image

19 March 2024 8:09 AM GMT

Buy/Sell/Hold

ആഭ്യന്തര നിക്ഷേപകരുടെ പ്രിയമേറുന്ന സ്‌മോൾക്യാപ് ഐടി ഓഹരി

Jesny Hanna Philip

buy recommendation for multibagger it stock
X

Summary

  • കമ്പനിയുടെ സെയിൽസ് ഗ്രോത്ത് 23 ശതമാനവും പ്രോഫിറ്റ് ഗ്രോത്ത് 32 ശതമാനവുമാണ്.
  • കഴിഞ്ഞ 12 മാസങ്ങൾക്കിടയിൽ 118 ശതമാനത്തിന്റെ മൾട്ടി ബാഗർ നേട്ടം
  • വിപണി ഇടിവിൽ തുടരുമ്പോൾ ബ്രോക്കറേജ് റഡാറിലുള്ള ഓഹരികൾ അറിയാം



ഉയർന്ന ആഭ്യന്തര നിക്ഷേപമുള്ള ഒരു മൾട്ടിബാഗർ സ്‌മോൾ ക്യാപ് ഐടി ഓഹരിയിലേക്കാണ് നോമുറ അടക്കമുള്ള ബ്രോക്കറേജുകളുടെ കണ്ണുകൾ നീളുന്നത്. ആംസെക്, ബി&കെ സെക്യൂരിറ്റീസ്, ബൊണാൻസാ, എലാറ സെക്യൂരിറ്റീസ്, നുവാമ റിസർച്ച്, എംകായ് ഗ്ലോബൽ, എക്വിറ്സ് ക്യാപിറ്റൽ, സ്പാർക്‌ ക്യാപിറ്റൽ എന്നീ അനലിസ്റ്റുകളുടെ കവറേജും ഓഹരിക്കുണ്ട്. കഴിഞ്ഞ 12 മാസങ്ങൾക്കിടയിൽ 118 ശതമാനത്തിന്റെ മൾട്ടി ബാഗർ നേട്ടവും ഓഹരിക്ക് സ്വന്തം.

നാഷണൽ സ്റ്റോക്ക് എക്സ്ചെയിഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചെയിഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഇ-ക്ലെർക്സ് (eClerx) ഇന്ത്യയിലെ മുൻനിര പ്രോസസ് മാനേജ്‌മെൻ്റ്, ഡാറ്റ അനലിറ്റിക്‌സ് കമ്പനികളിൽ ഒന്നാണ്. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ ( Robotic Process Automation), ലോ-കോഡ്/നോ-കോഡ് പ്ലാറ്റഫോംസ് ( low-code/no-code platforms), ജനറേറ്റീവ് എഐ (Generative AI) എന്നി സാങ്കേതികവിദ്യകൾ ഐടി സൊല്യൂഷനുകളും സേവങ്ങങ്ങളും നൽകാൻ കമ്പനി ഉപയോഗിക്കുന്നു. നിരവധി ഫോർച്യൂൺ 2000 എന്റർപ്രൈസുകൾക്കാണ് കമ്പനി സേവനങ്ങൾ നൽകുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ ഫിനാൻഷ്യൽ സർവീസസ്, കമ്മ്യൂണിക്കേഷൻസ്, റീട്ടെയിൽ, ഫാഷൻ, മീഡിയ കമ്പനികൾ ഇ-ക്ലെർക്സിന്റെ ക്ലയന്റുകളാണ്.

2023 ഡിസംബർ 31-ന് അവസാനിച്ച പാദത്തിൽ ഇ-ക്ലെർക്സിന്റെ മൊത്തം വരുമാനം 773.5 കോടി രൂപയായിരുന്നു, വാർഷികാടിസ്ഥാനത്തിൽ 9.8% വർധന രേഖപ്പെടുത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 752.8 കോടി രൂപയും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 686.7 കോടി രൂപയും ആയിരുന്നു. പലിശ, നികുതി എന്നിവക്ക് മുൻപുള്ള വരുമാനം സമാന കാലയളവിൽ 8.9% വർധിച്ചു194.5 കോടി രൂപയായി. മൂന്നാംപാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 5.7% ഉയർന്നു 138.6 കോടി രൂപയായി.

കമ്പനിയുടെ വരുമാനം 2019 വർഷത്തിലെ 1431 കോടി രൂപയിൽ നിന്നും 2023 സാമ്പത്തിക വർഷത്തിലേക്ക് 2648 കോടി രൂപയായി ഉയർന്നു. നെറ്റ് പ്രോഫിറ്റും ഇരട്ടിയിലധികം വർദ്ധന സമാനകാലയളവിൽ രേഖപ്പെടുത്തി. 2019 ലെ 228 കോടി രൂപയിൽ നിന്ന് 2023 ൽ 489 കോടി രൂപയായി. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇ-ക്ലെർക്സ് ൻ്റെ കംപൗണ്ടെഡ് സെയിൽസ് ഗ്രോത്ത് 23 ശതമാനവും പ്രോഫിറ്റ് ഗ്രോത്ത് 32 ശതമാനവും ആണ്. തുടർച്ചയായ നാലു പാദങ്ങളിലായി ആഭ്യന്തര സ്ഥാപകനിക്ഷേപകർ 20 ശതമാനത്തിൽ അധികം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്. 2023 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ആഭ്യന്തര നിക്ഷേപകർക്ക് 22.91% നിക്ഷേപം ഓഹരികളിൽ ഉണ്ട്.

മീഡിയം ടേമിൽ റെക്കോർഡ് വരുമാന വളർച്ചയും അടുത്ത അഞ്ചു വർഷങ്ങളിൽ ഇരട്ടി വരുമാന ലക്ഷ്യവും ബ്രോക്കറേജ് സ്ഥാപനമായ നോമുറ പ്രവചിക്കുന്നു. ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് മേഖലയിൽ പ്രധാന നേതാവായി മാറാൻ ഇ- ക്ലെർക്സിന് കഴിയുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഒരു ഓഹരിക്ക് 3000 രൂപയാണ് ടാർഗറ്റ് വിലയായി നൽകിയിരിക്കുന്നത്. നിലവിലെ ഓഹരി വിലയിൽ നിന്നും 25% മുന്നേറ്റമാണ് ഇത് സൂചിപ്പിക്കുന്നത്.

2007 ൽ ലിസ്റ്റ് ചെയ്യപ്പെട്ട ഇ-ക്ലെർക്സ് ഓഹരി കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 1000 ശതമാനത്തിലധികം നേട്ടം നൽകി. കഴിഞ്ഞ ആറ് മാസങ്ങളിലായി 57% നേട്ടം നൽകിയ ഓഹരി സർവകാല നേട്ടമായ 2828 രൂപയിൽ നിന്നും നിലവിൽ 16% കറക്ഷൻ നേരിട്ടാണ് വ്യാപാരം നടത്തുന്നത്. ഒരു masakaalayalavil 4 ശതമാനം നഷ്ടവും ഓഹരിക്കുണ്ടായി. സമീപകാലത്തിലായി ഓഹരി 200 ഡേ മൂവിങ് ആവറേജ് ലെവൽ കൂടിയായ 2200 രൂപയുടെ പിന്തുണയിലാണ് ട്രേഡ് ചെയുന്നത്. ഇന്നത്തെ വിപണിയിൽ നാലു ശതമാനത്തിലധികം നഷ്ടം നേരിട്ടുകൊണ്ട് ഇ-ക്ലെർക്സ് ഓഹരി 2300 രൂപയ്ക്കടുത്തു വ്യാപാരം ചെയ്യുന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല