രതീക്ഷയ്ക്കൊത്ത് ലഭിച്ചില്ലെങ്കിലും കാലാവസ്ഥ തെളിഞ്ഞു നിന്നാൽ ഉൽപ്പാദന രംഗം വരും ദിനങ്ങളിൽ കൂടുതൽ സജീവമാകും. വിപണി വിലയിലെ ചാഞ്ചാട്ടം ഷീറ്റ് ഉൽപ്പാദനത്തിൽ നിന്നും വലിയപങ്ക് കർഷകരെയും പിൻതിരിപ്പിക്കുന്നുണ്ട്. ലാറ്റക്സായി വിൽപ്പന നടത്തിയാൽ താൽകാലിക ആവശ്യങ്ങൾക്ക് വേണ്ടി പണം സ്വരൂപിക്കാനാവുമെന്നാണ് കാർഷിക മേഖലയുടെ വിലയിരുത്തൽ. നിലവിൽ ലാറ്റക്സിന് കിലോ 120 രൂപ ഉറപ്പ് വരുത്താനാവുമെന്നതും പലർക്കും ആശ്വാസം പകരുന്നുണ്ട്. ഇതിനിടയിൽ രാജ്യാന്തര വിപണിയിൽ റബർ അവധി വിലകളിൽ നേരിയ ഉണർവ് ദൃശ്യമായി.
ഉത്സവ സീസണിന് ഒരുങ്ങുന്നതിനാൽ വെളിച്ചെണ്ണയ്ക്ക് പ്രദേശിക വിപണികളിൽ നിന്നും ആവശ്യം ഉയരുമെന്ന നിഗനമത്തിലാണ് കൊപ്രയാട്ട് വ്യവസായ രംഗം. എന്നാൽ തിരക്കിട്ട് വില ഉയർത്തി കൊപ്ര ശേഖരിക്കാൻ പല മില്ലുകാരും താൽപ്പര്യം കാണിക്കുന്നില്ല. അതേ സമയം ഉത്തരേന്ത്യയിൽ കനത്ത മഴ മൂലം ചരക്ക് ഗതാഗതം തടസപ്പെട്ടത് വിപണികളിൽ എണ്ണ വിൽപ്പനയെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം. ഇറക്കുമതി പാചകയെണ്ണകൾ ഉയർന്ന അളവിൽ സ്റ്റോക്കുളളതിനാൽ നിരക്ക് ഇടിയാനും സാധ്യത. സൂര്യകാന്തി, സോയാ, പാം ഓയിൽ വിലകളിലെ ചാഞ്ചാട്ടം ശക്തമായാൽ അത് വെളിച്ചെണ്ണയെ പ്രതികൂലമായി ബാധിക്കും.
ഏലം വിളവെടുപ്പ് സമയം അടുത്തങ്കിലും അത്യാവശ്യം വേണ്ട ചരക്ക് സംഭരണത്തിന്‍റെ തിരക്കിലാണ് ഇടപാടുകാർ. ഉത്തരേന്ത്യൻ വാങ്ങലുകാർക്ക് ഒപ്പം കയറ്റുമതിക്കാരും അണിചേർന്നതോടെ ഉൽപ്പാദന മേഖലയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങളുടെ വില കിലോ 2058 രൂപയായും ശരാശരി ഇനങ്ങളുടെ വില 1406 രൂപയായും കയറി. മൊത്തം 48,120 കിലോ ഏലക്ക വിൽപ്പനയ്ക്ക് എത്തിയതിൽ 46,889 കിലോയും വിറ്റഴിഞ്ഞു.