image

6 April 2023 1:30 PM GMT

Commodity

പഞ്ചസാര ഉല്‍പ്പാദനത്തില്‍ ഇടിവ്; കയറ്റുമതി തടഞ്ഞേക്കും

MyFin Desk

പഞ്ചസാര ഉല്‍പ്പാദനത്തില്‍ ഇടിവ്; കയറ്റുമതി തടഞ്ഞേക്കും
X

Summary

  • ആറുമാസ കാലയളവില്‍ 299.6 ലക്ഷം ടണ്ണിന്റെ ഉല്‍പ്പാദനം.
  • യുപിയില്‍ ഉല്‍പ്പാദനം 89 ലക്ഷം ടണ്ണായി ഉയര്‍ന്നു.
  • മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഇടിവ്.


2022-23 വിപണി വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ 3 ശതമാനം ഇടിവുണ്ടായെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ (ഐഎസ്എംഎ) ഡാറ്റ. ഇതേത്തുടര്‍ന്ന് ഈ വര്‍ഷം പഞ്ചസാരയുടെ കൂടുതല്‍ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞെക്കുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഒക്‌റ്റോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാരയുടെ വിപണി വര്‍ഷമായി കണക്കാക്കുന്നത്.

ഇക്കഴിഞ്ഞ ആറുമാസ കാലയളവില്‍ 299.6 ലക്ഷം ടണ്ണിന്റെ ഉല്‍പ്പാദനം നടന്നു. മുന്‍ വര്‍ഷം സമാന കാലയളവില്‍ 309.9 ലക്ഷം ടണ്ണിന്റെ ഉല്‍പ്പാദനം നടന്ന സ്ഥാനത്താണിത്. ഉത്തര്‍പ്രദേശിലെ ഉല്‍പ്പാദനം 87.5 ലക്ഷം ടണ്ണില്‍ നിന്ന് 89 ലക്ഷം ടണ്ണായി ഉയര്‍ന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ഉല്‍പ്പാദനം 118.8 ലക്ഷം ടണ്ണില്‍ നിന്ന് 104.2 ലക്ഷം ടണ്ണായും കര്‍ണാടകയിലെ ഉല്‍പ്പാദനം 57.2 ലക്ഷം ടണ്ണില്‍ നിന്ന് 55.2 ലക്ഷം ടണ്ണായും ഇടിഞ്ഞു.

ഈ വര്‍ഷം മൊത്തത്തില്‍ ഏകദേശം 340 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദനം നടക്കുമെന്നാണ് ഐഎസ്എംഎ വിലയിരുത്തുന്നത്. 2021-22 വിപണി വര്‍ഷത്തിലിത് 358 ലക്ഷം ടണ്ണായിരുന്നു. ഈ സീസണില്‍ 6.1 ലക്ഷം ടണ്ണിന്റെ കയറ്റുമതിക്ക്് കേന്ദ്ര സര്‍ക്കാര്‍ മില്ലുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്്.

ഉല്‍പ്പാദനത്തിലുണ്ടായ കുറവ് കൂടുതല്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. 11.2 മില്യണ്‍ ടണ്‍ കയറ്റുമതിയാണ് മുന്‍ വിപണി വര്‍ഷത്തില്‍ നടന്നിരുന്നത്.

ഈ സീസണില്‍ ഇതുവരെ 194 മില്ലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 78 എണ്ണം മാത്രമായിരുന്നു. മോശം കാലാവസ്ഥ മൂലമാണ് മിക്ക മില്ലുകളും പ്രവര്‍ത്തനം നിര്‍ത്തിയത്.