22 May 2023 1:05 PM GMT
Summary
- മൂന്നുതരത്തിലുള്ള ബോണ്ടുകള്‍ ലഭ്യം
- ലഭിക്കാനിടയുള്ള നേട്ടം വിശകലനം ചെയ്യാം
- ബോണ്ടുകളെ കുറിച്ചുള്ള എല്ലാവിവരങ്ങളും ഡാഷ് ബോര്‍ഡില്‍
ഫിൻടെക് വമ്പന്‍മാരായ, പേടിഎം-ന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനി പേടിഎം മണി രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർക്കായി നൂതന ബോണ്ടുകളുടെ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഈ പ്ലാറ്റ്‌ഫോമിലൂടെ, സർക്കാർ, കോർപ്പറേറ്റ്, നികുതി രഹിതം എന്നീ വിഭാഗങ്ങളിലുള്ള ബോണ്ടുകള്‍ വാങ്ങുന്നതിന് പ്രാപ്തമാക്കുന്നു. സുരക്ഷിതവും നിയമാനുസൃതവുമായ അന്തരീക്ഷത്തിൽ മികച്ച വരുമാനം നൽകുന്നതിൽ പ്രതിജ്ഞാബദ്ധമാണ് ഈ പ്ലാറ്റ്‍ഫോം എന്ന് പേടിഎം അവകാശപ്പെടുന്നു.
“പേടിഎമ്മിലൂടെ മൊബൈൽ പേയ്‌മെന്റുകളിൽ ഞങ്ങള്‍ വിപ്ലവം സൃഷ്ടിച്ചു, പേടിഎം മണിയിലൂടെ ഇന്ത്യൻ മൂലധന വിപണിയിലെ നവീകരണത്തിന്റെ മുൻനിരയിലാണ് ഞങ്ങൾ. ആദ്യമായി നിക്ഷേപകർക്ക് മൂലധന വിപണിയിൽ പ്രവേശിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ബോണ്ടുകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, നിക്ഷേപകർക്ക് അവർ അർഹിക്കുന്ന സുരക്ഷിതത്വവും മികച്ച സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സവിശേഷതകളും പ്രദാനം ചെയ്യുന്നത് ഞങ്ങൾ തുടരും," പേടിഎം മണിയുടെ സിഇഒ വരുൺ ശ്രീധർ പ്രസ്താവനയിൽ പറഞ്ഞു,
ബോണ്ടുകളെ സംബന്ധിച്ചിടത്തോളം, പേടിഎം മണി ആപ്പ് നിക്ഷേപകർക്ക് പ്രസക്തമായ എല്ലാ വിവരങ്ങളും ഒരിടത്ത് അവതരിപ്പിക്കുന്നു, ഒപ്പം നിക്ഷേപകർക്ക് അവർക്ക് നേടാനാകുന്ന വരുമാനം വിശകലനം ചെയ്യാനും മനസ്സിലാക്കാനും കഴിയുന്ന തരത്തിൽ എല്ലാറ്റിനെയും നേട്ടവുമായി ബന്ധപ്പെടുത്തി നല്‍കിയിരിക്കുന്നു.
നിക്ഷേപകർക്ക് കൂപ്പണും നേട്ടവും, ക്ലീന്‍ പ്രൈസും ഡെര്‍ട്ടി പ്രൈസും, കൂപ്പൺ ഫ്രീക്വൻസി, കൂപ്പൺ റെക്കോർഡ് തീയതികൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പേടിഎം മണി ആപ്പിലെ ഒരു ഡാഷ്‌ബോർഡിൽ നിന്നു തന്നെ കണ്ടെത്താനാകും,.
നിക്ഷേപങ്ങളിൽ നിന്ന് സ്ഥിര വരുമാനം പ്രതീക്ഷിക്കുന്ന നിക്ഷേപകർക്ക് ബോണ്ടുകൾ സുരക്ഷിതമായ ഒരു ഓപ്ഷനാണ്, കൂടാതെ നല്ല വരുമാനത്തിനായി അവരുടെ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനും കഴിയും. 16 ദിവസം മുതൽ 39 വർഷം വരെ കാലാവധിയുള്ള ഇന്ത്യാ ഗവൺമെന്റ് ബോണ്ടുകളുടെ വരുമാനം നിലവിൽ പ്രതിവർഷം 7-7.3% ആണ്.
എന്‍എച്ച്എഐ, ഐആര്‍എഫ്‍സി, ആര്‍ഇസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന നികുതി രഹിത ബോണ്ടുകളിൽ പ്രതിവർഷം 5.8% വരെ ആദായം ലഭിക്കും 5 മാസം മുതൽ 13 വർഷം വരെയുള്ള കാലാവധികള്‍ തെരഞ്ഞെടുക്കാം. തങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ്, എഡൽവീസ് തുടങ്ങിയ കോർപ്പറേറ്റ് ബോണ്ടുകളും പരിശോധിക്കാം, അവിടെ കമ്പനിയുടെ ക്രെഡിറ്റ് പ്രൊഫൈലും ബോണ്ടിന്റെ കാലാവധിയും അനുസരിച്ച് ഒരാൾക്ക് പ്രതിവർഷം 15% വരെ സമ്പാദിക്കാം.