11 April 2023 12:00 PM GMT
Summary
- ചെറുകിട റബര്‍ കര്‍ഷകര്‍ പ്രതീക്ഷയില്‍
ഉത്സവ അവധികള്‍ക്ക് ശേഷം ഒറ്റ ദിവസം നടന്ന രണ്ട് ലേലങ്ങളില്‍ ഏകദേശം ഒരു ലക്ഷം കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. ഓഫ് സീസണാണെങ്കിലും ഉയര്‍ന്ന അളവില്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങാന്‍ കാരണമായത് വേനല്‍ മഴയാണ്. മഴ ശക്തമല്ലെങ്കിലും പല തോട്ടങ്ങളിലും ആവശ്യമായ നന ലഭിച്ച ആശ്വാസത്തിലാണ് കര്‍ഷകര്‍. പകല്‍ ചൂടിന് മുന്നില്‍ തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ വേനല്‍ മഴ ഏല ചെടികള്‍ക്ക് അവസരം ഒരുക്കും. കാലാവസ്ഥ മാറ്റം കണക്കിലെടുത്താല്‍ ജൂലൈ രണ്ടാം പകുതിയില്‍ പുതിയ ഏലം ലേലത്തിന് ഇറങ്ങാം. ഇടുക്കിയില്‍ നടന്ന രണ്ട് ലേലങ്ങളിലായി 1,01210 കിലോ ഏലക്കയില്‍ 95,377 കിലോയുടെ കൈമാറ്റം നടന്നു. മികച്ചയിനങ്ങള്‍ കിലോ 2023 രൂപയിലും ശരാശരി ഇനങ്ങള്‍ 1360 രൂപയിലും കൈമാറി.
വില ഇടിഞ്ഞ് കറുത്ത പൊന്ന്
ആഭ്യന്തര വാങ്ങലുകാരില്‍ നിന്നുള്ള പിന്‍തുണ കുറഞ്ഞത് മൂലം കുരുമുളക് നൂറ് രൂപ താഴ്ന്നാണ് ഇന്ന് ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചത്. ഉയര്‍ന്ന അളവില്‍ ശ്രീലങ്കന്‍ കുരുമുളക് ഇറക്കുമതി നടക്കുമെന്ന ഭീതിയിലാണ് വിപണി. അന്തര്‍സംസ്ഥാന വ്യാപാരികളില്‍ നിന്നുള്ള ഡിമാന്റ് ഉയരുന്നതിനായി കാത്ത് നില്‍ക്കുകയാണ് ഉത്പാദകര്‍. കൊച്ചിയില്‍ കുരുമുളക് ഗാര്‍ബിള്‍ഡ് 50,500 രൂപയില്‍ വിപണനം നടന്നു.
റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ
സംസ്ഥാനത്തിന്റ പല ഭാഗങ്ങളിലും വേനല്‍ മഴ ലഭ്യമായത് ചെറുകിട റബര്‍ കര്‍ഷകരില്‍ പ്രതീക്ഷ പകര്‍ന്നു. വരണ്ട കാലാവസ്ഥയില്‍ ജനുവരി മുതല്‍ പല തോട്ടങ്ങളില്‍ നിന്നും കര്‍ഷകര്‍ വിട്ടു നില്‍ക്കുന്നതിനാല്‍ വിപണി ഷീറ്റ് ക്ഷാമത്തിന്റെ പിടിയിലാണ്. തുടര്‍ മഴ ലഭ്യമായാല്‍ ടാപ്പിംഗ് പുനരാരംഭിക്കാമെന്ന നിഗനത്തിലാണ് കാര്‍ഷിക മേഖല. നാലാം ഗ്രേഡ് കിലോ 149 രൂപ.
വിപണി ഉലച്ച് കൊപ്ര
വിഷു പടിവാതുക്കല്‍ എത്തി നില്‍ക്കെ കാര്‍ഷിക മേഖലയില്‍ നിന്നും ഉയര്‍ന്ന അളവില്‍ തേങ്ങ വില്‍പ്പനയ്ക്ക് ഇറക്കിയത് വിപണിയെ പിടിച്ച് ഉലച്ചു. കൊപ്ര വരവ് ഉയരുമെന്ന ആശങ്കയില്‍ മില്ലുകാര്‍ സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റുമാറാനുള്ള തിടുക്കത്തിലാണ്. കൊച്ചിയില്‍ കൊപ്ര 8250 ലേയ്ക്ക് താഴ്ന്നു. കാങ്കയത്ത് നിരക്ക് 8000 രൂപയാണ്.