21 Feb 2023 12:00 PM
Summary
- തേക്കടിയില്‍ നടന്ന ഏലക്ക ലേലത്തില്‍ ഏകദേശം മുക്കാല്‍ ലക്ഷം കിലോ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങിയതില്‍ 63,400 കിലോയും ലേലം കൊണ്ടു
കേരളത്തിലെ കാപ്പി തോട്ടങ്ങളില്‍ വിളവെടുപ്പ് പുര്‍ത്തിയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായാണ് കാപ്പി ഉത്പാദകര്‍ വ്യക്തമാക്കുന്നത്. വയനാട്ടിലും പാലക്കാടുമുള്ള തോട്ടങ്ങളില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ പൊഴിഞ്ഞ കാപ്പി പൂക്കള്‍ കര്‍ഷകരുടെ മോഹങ്ങളാണ് ഇല്ലാതാക്കിയത്.
വിളവെടുപ്പ് വേളയില്‍ കിലോ 160 ല്‍ നിന്നും 188 ലേയ്ക്ക് കരുത്ത് കാണിച്ച കാപ്പി വില അടുത്ത മാസം 200 ന് മുകളില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് കാപ്പി കര്‍ഷകര്‍. വിളവെടുത്ത കാപ്പി കുരുക്കള്‍ ഉണക്കി സംസ്‌കരിച്ച് വന്‍ വിലയെ ഉറ്റുനോക്കുകയാണ് തോട്ടം മേഖല. ഇതിനിടയില്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ന് അറബിക്ക് കാപ്പി വില നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത് ഇന്ത്യന്‍ കാപ്പിക്ക് നേട്ടം പകരും.
പിടിച്ച് നിര്‍ത്താന്‍ പാട്‌പെട്ട് റബര്‍ വില
റബറിന് വ്യവസായിക ഡിമാന്‍ഡ് കുറഞ്ഞതിനൊപ്പം കാര്‍ഷിക മേഖല ചരക്ക് വിതരണത്തിലും കുറവ് വരുത്തി. വരണ്ട കാലാവസ്ഥയില്‍ മൂലം ഒട്ടുമിക്ക ഭാഗങ്ങളിലും ഉത്പാദനം നിലച്ചതിനാല്‍ വില ഉയരുമെന്ന പ്രതീക്ഷയില്‍ ഭൂരിഭാഗം പ്ലാന്റ്റര്‍മാരും സ്റ്റോക്ക് വിപണിയെ ഇറക്കാതെ പിടിച്ചു നിര്‍ത്തുകയാണ്.
പണത്തിന് അത്യാവശ്യമുള്ള ചെറുകിടക്കാര്‍ മാത്രമാണ് വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. സാമ്പത്തിക ഞെരുക്കം മറയാക്കി ടയര്‍ വ്യവസായികള്‍ നിരക്ക് താഴ്ത്താന്‍ നടത്തിയ ശ്രമം വിജയിക്കില്ലെന്ന് വ്യക്തമായതോടെ അവര്‍ നാലാം ഗ്രേഡ് കിലോ 143 രൂപയായി ഉയര്‍ത്തി.
വില്‍പ്പന പൊടിപൊടിച്ച് ഏലം
തേക്കടിയില്‍ നടന്ന ഏലക്ക ലേലത്തില്‍ ഏകദേശം മുക്കാല്‍ ലക്ഷം കിലോ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങിയതില്‍ 63,400 കിലോയും ലേലം കൊണ്ടു. ഗള്‍ഫ് മേഖലയിലേയ്ക്കുള്ള കയറ്റുമതി ലക്ഷ്യമാക്കിയുളള ചരക്ക് സംഭരണം ഒരു വശത്ത് പുരോഗമിക്കുന്നതിനാല്‍ മികച്ചയിനങ്ങള്‍ കിലോ 2287 രൂപയിലും ശരാശരി ഇനങ്ങള്‍ 1433 രൂപയിലും ഏലക്ക കൈമാറി.