1 March 2024 11:47 AM GMT
Summary
- 150 രൂപയിൽ നിന്ന് 901 രൂപയിലേക്ക് ഓഹരികൾ മുന്നേറി
- കുറഞ്ഞ മാർക്കറ്റ് ക്യാപിൽ വാല്യൂവേഷൻ ഉയർന്നത്
- ഇന്ത്യൻ ഐടി മേഖലയിലെ ഉയർന്ന സ്ഥാപനമായ നാസ്കോമിന്റെ സഹസ്ഥാപകനാണ് ചെയർമാൻ
1968 ൽ സ്ഥാപിതമായ ടിസിഎസ്സും 1970-കളിൽ വിപണിയിൽ പ്രവേശിച്ച ഇൻഫോസിസുമാണ് ഇന്ത്യൻ ഐടി വിപ്ലവത്തിന് തുടക്കം കുറിച്ചതും ഇന്നോളമായി നയിക്കുന്നതും. എന്നാൽ പുതിയ കാല ഘട്ടത്തിലെ ഇൻഫോസിസും ടിസിഎസ്സും ഏത് എന്നതാണ് ഓഹരിവിപണിയിൽ നിക്ഷേപകർ അന്വേഷിക്കുന്നത്. എങ്കിൽ ഐടി വ്യവസായത്തിൽ ഗോൾഡ് സ്റ്റാൻഡേർഡായി പരിഗണിക്കുന്ന, ഗാർട്ട്നറിന്റെ (Gartner) മാജിക് ക്വാഡ്രൻ്റ് മാഗസിനിൽ തുടർച്ചയായ നാലു വട്ടവും പരാമർശം നേടിയ ഒരു സ്‌മോൾ ക്യാപ് ഐടി കമ്പനിയെക്കുറിച്ചു ഒന്ന് അറിഞ്ഞാലോ? കഴിഞ്ഞ 15 മാസങ്ങളിലായി 5 മടങ്ങു നേട്ടമാണ് ഓഹരി നൽകിയത്, അതായത് 150 രൂപയിൽ നിന്ന് 901 രൂപയിലേക്കുള്ള മുന്നേറ്റം!! ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലേക്ക് സേവനങ്ങൾ നൽകുന്ന ന്യൂജൻ സോഫ്റ്റ്‌വെയർ ആണ് ആ ചെറിയ വലിയ ഓഹരി.
കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 33 ശതമാനം നേട്ടവും കഴിഞ്ഞ ഒരു ആഴ്ചയിൽ 4 ശതമാനവും നേട്ടം നൽകിയ ഓഹരികൾ ജനുവരി 16 നു സൃഷ്‌ടിച്ച 901 രൂപയെന്ന സർവകാല നേട്ടത്തിലേക്കാണ് നിലവിൽ നീങ്ങുന്നത്. ഡെയിലി ചാർട്ടിൽ 20, 50, 200 ഡേ മൂവിങ് ആവറേജുകൾക് മുകളിൽ സൗകര്യപൂർവം ബുള്ളുകൾ നിലനിൽക്കുന്നു. ഓഹരിയുടെ 50 ഡേ മൂവിങ് ആവറേജ് 820.07 എന്ന ലെവൽ ഇന്നത്തെ സെഷനിലും പിന്തുണയായി നില നിൽക്കുന്നു. നിലവിലെ ഓഹരിവിലയുടെ അടിസ്ഥാനത്തിൽ 11000 കോടി രൂപക്ക് മുകളിലാണ് ഓഹരികളുടെ മാർക്കറ്റ് ക്യാപ്. മറ്റു സമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ, കുറഞ്ഞ മാർക്കറ്റ് ക്യാപിൽ ഉയർന്ന വാല്യൂവേഷൻ ഓഹരികൾക്കുണ്ട് എന്ന് കാണാം. പക്ഷെ കമ്പനിയുടെ തുടർച്ചയായ വരുമാന സംഖ്യകളും സാമ്പത്തിക പ്രകടനവും എങ്ങനെയാണ് ഈ മൂല്യനിർണയത്തെ ന്യായീകരിക്കുന്നത് എന്ന് പരിശോധിക്കാം.
