5 March 2024 6:17 AM GMT
ഇൻട്രാഡേയിൽ പൊതുമേഖലാ ബാങ്ക് ഓഹരി ഉയർന്നത് 5%; ബ്രോക്കറേജ് നൽകുന്ന ഷോർട്ട് ടേം അവസരങ്ങൾ അറിയാം
Jesny Hanna Philip
Summary
- ഓഹരികളെ സംബന്ധിച്ച് ഏറ്റവും മോശമായത് കടന്നു പോയെന്നു ബ്രോക്കറേജ് വിശ്വസിക്കുന്നു
- വിദഗ്ധർ പ്രതീക്ഷിക്കുന്ന ടാർഗറ്റ് വിലയും റിട്ടേൺസും അറിയാം.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരികളാണ് പൊതുമേഖലാ കമ്പനികൾ. അതിലും ബാങ്കിങ് ഓഹരികളിലെ മുന്നേറ്റം വിപണിയെ അമ്പരിപ്പിച്ചുകൊണ്ടേയിരുന്നു. ഇപ്പോളിതാ ഒരു മൾട്ടിബാഗർ ബാങ്കിങ് ഓഹരിക്ക് ഹ്രസ്വകാല നിക്ഷേപത്തിനായി ബ്രോക്കറേജ് സ്ഥാപനമായ എസ്ബിഐ സെക്യൂരിറ്റീസ് നിർദേശവും നൽകുന്നു. ഇന്നത്തെ വിപണിയിൽ ഓഹരി ആദ്യവ്യാപാരത്തിൽ നേരിയ ഇടിവ് പ്രകടമാക്കിയതിനു ശേഷം വൻ കുതിച്ചു ചാട്ടമാണ് നൽകിയത്, 4% നേട്ടം വരെ കൈവരിച്ചു.
1919 ൽ സ്ഥാപിതമാവുകയും പിന്നീട് 1969 ലെ ദേശസാത്ക്കരണത്തിനൊപ്പം കൂട്ടിച്ചേർക്കപ്പെടുകയും ചെയ്ത യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 75% ഉടമസ്ഥാവകാശം ഗവൺമെന്റിനാണ്. 2020 ൽ ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയെ സംയോജിപ്പിച്ചതിനു ശേഷം ശക്തമായ ബാലൻസ് ഷീറ്റിൻ്റെയും ഉയർന്ന പ്രാദേശിക കൂട്ടിച്ചേർക്കലുകളുടെയും നേട്ടങ്ങൾ ബാങ്ക് ആസ്വദിക്കുന്നു. സമീപകാല സാമ്പത്തിക പ്രകടനം, കോർപ്പറേറ്റ് ഭരണം, ഓഹരിയുടെ പ്രകടനം, മാക്രോ ഡെവലപ്മെന്റുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഓഹരിയിൽ നിന്ന് എസ്ബിഐ സെക്യൂരിറ്റീസ് വിദഗ്ധർ പ്രതീക്ഷിക്കുന്ന ടാർഗറ്റ് വിലയും റിട്ടേൺസും അറിയാം.
1. സമീപകാല സാമ്പത്തിക പ്രകടനം
മാനേജ്മെൻ്റ് മാർഗ്ഗനിർദ്ദേശം, റിട്ടേൺ, മാർജിൻ പ്രൊഫൈൽ എന്നിവയെ പോസിറ്റീവ് ആയി ബ്രോക്കറേജ് വിലയിരുത്തുന്നു. മൂന്നാം പാദത്തിൽ നെറ്റ് പ്രോഫിറ്റ് 60% ഉയർച്ചയാണ് വാർഷികാടിസ്ഥാനത്തിൽ രേഖപ്പെടുത്തിയത്. 3,589.4 കോടി രൂപയാണ് ലാഭം. പ്രൊവിഷനുകൾക്ക് മുൻപുള്ള പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 10% ഉയർന്നു. നെറ്റ് ഇന്ററസ്റ്റ് മാർജിൻ 3.1% എന്ന ആരോഗ്യകരമായ നില തുടരുന്നു. വായ്പകൾ 11% , ഡെപ്പോസിറ്റുകൾ 10% ഉയർച്ചയും നൽകി. കൂടാതെ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായി വളർച്ച റിപ്പോർട്ട് ചെയ്യാൻ കമ്പനിക്കു സാധിച്ചുവെന്ന് സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നു. വായ്പകൾ 11-12% മാർഗ്ഗനിർദ്ദേശത്തിനുള്ളിൽ നില നിന്നപ്പോൾ ഡെപ്പോസിറ്റുകൾ 8-10% എന്ന മാർഗ നിർദേശ ബാൻഡിന്റെ ഉയർന്ന അക്കം തന്നെ രേഖപ്പെടുത്തി. ക്ലിയർ ബാലൻസ് ഷീറ്റും മതിയായ മൂലധനവും ശക്തമായ നിക്ഷേപ അടിത്തറയും ഉള്ളതിനാൽ, ക്രെഡിറ്റ് വളർച്ച വേഗത്തിലാകുമെന്ന് സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നു. സുസ്ഥിരമായ മാർജിനുകളും അനുകൂലമായ ക്രെഡിറ്റ് ചെലവുകളും ചേർന്ന് ഇടത്തരം കാലയളവിൽ ശക്തമായ ലാഭത്തിലേക്ക് നയിക്കും.
