image

31 Jan 2024 2:00 PM GMT

Buy/Sell/Hold

എഫ്എംസിജി വളര്‍ച്ചയില്‍ ഐടിസി മുന്നേറുമെന്ന് വിദഗ്ധര്‍

MyFin Research Desk

itc to lead fmcg growth, experts say
X

Summary

  • ഐടിസിയുടെ ഫലങ്ങള്‍ വിശകലന വിദഗ്ധര്‍ നടത്തിയ എസ്റ്റിമേറ്റുകള്‍ക്ക് താഴെയാണ്
  • വില്‍പ്പന 2024 ല്‍ 715.8 ബില്യണ്‍ രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • വിവിധ ഗ്രൂപ്പുകള്‍ ഇപ്പോഴും കമ്പനിക്ക് ഒരു ബൈ റേറ്റിംഗ് നല്‍കുന്നുണ്ട്


ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി നിര്‍മ്മിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്ന ഹോള്‍ഡിംഗ് കമ്പനിയാണ് ഐടിസി ലിമിറ്റഡ്. സിഗരറ്റ്, എഫ്എംസിജി ഫുഡ്‌സ്, ഹോട്ടലുകള്‍, പേപ്പര്‍ ബോര്‍ഡ്, അഗ്രി ബിസ് എന്നിങ്ങനെ അഞ്ച് സെഗ്മെന്റുകളിലായാണ് ഐടിസിയുടെ ബഹിസിനസ് വ്യാപിച്ചു കിടക്കുന്നത്. എഫ്എംസിജി വളര്‍ച്ചയില്‍ ഐടിസി മുന്നേറുമെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍.

മോത്തിലാല്‍ ഓസ്വാള്‍, സെന്‍ട്രം, ആക്‌സിസ് സെക്യൂരിറ്റീസ്, മറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ഐടിസി ലിമിറ്റഡിന്റെ ഫലങ്ങള്‍ വിശകലന വിദഗ്ധര്‍ നടത്തിയ എസ്റ്റിമേറ്റുകള്‍ക്ക് താഴെയാണ്. എന്നാല്‍, വിവിധ ഗ്രൂപ്പുകള്‍ ഇപ്പോഴും കമ്പനിക്ക് ഒരു 'ബൈ' (BUY) റേറ്റിംഗ് നല്‍കുന്നുണ്ട്. കാരണം ഐടിസി മറ്റ് സമാന കമ്പനികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് കണക്കാക്കുന്നത്.

ഐടിസിയുടെ വില്‍പ്പന 2024 ല്‍ 715.8 ബില്യണ്‍ രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി കിഴിച്ചുള്ള ലാഭവും 203.8 ലെത്തുമെന്നാണ് പ്രവചനം. അതേസമയം, ഏര്‍ണിങ് പെര്‍ ഷെയര്‍, 16.4 ആയി കണക്കാക്കിയിരിക്കുന്നു. പ്രധാനമായും പുകയില ബിസിനസില്‍ ഐടിസി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 2024 ല്‍ ഒരു 'ഫുഡ്' കമ്പനിയായി ഐടിസി ഉയര്‍ന്നുവരുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.

മോത്തിലാല്‍ ഓസ്വാള്‍ (5.7%), സെന്‍ട്രം (4%), ആക്സിസ് സെക്യൂരിറ്റീസ് (3%) എന്നിവ നടത്തിയ ശരാശരി കണക്കുകളേക്കാള്‍ 1.6% ഇടിവാണ് വരുമാന വളര്‍ച്ചയില്‍ മൂന്നാം പാദത്തില്‍ ഐടിസി നേടിയത്. സിഗരറ്റ് വില്‍പ്പനയുടെ അളവിലുണ്ടായ ഇടിവാണ് ഈ ഗണ്യമായ താഴ്ചക്കുള്ള പ്രധാന കാരണം.

കമ്പനിയുടെ മൂന്നാം പാദത്തിലെ അറ്റവരുമാനം 164.8 ബില്യണ്‍ ആയിരുന്നു. ഇത് നേരത്തെ കണക്കാക്കിയ 171.6 ബില്യണേക്കാള്‍ കുറവാണ്. (ഇബിറ്റ്ഡ) EBITDA യും 3.2% കുറഞ്ഞ് 60.2 ബില്യണ്‍ ആയി. എന്നാല്‍ നികുതിക്ക് ശേഷമുള്ള ലാഭം 55.8 ബില്യണായി വളര്‍ന്നു. ഏകദേശം 11% വളര്‍ച്ച ഇവിടെ കാണാനാവുന്നുണ്ട്.

ഉയര്‍ന്ന മത്സര അന്തരീക്ഷം ഉണ്ടായിരുന്നിട്ടും ഐടിസിയുടെ എഫ്എംസിജി ബിസിനസ് വരുമാനം 7.3% വളർന്ന് 52 ബില്യണ്‍ വരെയായി.ഇബിറ്റ്, ഇബിറ്റ്ഡ എന്നിവ യഥാക്രമം 24%, 11% എന്നിങ്ങനെ ഉയര്‍ന്നു. വരുമാനത്തിന്റെ 31 ശതമാനത്തില്‍ ഡിജിറ്റല്‍, ആധുനിക വ്യാപാര ബിസിനസുകളുടെ സംഭാവനയും ശ്രദ്ധേയമാണ്.

റീട്ടെയില്‍ പ്രോപ്പര്‍ട്ടി അധിനിവേശങ്ങളും MICE സെഗ്മെന്റുകളും വഴിയുള്ള വരുമാനത്തില്‍ 18% വര്‍ദ്ധനയോടെ ഹോട്ടല്‍ വിഭാഗം സ്ഥിരമായ പ്രകടനം നിലനിര്‍ത്തി.

പേപ്പര്‍ബോര്‍ഡില്‍ നിന്നുള്ള വരുമാനം 10% കുറഞ്ഞു. അതേസമയം എബിറ്റ് 51% കുറഞ്ഞു. ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞതും ചൈനീസ് കമ്പനികളില്‍ നിന്നുള്ള വര്‍ദ്ധിച്ച മത്സരവുമാണ് ഈ ഇടിവിന് കാരണം. പ്രധാനമായും നെഗറ്റീവ് പ്രവര്‍ത്തന ലിവറേജും ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതുമാണ് മാര്‍ജിനുകളെ ബാധിച്ചത്. കാര്‍ഷിക ചരക്കുകളുടെ വ്യാപാര നിയന്ത്രണങ്ങള്‍ കാരണം അഗ്രി-ബിസിനസ്സും 2% വര്‍ഷം ഇടിവ് നേരിട്ടു.