28 May 2023 11:45 AM GMT
Summary
- അറ്റനഷ്ടം റെക്കോര്‍ഡിട്ടപ്പോള്‍ അപ്രതീക്ഷിത നേട്ടം
- റിലയന്‍സിന് ഇനിയും മുന്നേറ്റമുണ്ടാകുമോ?
- പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു
വിപണി തുടങ്ങുന്ന തിങ്കളാഴ്ച വലിയ ശുഭ പ്രതീക്ഷയോടെയാണ് വ്യാപാരം ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തുറക്കുമ്പോള്‍ ഏതൊക്കെ മേഖലകളാണ് നേട്ടം കൊയ്യുക ഏതൊക്കെ കാറ്റഗറി താഴോട്ട് നീങ്ങുമെന്നൊക്കെ ഏകദേശ ധാരണ നിക്ഷേപകന് വേണം . ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ പ്രമുഖ സൂചികകളൊക്കെ കുതിച്ചുയര്‍ന്നാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി ,ഐടി ,മെറ്റല്‍ മേഖലകളൊക്കെ മികച്ച വരുമാനം കൊയ്തുവെന്ന് പറയാം. ബിഎസ്ഇ സെന്‍സെക്‌സ് 1.02 ശതമാനം കുതിച്ചുയര്‍ന്ന് 62,501 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചിക 0.97 ശതമാനം ഉയര്‍ന്ന് 18499 എന്ന പോയിന്റിലുമെത്തി. നാളെ വിപണിയില്‍ പല മേഖലാ സൂചികകളും കുതിച്ചുയര്‍ന്നേക്കാം. എന്നാല്‍ മൂന്ന് കമ്പനികളുടെ ഓഹരികള്‍ മിക്കവാറും കുതിച്ചുയര്‍ന്ന് വരുമാനം നേടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. അതിനുള്ള കാരണങ്ങളും താഴെ പറയാം. ഫാര്‍മസി ,എഫ്എംസിജി,തൊഴില്‍ മേഖലയിലെ പ്രമുഖ കമ്പനികളാണിത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്
കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ മികച്ച നേട്ടം കൊയ്ത് മുന്നേറിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം 2.79 ശതമാനമായിരുന്നു കുതിച്ചുയര്‍ന്നത്. ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ ഓഹരികള്‍ റിലയന്‍സ് ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്നായിരുന്നു ഈ കുതിച്ചുചാട്ടം. 51 ശതമാനം ഓഹരികളാണ് കമ്പനി ഏറ്റെടുത്തത്. ഇതേതുടര്‍ന്ന് ലോട്ടസ് കമ്പനിയുടെ ഓഹരികള്‍ക്കും മികച്ച മുന്നേറ്റമാണ് സൂചികയിലുണ്ടായത്. അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് അപ്പര്‍സര്‍ക്യൂട്ടില്‍ കുടുങ്ങിയിട്ടുണ്ട്. തിങ്കളാഴ്ചയും പുതിയ തീരുമാനത്തിന്റെ ഫലം റിലയന്‍സ് ഓഹരികളില്‍ ഉണ്ടായേക്കാം.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്
ഫാര്‍മസി ബിസിനസിലെ പ്രമുഖ കമ്പനിയായ സണ്‍ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരികള്‍ വെള്ളിയാഴ്ച കുതിച്ചുയര്‍ന്നാണ് വ്യാപാരം നടത്തിയത്. 2.32 ശതമാനം ഉയര്‍ന്ന ഓഹരികളുടെ നിലവാരം 966.95 രൂപയായിരുന്നു. 2.33 ലക്ഷം കോടി മാര്‍ക്കറ്റ് കാപ്പിറ്റലുള്ള കമ്പനിയുടെ ഓഹരികളുടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരം 1,072.15 രൂപയാണ്. ഏറ്റവും കുറഞ്ഞ നിലവാരം 789.90 രൂപയുമാണ്. ഇക്കഴിഞ്ഞ നാലാം ത്രൈമാസഫലം പുറത്തുവിട്ടിട്ടുണ്ട് കമ്പനി. 1984 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ഒരു വര്‍ഷം മുമ്പ് 2277 കോടി രൂപ നഷ്ടമായിരുന്നു ഇതേ പാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ മികച്ച മുന്നേറ്റമാണ് ബിസിനസില്‍ കമ്പനി നടത്തിയിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 4 രൂപയാണ് ഒരു ഓഹരിക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഡിവിഡന്റ്. പുതിയ ഫലം പുറത്തുവിട്ട സാഹചര്യത്തില്‍ ഓഹരിയുടെ നീക്കങ്ങള്‍ തിങ്കളാഴ്ച നിക്ഷേപകര്‍ക്ക് നിര്‍ണായകമാണ്.
ഇന്‍ഫോ എഡ്ജ് (ഇന്ത്യാ)ലിമിറ്റഡ്
തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ സംരംഭമായ 'നൗക്രി' യുടെ കമ്പനിയാണ് ഇന്‍ഫോ എഡ്ജ്. ഇക്കഴിഞ്ഞ പാദത്തില്‍ 273 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനിക്കുണ്ടായത്. മുന്‍വര്‍ഷം 629 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. എന്നാല്‍ അപ്രതീക്ഷിതമായി ഈ കമ്പനിയുടെ ഓഹരികള്‍ വെള്ളിയാഴ്ച 7.66 ശതമാനം കുതിച്ചുയര്‍ന്നു കൊണ്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ലാര്‍ജ്ക്യാപ് പാക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ഈ ഓഹരിയാണ്. 4,168 രൂപയായിരുന്നു ഓഹരി വില. അറ്റ നഷ്ടം നേരിട്ടിട്ടും കമ്പനി നേട്ടം കൊയ്ത സാഹചര്യത്തില്‍ തിങ്കളാഴ്ച എന്ത് സംഭവിക്കുമെന്ന് ഓരോ നിക്ഷേപകരും ഉറ്റുനോക്കും. 54 കോടിയാണ് മാര്‍ക്കറ്റ് ക്യാപിറ്റല്‍. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 4624.90 കോടി രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 3308 കോടിരൂപയുമാണ്.
( ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. മുകളിലുള്ള ആര്‍ട്ടിക്കിള്‍ വിവിധ സ്‌ത്രോസ്സുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കാര്യങ്ങള്‍ മനസിലാക്കി മാത്രം നിക്ഷേപിക്കുക. )