image

11 July 2023 5:35 PM IST

Commodity

കാപ്പി ഇനിയും കടുക്കും; നില്‍ക്കക്കള്ളി ഇല്ലാതെ റബ്ബര്‍ കര്‍ഷകര്‍

MyFin Desk

കാപ്പി ഇനിയും കടുക്കും; നില്‍ക്കക്കള്ളി ഇല്ലാതെ റബ്ബര്‍ കര്‍ഷകര്‍
X

Summary

  • ഏലത്തിന് വില കുറയുമെന്ന പ്രതീക്ഷയില്‍ വാങ്ങലുകാര്‍
  • ആറു മാസത്തിനിടെ 1,16,399 ടൺ റോബസ്റ്റ കാപ്പി കയറ്റിയയച്ചു
  • റബ്ബര്‍ ലാറ്റക്സിന് കടുത്ത ക്ഷാമം


ആഭ്യന്തര വിപണിയിൽ കാപ്പി വില കാൽ ലക്ഷത്തിന് മുകളിലേക്ക് സഞ്ചരിച്ച ശേഷം അൽപ്പം താഴ്ന്നു. ഉത്തരേന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശക്തമായ ഡിമാൻറ് കാപ്പിക്ക് കരുത്ത് പകരുന്നതിനാൽ ഉൽപ്പാദന മേഖലയിലെ സ്റ്റോക്കിസ്റ്റുകൾ കുറഞ്ഞ അളവിലാണ് കാപ്പിക്കുരുവും പരിപ്പും വിൽപ്പനയ്ക്ക് ഇറക്കുന്നത്. ക്വിൻറ്റലിന് 25,500 വരെ ഉയർന്ന കാപ്പി വില ചില സാങ്കേതിക തിരുത്തലുകളുടെ ഭാഗമായി 24,000 ലേയ്ക്ക് താഴ്ന്നുവെങ്കിലും വൈകാതെ കൂടുതൽ കരുത്ത് കാണിക്കുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ.

ജനുവരി - ജൂലൈ നാല് വരെയുള്ള കാലയളവിൽ 5457 കോടി രൂപ വിലമതിക്കുന്ന കാപ്പി ഇന്ത്യയിൽ നിന്നും ഷിപ്പ്മെന്‍റ് നടത്തി. ഇറ്റലിയും ജർമ്മനിയും ജോർദാനും, ദക്ഷിണേന്ത്യൻ കാപ്പി ഉയർന്ന അളവിൽ ശേഖരിച്ചു. ആറ് മാസകാലയളവിൽ 32,110 ടൺ അറബിക്ക കാപ്പിയും 1,16,399 ടൺ റോബസ്റ്റയും കയറ്റുമതി നടത്തി.

ടയർ ലോബി റബർ കർഷകരെ വീണ്ടും സമ്മർദ്ദത്തിലാക്കി. പ്രതികൂല കാലാവസ്ഥയിൽ ടാപ്പിങ് മന്ദീഭവിച്ച അവസരത്തിലും വില ഇടിച്ച് ഷീറ്റ് സംഭരിക്കാനുള്ള ശ്രമത്തിലാണ് ടയർ നിർമ്മാതാക്കൾ. ഇന്നലെ ക്വിന്‍റലിന് 300 രൂപ ഇടിച്ച ടയർ വ്യവസായികൾ നാലാം ഗ്രേഡിന്‍റെ വില ഇന്ന് വീണ്ടും 100 രൂപ കുറച്ച് 15,300 ന് ശേഖരിക്കാമെന്ന നിലപാടിലായിരുന്നു. അഞ്ചാം ഗ്രേഡിന് 15,000 രൂപ മാത്രമാണ് രേഖപ്പെടുത്തിയത്. അതേ സമയം റബർ ഉൽപ്പാദന രംഗം സ്തംഭിച്ചതിനാൽ ലാക്സിന് കടുത്ത ക്ഷാമം നേരിട്ടതോടെ തുടർച്ചയായ അഞ്ചാം ദിവസവും ലാറ്റക്സ് 12,100 ൽ വിപണനം നടന്നു.

ഏലം സീസൺ അടുത്തതോടെ ഉൽപ്പന്ന വില കുറയുമെന്ന നിഗമനത്തിലാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ. അതുകൊണ്ട് കൂടുതൽ മത്സരിച്ച് വില ഉയർത്തുന്നതിൽ നിന്നും വാങ്ങലുകാർ പല അവസരത്തിലും തന്ത്രപരമായി പിൻമാറുകയാണ്. ഉൽപ്പാദന മേഖലയിൽ നടന്ന ലേലത്തിൽ 44,749 കിലോഗ്രാം ചരക്ക് വിൽപ്പനയ്ക്ക് വന്നതിൽ 36,764 കിലോ വിറ്റഴിഞ്ഞു. കയറ്റുമതിക്കാർ രംഗത്തുണ്ടെങ്കിലും മികച്ചയിനങ്ങൾ കിലോ 1932 രൂപയിലും ശരാശരി ഇനങ്ങൾ 1351 രൂപയിലും കൈമാറി.

സ്വർണ വില ആഭരണ കേന്ദ്രങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും പവന് 43,560 രൂപയിൽ വിപണനം നടന്നു. ഗ്രാമിന് വില 5445 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ് ഔൺസിന് 1922 ഡോളറിൽ നിന്നും 1934ലേക്ക് ഉയർന്നു.