2 . മൊത്തത്തിലുള്ള കോർപ്പറേറ്റ് ഭരണം
അസറ്റ് ക്വാളിറ്റി പൊതുവെ മെച്ചപ്പെട്ട് കാണപ്പെടുന്നുണ്ട് എന്നതാണ് ബ്രോക്കറേജ് വീക്ഷണം. മൂന്നാംപാദത്തിൽ ക്രെഡിറ്റ് ചെലവ് 56 bps ആയിരുന്നു. ജിഎൻപിഎ/എൻഎൻപിഎ (GNPA/NNPA) അനുപാതങ്ങൾ യഥാക്രമം 155 ബേസിസ് പോയിന്റുകളും 22 ബേസിസ് പോയിന്റുകളും ഇടിഞ്ഞു 4.8%/1.1% എന്നിങ്ങനെ റിപ്പോർട്ട് ചെയ്തു. സമീപകാല ക്രെഡിറ്റ് ചെലവ് 50 ബേസിസ് പോയിന്റുകൾക്കും താഴെ ആയിരിക്കുമെന്ന മാർഗനിർദേശമാണ് മാനേജ്‌മന്റ് നൽകുന്നത്. നാലാം പാദത്തിൽ യീൽഡിലും പുരോഗതി മാനേജ്‌മന്റ് പ്രതീക്ഷിക്കുന്നുണ്ട്. കോസ്റ്റ് ഓഫ് ഫണ്ട് ഉയർന്നിട്ടും നെറ്റ് ഇൻട്രസ്റ്റ് മാർജിൻ 3 ശതമാനത്തിനടുത്തു നില നില്കുന്നത് അനുകൂലമാണ്.
3. സമീപകാല സ്റ്റോക്ക് പ്രൈസ് മൂവ്മെൻ്റ്
ഓഹരികളെ സംബന്ധിച്ച് ഏറ്റവും മോശമായത് കടന്നു പോയെന്നു ബ്രോക്കറേജ് വിശ്വസിക്കുന്നു. ഉയർന്ന വാല്യൂവേഷൻ, 52 ആഴ്ചയിലെ ഉയർന്ന നിലവാരം എന്നിങ്ങനെയുള്ള ആശങ്കകൾ ഒഴിഞ്ഞിട്ടുണ്ട്. ഓഹരികൾ 155 രൂപയുടെ ഉയർന്ന വിലയിലേക്ക് എത്തി ചേരുന്നതിനു ശേഷം കറക്ഷൻ നേരിടുകയും കഴിഞ്ഞ 3 ആഴ്ചകളായി കൺസോളിഡേഷൻ ഘട്ടത്തിൽ കൂടി കടന്നുപോവുകയും ചെയ്തു. ഇന്നത്തെ വ്യപാരത്തിൽ ഓഹരി 52 ആഴ്ച ഉയരമായ 155 രൂപ മറികടന്നു 5% നേട്ടം വരെ നൽകി കഴിഞ്ഞു. വാല്യൂവേഷൻ നിലവിൽ ആകർഷകമാണെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു.
യൂണിയൻ ബാങ്ക് ഓഹരികൾക്ക് ഹ്രസ്വകാല ടാർഗറ്റായി ബ്രോക്കറേജ് നൽകുന്നത് 163.6 രൂപയാണ്. ഓഹരികളിൽ നിക്ഷേപകർക്ക് 147.3-150.2 എന്ന റേഞ്ച് അക്യുമിലേറ്റ് ചെയ്യാൻ പരിഗണിക്കാവുന്നതാണ്. ഇൻട്രാഡേയിൽ ഓഹരി 156.90 വരെ ഉയർന്നിരുന്നു (11.30 എ.എം).
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല