22 Feb 2024 10:01 AM GMT
Summary
- ഇന്ത്യൻ ഉപഭോക്താക്കളിൽ പത്തിൽ ഒമ്പത് പേരും ദിനചര്യയിൽ ഒരിക്കലെങ്കിലും കമ്പനിയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നു
- ബൈ റേറ്റിംഗ് നൽകി മോത്തിലാൽ
- ഓഹരികൾ 35% മുന്നേറിയേക്കാം
സർഫക്റ്റൻ്റുകളുടെയും സ്‌പെഷ്യാലിറ്റി കെയർ ഉത്പന്നങ്ങളുടെയും ലോകത്തെ മുൻനിര കമ്പനികളിലൊന്നാണ് ഗാലക്‌സി സർഫക്ടൻ്റ്സ് ലിമിറ്റഡ്. വ്യക്തിഗത പരിചരണത്തിനും ഹോം കെയർ ഉപഭോക്തൃ വ്യവസായത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളിൽ പത്തിൽ ഒമ്പത് പേരും അവരുടെ ദിനചര്യയിൽ ഒരിക്കലെങ്കിലും ഗാലക്സി സർഫക്റ്റൻസ് ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ് രസകരമായ കണക്ക്. ഏതാനും ചില ഉദാഹരണങ്ങൾ ദൈനംദിന ജീവിതത്തിൽ നിന്ന് തന്നെ എടുക്കാം. എസ്പിഎഫ് പരിരക്ഷയുള്ള സൺസ്ക്രീൻ ധരിക്കുന്നത് ചർമ്മസംരക്ഷണത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മിനറൽ യുവി ഫിൽട്ടറും ജല-പ്രതിരോധശേഷിയുമുള്ള സൺ പ്രൊട്ടക്ഷൻ സൊല്യൂഷൻസ് സൺസ്‌ക്രീൻ ഫോർമുലേഷനുകളിൽ ഗാലക്സി സർഫാക്ടൻസ് വാഗ്ദാനം ചെയ്യുന്നു. മുഖചർമത്തിനു മാർദവവും മോയ്സ്ചറൈസേഷൻ എന്നിവ നൽകുന്ന ഫേസ് മാസ്കുകളുടെ ഉപയോഗവും ഉയർന്നു വരുന്നുണ്ട്. ഫേസ് മാസ്കുകളുടെ നിർമാണത്തിന് മൈൽഡ് സർഫക്റ്റൻസ് ആയ അമിനോ ആസിഡ് അടിസ്ഥാനമാക്കിയുള്ള സർഫക്റ്റൻസ് ഉപയോഗിക്കുന്നുണ്ട്. സോപ്പ് അല്ലെങ്കിൽ ബോഡി വാഷ് നിർമാണത്തിന് ഫോമ് വിസ്കോസിറ്റി ബൂസ്റ്റർസ് എന്ന കെമിക്കലുകളും ഉപയോഗിക്കുന്നുണ്ട്. ഭക്ഷണത്തിൻ്റെയും വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെയും ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കാനും രുചി, വിറ്റാമിൻ, ധാതുക്കൾ മുതലായ പോഷക സപ്ലിമെൻ്റുകൾ നിലനിർത്തുന്നതിനും പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നു. നമ്മളുപയോഗിക്കുന്ന ഷാംപൂകൾ, ബോഡി വാഷുകൾ, ഫേസ് വാഷുകൾ, ലിക്വിഡ്, പൗഡർ ഡിറ്റർജൻ്റുകൾ, ടൂത്ത് പേസ്റ്റുകൾ, ഡിഷ് വാഷുകൾ, ടോയ്‌ലറ്റ് ക്ലീനറുകൾ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ പ്രാഥമികമായി ഈ പെർഫോമൻസ് സർഫാക്റ്റൻ്റുകൾ അവയുടെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളായി അടങ്ങിയിരിക്കുന്നു. മൈൽഡ് സർഫക്റ്റൻസ്, സൺ പ്രൊട്ടക്ഷൻ സൊല്യൂഷൻസ്, ഫോമ് വിസ്കോസിറ്റി ബൂസ്റ്റർസ്, പ്രിസർവേറ്റീവുകൾ തുടങ്ങിയ പെർഫോമൻസ് സർഫക്റ്റൻസും സ്പെഷ്യലിറ്റി കെമിക്കല്സും നിർമിക്കുന്ന കമ്പനിയാണ് ഗാലക്സി സർഫക്റ്റൻസ്. കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളുടെ 2/3 ഭാഗം ഫാറ്റി ആൽക്കഹോൾ, ഫാറ്റി ആസിഡുകൾ എന്നിവയും 1/5 ഭാഗം ക്രൂഡ് അധിഷ്ഠിത ഡെറിവേറ്റിവുകളുമാണ്.