ഇന്ത്യൻ ഐടി മേഖലയിലെ ഉയർന്ന സ്ഥാപനമായ നാസ്കോമിന്റെ (NASSCOM) സഹസ്ഥാപകനായ ദിവാകർ നിഗം, ടി എസ് വരദരാജൻ എന്നിവരാണ് ന്യൂജൻ സോഫ്റ്റ്‌വെയർ എന്ന കമ്പനിയുടെ ശിൽപികൾ. ഡിജിടൈസ്, പ്രോസസ്സ് & അഡാപ്റ്റ്, കമ്മ്യൂണിക്കേഷൻ, ഡാറ്റ സയൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേക്ക് എൻ്റർപ്രൈസ് കോൺടെന്റ് മാനേജ്‌മെൻ്റ്, ബിസിനസ് പ്രോസസ്സ് മാനേജ്മെൻ്റ്, കസ്റ്റമർ കമ്മ്യൂണിക്കേഷൻ മാനേജ്‌മെൻ്റ് എന്നിങ്ങനെയുള സോഫ്റ്റ്‌വെയർ സേവനങ്ങളാണ് ന്യൂജൻ നൽകുന്നത്. ഒരു കമ്പനിയുടെ കൊണ്ടെന്റിന്റെ ഉത്ഭവം മുതൽ വ്യവഹാരം വരെയുള്ള എൻഡ്-ടു-എൻഡ് ലൈഫ് സൈക്കിൾ നിയന്ത്രിക്കുന്നത് എൻ്റർപ്രൈസ് കോൺടെന്റ് മാനേജ്‌മെൻ്റ്(Enterprise content management ) ആണ്. പ്രോസസ് ഓട്ടോമേഷൻ സ്യൂട്ട് ഉപയോഗിച്ച് എൻ്റർപ്രൈസ്-വൈഡ് വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ ബിസിനസ് പ്രോസസ്സ് മാനേജ്മെൻ്റ് (Business process management software) ൽ ഉൾപ്പെടുന്നു. കൂടാതെ കസ്റ്റമർ കമ്മ്യൂണിക്കേഷൻ മാനേജ്‌മെൻ്റ് സോഫ്‌റ്റ്‌വെയർ, ഇമെയിൽ, എസ്എംഎസ്, വെബ്, പ്രിൻ്റ് എന്നിവ പോലുള്ള ഉപഭോക്തൃ ആശയവിനിമയം നിയന്ത്രിക്കാൻ ഓർഗനൈസേഷനുകളെ പ്രാപ്‌തമാക്കുന്ന വിവര സാങ്കേതിക പരിഹാരങ്ങൾ നൽകുന്നു.
1992-ൽ സ്ഥാപിതമായ ഈ കമ്പനിയുടെ പ്രധാന വരുമാനം കടന്നു വരുന്നത് ധനകാര്യ സ്ഥാപനങ്ങൾ അഥവാ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സെഗ്മെന്റിൽ നിന്നാണ്. മൊത്തം വരുമാനത്തിന്റെ ~66 ശതമാനമായി ഇത് കണക്കാക്കുന്നു. ഇൻഷുറൻസ് (~8%), ഹെൽത് കെയർ (~7%), സർക്കാർ സേവനങ്ങൾ (~9%) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളുടെ സംഭാവന. ഇനി ആന്യുറ്റി (Annuity), പ്രോഡക്റ്റ് വില്പന, സർവീസ് എന്നി തരത്തിൽ യഥാക്രമം 61%, 18%, 21% എന്നിങ്ങനെ വരുമാനത്തിലേക്ക് പങ്കു വഹിക്കുന്നു. പ്രാദേശിക അടിസ്ഥാനത്തിൽ പ്രധാന വരുമാനം കടന്നു വരുന്ന രാജ്യങ്ങൾ ഇന്ത്യ (~34%), മിഡിൽ ഈസ്റ്റ് (~32%) എന്നിവയാണ്. വരുമാനത്തിന്റെ ~22 ശതമാനത്തോളം അമേരിക്കയിൽ നിന്നാണ്. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആവശ്യങ്ങൾക്കായി നല്ലൊരു തുക കമ്പനി മാറ്റി വെക്കാറുണ്ട്. അനുമതി ലഭിച്ച ഏകദേശം 22 പേറ്റന്റുകൾ കമ്പനിക്കുണ്ട്.
