25 July 2024 12:14 PM GMT
Summary
- പച്ച കൊക്കോ കിലോ 75 രൂപയായും ഉണക്ക 340 രൂപയിലേയ്ക്കും താഴ്ന്നു
- സീസണ്‍ അവസാനിച്ചതിനാല്‍ ഹൈറേഞ്ച് മേഖലയില്‍ വില്‍പ്പനക്കാര്‍ കുറഞ്ഞു
- നാളികേര കര്‍ഷകര്‍ ചിങ്ങത്തിന്റ വരവിനെ ഉറ്റ് നോക്കുകയാണ്
ആഗോള വിപണിയില്‍ കൊക്കോ ക്ഷാമം വീണ്ടും വിലക്കയറ്റത്തിന് വഴി തെളിക്കുമെന്ന സൂചനകള്‍ക്കിടയിലും കേരളത്തില്‍ ഉല്‍പ്പന്ന വില ഇടിയുന്നു. പച്ച കൊക്കോ കിലോ 75 രൂപയായും ഉണക്ക 340 രൂപയിലേയ്ക്കും താഴ്ന്നു. വില ഇടിവ് കണ്ട് ചെറുകിട ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ ചരക്കിനായി വിപണിയില്‍ എത്തുമെന്ന് ഉല്‍പാദകര്‍ കണക്ക് കൂട്ടിയെങ്കിലും അവര്‍ നിശബ്ദത പാലിച്ചു. ബഹുരാഷ്ട്ര ചോക്ലേറ്റ് വ്യവസായികള്‍ രംഗത്ത് നിന്നും പൂര്‍ണമായി അകന്നുവെന്ന് വിപണി വൃത്തങ്ങള്‍. സീസണ്‍ അവസാനിച്ചതിനാല്‍ ഹൈറേഞ്ച് മേഖലയില്‍ വില്‍പ്പനക്കാര്‍ കുറഞ്ഞു, സ്റ്റോക്കിസ്റ്റുകള്‍ ഉയര്‍ന്നവില പ്രതീക്ഷിച്ച് കൊക്കോ പിടിക്കുന്നുണ്ട്.
നാളികേര കര്‍ഷകര്‍ ചിങ്ങത്തിന്റ വരവിനെ ഉറ്റ് നോക്കുകയാണ്. ഓണ ഡിമാന്റ് വെളിച്ചെണ്ണയ്ക്ക് പുതുജീവന്‍ പകരുമെന്ന വിശ്വാസത്തില്‍ ഉല്‍പാദകര്‍ കൊപ്ര വില്‍പ്പന നിയന്ത്രിച്ച് മെച്ചപ്പെട്ട വിലയ്ക്ക് വേണ്ടി കാത്ത് നില്‍ക്കുന്നു. തുടര്‍ച്ചയായ മൂന്നാം വാരത്തിലും കൊപ്ര 10,000 രൂപയില്‍ സ്റ്റെഡിയാണ്. 15,400 രൂപയില്‍ നിലകൊള്ളുന്ന വെളിച്ചെണ്ണ ഓണ വേളയില്‍ കൂടുതല്‍ മികവ് കാണിക്കുമെന്ന നിലപാടിലാണ് ചെറുകിട മില്ലുകാര്‍.
ഏഷ്യയിലെ പ്രമുഖ റബര്‍ അവധി വ്യാപാര കേന്ദ്രങ്ങളില്‍ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ രാവിലെ വ്യാപാരം നടന്നു. നിക്ഷേപകരുടെ ഭാഗത്ത് നിന്നുള്ള പിന്‍തുണ കുറഞ്ഞത് റബറിനെ കൂടുതല്‍ പ്രതിസന്ധിലാക്കാം. ജപ്പാനില്‍ റബര്‍ വില കിലോ 311 യെന്നിലേയ്ക്ക് ഇടിഞ്ഞു. അതേസമയം കേരളത്തില്‍ റബര്‍ ഷീറ്റ് ലഭ്യത കുറഞ്ഞതിനാല്‍ ടയര്‍ വ്യവസായികള്‍ നിരക്ക് അടിക്കടി ഉയര്‍ത്തിയെങ്കിലും വില്‍പ്പനക്കാരുടെ അഭാവം അവരെ സമ്മര്‍ദ്ദത്തിലാക്കുന്നു. നാലാംഗ്രേഡ് കിലോ 218രൂപ.
ഏലക്ക ലേലത്തില്‍ ശരാശരി ഇനങ്ങളും മികച്ചയിനങ്ങളും തമ്മില്‍ വിലയിലുള്ള അന്തരംകിലോ 500 രൂപയായി ചുരുങ്ങി. ഇടുക്കിയില്‍ രാവിലെ നടന്ന ലേലത്തിന് എത്തിയത് കേവലം 15,025 കിലോ ചരക്കില്‍ 14,728 കിലോയും വിറ്റഴിഞ്ഞങ്കിലും ഏലക്ക സംഭരണത്തിന് കാര്യമായ ഉത്സാഹം വാങ്ങലുകാരില്‍ പ്രകടമായില്ല. ശരാശരി ഇനങ്ങള്‍ക്ക് 2267 രൂപയിലും മികച്ചയിനങ്ങള്‍ 2705 രൂപയിലുമാണ്.