ഡിമാൻഡ് ഇടിവ്, പണപ്പെരുപ്പം എന്നിവ ആശങ്കാജനകം
മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം വോളിയം വളർച്ച വാർഷികടിസ്ഥാനത്തിൽ 8% ആയി ഉയർന്നു. ഇന്ത്യ, എഎംഇറ്റി (AMET) മേഖലകളിൽ വോളിയം മൊമെന്റം നിലനിന്നത് ഇതിനു സഹായകമായി. എബിറ്റ്ഡാ/കിലോഗ്രാം വാർഷികാടിസ്ഥാനത്തിൽ 33 ശതമാനം ഇടിവോടെ 17.8 രൂപയായി രേഖപ്പെടുത്തി. ഇത് അനലിസ്റ്റുകളുടെ എസ്റ്റിമേറ്റിനും താഴെയാണ്. മൂന്നാം പദത്തിലെ എബിറ്റ്ഡാ/കിലോഗ്രാം 21.2 രൂപയായാണ് മോത്തിലാൽ ഒസ്വാൾ കണക്കാക്കിയിരുന്നത്. 2023 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് എബിറ്റ്ഡായിൽ 27%ത്തിന്റെ ഇടിവും നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 33 ശതമാനം നഷ്ടവും രേഖപ്പെടുത്തി. 2024 ലെ മൂന്നു പാദങ്ങളിലായി വരുമാനം 18 ശതമാനത്തിന്റെ ഇടിവാണ് വാർഷികാടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എബിറ്റ്ഡായിൽ 17 ശതമാനത്തിന്റെ നഷ്ടവും നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 23% ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടായിട്ടുണ്ട്.
ഓരോ വിഭാഗവും വരുമാനത്തിൽ എത്രമാത്രം സംഭാവന ചെയ്തു എന്ന് നോക്കാം. മൊത്തം വരുമാനത്തിന്റെ 59% വും സംഭാവന ചെയ്തിരിക്കുന്നത് പെർഫോമൻസ് സർഫക്ടൻസ് ആണ്. സ്പെഷ്യാലിറ്റി കെയർ പ്രോഡക്ട് വിഭാഗത്തിൽ നിന്നാണ് ബാക്കിയുള്ള വരുമാനം കമ്പനിക്ക് ലഭിക്കുന്നത്. വരുമാനവിഹിതം എംഎൻസികളിൽ നിന്ന് 51% ആയും റീജിയണൽ വിഭാഗത്തിൽനിന്ന് 15 ശതമാനവും പ്രാദേശികമായ കമ്പനികളുടെ ഭാഗത്ത് നിന്ന് 34 ശതമാനവും ആയി രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള വരുമാനത്തിന്റെ 40% ഇന്ത്യയുടെ സംഭാവനയാണ്. അതെ സമയം എഎംഇറ്റി (AMET) മേഖല 27 ശതമാനം സംഭാവന നൽകി. ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വിഹിതം 33 ശതമാനമാണ്.
മൂന്നാം പാദത്തിലെ വോളിയത്തെ സാരമായി ബാധിച്ചത് ചെങ്കടലിലെ ലോജിസ്റ്റിക്സ് വെല്ലുവിളികൾ ആണ്. ഇതുമൂലം നിരവധി ഓർഡറുകൾ അടുത്ത പാദത്തിലേക്ക് നീക്കപ്പെട്ടിട്ടുണ്ട്. ലോജിസ്റ്റിക്സ് വെല്ലുവിളികൾ തുടർന്നും മുന്നോട്ടുപോകുമോ എന്നുള്ളത് നിലവിലെ വെല്ലുവിളിയാണ്. ഇതുമൂലം ചരക്ക് ചിലവും യാത്രാസമയവും സാധാരണയേക്കാൾ ഉയർന്നിട്ടുണ്ട്. വടക്കേ അമേരിക്ക പ്രദേശങ്ങളിൽ നിന്ന് പ്രതീക്ഷിച്ച വീണ്ടെടുക്കലിനു കാലതാമസവും തന്മൂലം ഉണ്ടായേക്കാം.