മൂന്നാംപാദ റിപ്പോർട്ടുകൾ അനുസരിച്ചു 2018-23 സാമ്പത്തിക വർഷങ്ങൾക്കിടയിൽ കമ്പനിയുടെ ആന്യുറ്റി വരുമാനം 22% സിഎജിആർ (CAGR) വളർച്ചയാണ് നൽകിയത്. സബ്സ്ക്രിപ്ഷൻ വരുമാനം അതെ കാലയളവിൽ 27 ശതമാനവും സാസ് (SaaS - ക്ലൗഡ്/ സബ്‌സ്‌ക്രിപ്‌ഷൻ ലൈസൻസ് വരുമാനം ) വരുമാനം 54 ശതമാനം സിഎജിആർ വളർച്ചയും രേഖപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിൽ 50 മില്യൺ രൂപയുടെ ബില്ലിംഗ് റിപ്പോർട്ട് ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു. ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നി പരമ്പരാഗത വിപണിയുടെ പിന്തുണയിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ 9 മാസങ്ങളിലായി 30% വരുമാന വളർച്ച വാർഷികാടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. സമാന കാലയളവിൽ നികുതിക്ക് ശേഷമുള്ള ലാഭം 51% വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചപ്പോൾ ലാഭ മാർജിൻ 17% ഉയർന്നു. കമ്പനിയുടെ കട ദിനങ്ങൾ (Debtors Days) തുടർച്ചയായ പാദങ്ങളിലായി കുറഞ്ഞുവരുന്നു. യൂണിയൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് അലയൻസ്, മാക്സ് ലൈഫ് , സ്ട്രൈഡ്സ് എന്നിങ്ങനെ നീണ്ട ക്ലയന്റ് നിര കമ്പനിക്കുണ്ട്. എവറസ്റ്റ് ഗ്രൂപ്പിൻ്റെ (Everest Group) ലോ-കോഡ് ടെക്നോളജി പ്രൊവൈഡർമാരിൽ ലീഡറായും, ഡിജിറ്റൽ പ്രോസസ് ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ വിഭാഗത്തിൽ ശക്തമായ പെർഫോമർ ആയി ഫോറെസ്റ്റർ (Forrester) ഉം തിരഞ്ഞെടുത്തിരുന്നു.
ശക്തമായ ഫണ്ടമെന്റൽ അടിസ്ഥാനങ്ങൾ തന്നെയാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. 2020 ഡിസംബറിലെ 166 കോടി വരുമാനത്തിൽ നിന്നും 2023 ഡിസംബറിലേക്ക് 299 കൂടിയായി ഉയർത്തിയിട്ടുണ്ട്. നെറ്റ് പ്രോഫിറ്റ് 33 കോടിയിൽ നിന്നും ഇരട്ടിയോളം ഉയർന്നു 65 കോടി രൂപയാണ് സമാന കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രൊമോട്ടേഴ്‌സിന്റെ ഓഹരിവിഹിതം മാറ്റങ്ങളില്ലാതെ തുടരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വിദേശ നിക്ഷേപകർ 2018 ൽ 9 ശതമാനം നിക്ഷേപത്തിൽ നിന്നും 15 ശതമാനമായി 2024 ജനുവരി വരെയുള്ള കണക്കുകളിൽ ഉയർത്തിയിട്ടുണ്ട്. ആഭ്യന്തര നിക്ഷേപകരാവട്ടെ 9.73% നിക്ഷേപം നടത്തിയിട്ടുണ്ട്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല