image

29 May 2023 6:16 AM GMT

Buy/Sell/Hold

ഹിറ്റ്‌ലറിന്റെ വെള്ളി പൂശിയ പെന്‍സില്‍ ലേലത്തിന്

MyFin Desk

ഹിറ്റ്‌ലറിന്റെ വെള്ളി പൂശിയ പെന്‍സില്‍ ലേലത്തിന്
X

Summary

  • ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യത്തിന്റെ തുടക്കം മുതല്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുകയും ബെര്‍ലിന്‍ ബങ്കറില്‍ ജീവിതം അവസാനിപ്പിക്കുകയും ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഈവ
  • ലേലത്തിലൂടെ 80,000 പൗണ്ട് വരെ നേടാനാകുമെന്നാണു ബ്ലൂംഫീല്‍ഡ് ഓക്ഷന്‍ ഹൗസ് പ്രതീക്ഷിക്കുന്നത്
  • ലേലത്തില്‍ ഗ്രേറ്റ് ബ്രിട്ടനും അയര്‍ലന്‍ഡും തമ്മില്‍ ഒപ്പുവച്ച ഉടമ്പടിയും ലേലത്തിനുണ്ട്.


ഹിറ്റ്‌ലറിന്റേത് എന്നു കരുതുന്ന വെള്ളി പൂശിയ പെന്‍സില്‍ ലേലത്തിന്. ലേലത്തിലൂടെ 80,000 പൗണ്ട് വരെ നേടാനാകുമെന്നാണു ബ്ലൂംഫീല്‍ഡ് ഓക്ഷന്‍ ഹൗസ് ( Bloomfield Auction house ) പ്രതീക്ഷിക്കുന്നത്.

1941 ഏപ്രില്‍ 20-ന് 52-ാം ജന്മദിനം ആഘോഷിച്ച വേളയില്‍ ഹിറ്റ്‌ലര്‍ക്ക് ദീര്‍ഘകാല പങ്കാളിയായ ഇവാ ബ്രൗണ്‍ സമ്മാനമായി നല്‍കിതാണ് ഈ പെന്‍സിലെന്നാണു പറയപ്പെടുന്നത്. പെന്‍സിലില്‍ ജര്‍മന്‍ ഭാഷയില്‍ AH എന്ന ഇനിഷ്യലും ആലേഖനം ചെയ്തിട്ടുണ്ട്.

ഹിറ്റ്ലറുടെ വ്യക്തിഗത പെന്‍സിലിന്റെ പ്രാധാന്യം, അത് ചരിത്രത്തില്‍ മറഞ്ഞിരിക്കുന്ന ഒരു ഭാഗം അനാവരണം ചെയ്യാന്‍ സഹായിക്കുന്നു എന്നതിലാണ്. അവ ഹിറ്റ്ലറുടെ വ്യക്തിബന്ധങ്ങളെക്കുറിച്ച് സൂചന നല്‍കുന്നുമുണ്ട്. അദ്ദേഹം പൊതുജനങ്ങളില്‍ നിന്ന് സൂക്ഷ്മമായി മറച്ചുവച്ച കാര്യങ്ങളായിരുന്നു അവ.

ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യത്തിന്റെ തുടക്കം മുതല്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുകയും ബെര്‍ലിന്‍ ബങ്കറില്‍ ജീവിതം അവസാനിപ്പിക്കുകയും ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഈവ.

പെന്‍സില്‍ യഥാര്‍ഥത്തില്‍ 2002-ലെ ലേലത്തില്‍ ഒരു കളക്ടര്‍ (അമൂല്യവസ്തുക്കള്‍ ശേഖരിക്കുന്നയാള്‍) വാങ്ങിയതാണ്. അതിനു ശേഷം അത് കളക്ടറുടെ കുടുംബം സൂക്ഷിച്ചുവരികയായിരുന്നു.

ജൂണ്‍ 6-ന് വടക്കന്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ കിഴക്കന്‍ ബെല്‍ഫാസ്റ്റില്‍ വച്ച് ബ്ലൂംഫീല്‍ഡ് ഓക്ഷന്‍ ഹൗസ് നടത്തുന്ന ലേലത്തില്‍ നിരവധിയായ ചരിത്ര വസ്തുക്കളുണ്ട്. ഹിറ്റ്ലറുടെ ഒറിജിനല്‍ ഒപ്പിട്ട ഫോട്ടോയും രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഐറിഷ് വിമതര്‍ക്ക് 1869-ല്‍ വിക്ടോറിയ രാജ്ഞി കൈകൊണ്ട് എഴുതിയ അപൂര്‍വമായ ക്ഷമാപണവും ഉള്‍പ്പെടുന്നു.

ഇതിനുപുറമെ ഗ്രേറ്റ് ബ്രിട്ടനും അയര്‍ലന്‍ഡും തമ്മില്‍ ഒപ്പുവച്ച ഉടമ്പടിയും ലേലത്തിനുണ്ട്. ലേലത്തില്‍ ലോകമെമ്പാടുമുള്ള കളക്ടര്‍മാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്ലൂംഫീല്‍ഡ് ഓക്ഷന്‍ ഹൗസ് ഡയറക്ടര്‍ കാള്‍ ബെനറ്റ് പറഞ്ഞു. ഓണ്‍ലൈനായും ഓഫ്‌ലൈനായുമായിട്ടാണ് ലേലം നടക്കുന്നത്.