പണപ്പെരുപ്പവും ആശങ്കാജനകമാണെന്ന് മാനേജ്മെൻറ് എടുത്തുപറയുന്നു. ഈജിപ്തിൽ ചരക്ക് വില കുറയുന്നതും ഭക്ഷ്യ വിലപെരുപ്പം താഴുന്നതും പോസിറ്റീവ് ആയിട്ടുള്ള സംഭവവികാസങ്ങൾ ആണെങ്കിലും വിലകയറ്റ ആശങ്കകൾ ഒഴിയുന്നില്ല. ഡീസ്റ്റോക്കിങ് മൂലം ഇടിഞ്ഞ നോർത്ത് അമേരിക്കയിലെ ഡിമാൻഡ് അതിൻറെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതായി വിലയിരുത്തുന്നു. നിലവിൽ പുതിയ ഡിമാൻഡ് ഉയർന്നു വരുന്നതും കമ്പനിക്ക് പുതിയ ഓർഡറുകൾ ലഭിക്കുന്നതും വീണ്ടെടുക്കലിന്റെ ലക്ഷണങ്ങളായി വിലയിരുത്തുന്നുണ്ട്.
'കറക്ഷൻ' നല്ലതാണ് - ഓഹരി 35% ഉയരുമെന്ന് പറയുന്നതിലെ കാരണങ്ങൾ
2024 സാമ്പത്തിക വർഷത്തിലേക്ക് മാനേജ്‌മന്റ് നൽകിയിരിക്കുന്ന വോളിയം വളർച്ച ഗൈഡൻസ് 6-8% ആണ്. സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 പാദങ്ങളിലും പെർഫോമൻസ് സർഫക്ടൻ്റുകളും സ്പെഷ്യാലിറ്റി കെയർ ഉൽപ്പന്നങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനാൽ ഈ വളർച്ച കൈവരിക്കാനാകുമെന്ന് മാനേജ്‌മെൻ്റിന് ആത്മവിശ്വാസമുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലേക്കു നൽകിയിരിക്കുന്ന എബിറ്റ്ഡാ /കിലോഗ്രാം (EBITDA/kg) മാർഗ്ഗനിർദ്ദേശം 19.5-20.5 ആയി തുടരും. എന്നിരുന്നാലും, 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലേക്ക് നൽകിയ മാർജിൻ മാർഗ്ഗനിർദ്ദേശം കമ്പനി വീണ്ടും പരിശോധിക്കും. ഗവേഷണ-വികസനത്തിൽ (400-500 മില്യൺ രൂപയുടെ വാർഷിക ചെലവിൽ) തുടർച്ചയായ ശ്രദ്ധയും നിലവിലുള്ള ഉപഭോക്താക്കളിൽ നിന്നുള്ള വർദ്ധിച്ച വാലറ്റ് ഷെയറും വോളിയം വളർച്ചയ്ക്ക് കാരണമാകും.
2023-26 വർഷങ്ങളിലേക്ക് വോളിയത്തിൽ 9% സിഎജിആർ (CAGR) മുന്നേറ്റം മോത്തിലാൽ ഒസ്വാൾ പ്രതീക്ഷിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലെ കരുത്തുറ്റ വോള്യങ്ങളും വികസിത വിപണികളിലെ സ്‌പെഷ്യാലിറ്റി കെയർ ഉൽപ്പന്നങ്ങളുടെ വോള്യങ്ങളിലെ വീണ്ടെടുപ്പും ഈ പ്രതീക്ഷകളെ പിന്താങ്ങുന്നു. കമ്പനിയുടെ ദീർഘകാല വളർച്ചാ പാതയിലും ബ്രോക്കറേജിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. അതിനാൽ ഓഹരിക്ക് മേലെയുള്ള ബൈ റേറ്റിംഗ് നില നിർത്തിക്കൊണ്ട് 3,500 രൂപയാണ് ടാർഗറ്റ് പ്രൈസ് ആയി നല്കിയിരിക്കുന്നത്. അതായത് നിലവിലെ ഓഹരിവിലയിൽ നിന്നും 35 ശതമാനത്തിലധികം ഉയർച്ച ഓഹരിയിൽ മോത്തിലാൽ ഒസ്വാൾ പ്രതീക്ഷിക്കുന്നു.