27 Feb 2024 6:21 AM GMT
Summary
- 'ന്യൂട്രൽ' സ്റ്റാൻസിൽ നിന്നും ഓഹരികൾക്ക് 'ബൈ' റേറ്റിംഗ്
- 4184 രൂപയാണ് ടിസിഎസ്സിന്റെ സർവകാല നേട്ടം
ആദ്യഘട്ട വ്യാപാരത്തിൽ നിഫ്റ്റി 50 സൂചികയെ നയിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ്. ആഗോള ബ്രോക്കറേജ് കമ്പനിയായ യുബിഎസ് റേറ്റിങ് ഉയർത്തിയതിന് തുടർന്നാണ് ഓഹരികളിൽ മുന്നേറ്റം. മുൻപ് നൽകിയിരുന്ന 'ന്യൂട്രൽ' സ്റ്റാൻസിൽ നിന്നും ഓഹരികൾക്ക് 'ബൈ' റേറ്റിംഗ് ബ്രോക്കറേജ് നൽകുന്നുണ്ട്. ഓഹരിയൊന്നിനു ടാർഗറ്റ് വില 4000 രൂപയിൽ നിന്നും 4700 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇന്നലത്തെ ക്ലോസിങ് ലെവലിൽ നിന്ന് 17% ഉയർച്ചയാണ് ബ്രോക്കറേജ് ഓഹരികളിൽ കാണുന്നത്. ഉയർന്ന മൂല്യമുള്ള ഡീലുകളുടെ കുതിപ്പ് ദീർഘകാലാടിസ്ഥാനത്തിൽ വളർച്ചയെ നയിക്കുമെന്ന വിശകലന വിദഗ്ദ്ധരുടെ വിശ്വാസമാണ് ഓഹരികളിൽ റേറ്റിംഗ് ഉയർത്തിയതിന് കാരണം.
മൂന്നാം പാദവരുമാനത്തിൽ 2.9% ഉയർച്ചയാണ് വാർഷികാടിസ്ഥാനത്തിൽ കമ്പനി രേഖപ്പെടുത്തിയത്. എമേർജിങ് വിപണികളിൽ ഇരട്ട അക്ക വളർച്ച, പ്രത്യേകിച്ചു ഇന്ത്യൻ മാർക്കറ്റിൽ 23.4% ഉയർച്ച റിപ്പോർട്ട് ചെയ്യാൻ ടിസിഎസ്സിന് കഴിഞ്ഞു. "ഞങ്ങളുടെ ദീർഘകാല വളർച്ചയിലേക്ക് സംഭാവന നൽകുന്ന രീതിയിൽ വിപണിയിലുടനീളം ശക്തമായ ഡീൽ വളർച്ചയും അതിന്റെ ഫലമായി സോളിഡ് ഓർഡർ ബുക്കും കാണാൻ കഴിയുന്നു" ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറും ആയ കെ.കൃതിവാസൻ പറഞ്ഞു.
വളർച്ചാ ഡ്രൈവറുകളിൽ ചിലത് ബിഎസ്എൻഎൽ, നെസ്റ്റ് (NEST), അവിവ (Aviva) തുടങ്ങിയ വലിയ ഡീലുകൾ ഉൾപ്പെടുന്നു. മൂന്നാം പാദത്തിലെ ഡീലുകളിൽ ഉൾപ്പെടുന്നത് - പ്രമുഖ യുകെ ബാങ്ക്,ആസ്ട്രേലിയൻ പ്രൈമറി സെക്യൂരിറ്റിസ് മാർക്കറ്റ് ക്ലീയറിങ് ആൻഡ് സെറ്റിൽമെൻ്റ് പ്ലാറ്റ്ഫോം സേവനങ്ങൾ, ഒസ്‌ലോ ദി മഞ്ച് മ്യുസിയം (The Munch Museum), യുഎസ് ഹെൽത്ത് കെയർ കമ്പനി, യൂറോപ്പ്യൻ പോസ്റ്റൽ ഓർഗനൈസേഷൻ, ഓസ്ട്രേലിയയിലെ മുൻനിര ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ടിപിജി ടെലികോം, വിർജിൻ മീഡിയ 02 യുകെ, ജർമൻ ഓട്ടോമോട്ടീവ് ഫിനാൻഷ്യൽ സർവീസ് കമ്പനി, യൂറോപ്പ്യൻ ഇൻഷുറൻസ് കമ്പനി എന്നിവയാണ്.ഇതിനുപുറമെ, ബിഎഫ്എസ്ഐ വിഭാഗത്തിലെ പുനരുജ്ജീവനവും ക്ലൗഡ് മൈഗ്രേഷൻ പ്രോജക്റ്റുകളും വളർച്ചയ്ക്ക് കാരണമാകുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
വരുമാന വളർച്ചയിൽ മറ്റു സമാന ഐടി കമ്പനികളെക്കാൾ ഉയർന്ന വളർച്ച ടാറ്റ കൺസൾട്ടൻസി സർവീസസിന് രേഖപ്പെടുത്താൻ കഴിയുമെന്ന് യുബിഎസിലെ വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. 100-150 ബേസിസ് പോയിൻ്റ് അധിക ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2025 സാമ്പത്തിക വർഷത്തോടെ മാർജിനിലും മറ്റു കമ്പനികളെക്കാൾ മുന്നിട്ടു നിൽക്കുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. താരതമ്യം ചെയ്യുമ്പോൾ ടിസിഎസ്സിന്റെ മികവ് വിപണി ഉൾക്കൊണ്ടിട്ടില്ലെന്നാണ് യുബിഎസ് ചൂണ്ടികാണിക്കുന്നത്. കൂടാതെ കമ്പനിയുടെ ദീർഘകാല ട്രേഡിങ്ങ് പ്രീമിയവും മറ്റു കമ്പനികളെ അപേക്ഷിച്ചു ഏറ്റവും താഴ്ന്ന നിലയിലാണ്.