image

23 Nov 2023 8:27 AM GMT

Bond

5000 കോടിയുടെ ബോണ്ടുകള്‍ കാനറ ബാങ്ക് നാളെ പുറത്തിറക്കും

MyFin Desk

5000 crore bonds will be issued by canara bank tomorrow
X

Summary

  • അടിസ്ഥാന ഇഷ്യൂ വലുപ്പം 1,000 കോടി രൂപയാണ്
  • ബോണ്ടുകളുടെ പേ-ഇൻ തീയതി നവംബർ 29


സർക്കാർ ഉടമസ്ഥതയിലുള്ള കാനറ ബാങ്ക് നവംബർ 24ന് 5,000 കോടി രൂപയുടെ ബോണ്ടുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷ കാലാവധിയുള്ള, അഥവാ 2033 നവംബർ 29-ന് കാലാവധി പൂർത്തിയാകുന്ന ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളാണ് ബാങ്ക് പുറത്തിറക്കുന്നത്. അടിസ്ഥാന ഇഷ്യൂ വലുപ്പം 1,000 കോടി രൂപയാണ്, ഇതിനൊപ്പം 4,000 കോടി രൂപ വരെ അധിക സബ്‍സ്ക്രിപ്ഷനുള്ള ഓപ്ഷനും ഉണ്ടാകും.

ബോണ്ടുകളുടെ പേ-ഇൻ തീയതി നവംബർ 29 ആണ്. ഇഷ്യൂ നടത്തുന്നവരും നിക്ഷേപകരും തമ്മിൽ ബോണ്ടുകളും പണവും കൈമാറ്റം ചെയ്യുന്ന തീയതിയാണ് പേ-ഇൻ തീയതി. കെയർ റേറ്റിംഗ്‍സും ഇന്ത്യ റേറ്റിംഗ്‍സും ഈ ബോണ്ടുകള്‍ക്ക് ട്രിപ്പിള്‍ എ റേറ്റിംഗാണ് നല്‍കിയിട്ടുള്ളത്. .

വളർച്ചയിലും മറ്റ് പദ്ധതികളിലും നിക്ഷേപിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ വലിയ തുകകൾ കടമെടുക്കാൻ ബോണ്ടുകളിലൂടെ കമ്പനികള്‍ക്ക് സാധിക്കുന്നു. ബാങ്ക് വായ്പകളിലെ നിബന്ധനങ്ങളും വ്യവസ്ഥകളും കണക്കിലെടുക്കുമ്പോള്‍ ബോണ്ടുകളിലൂടെയുള്ള സമാഹരണം കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതായും കമ്പനികള്‍ കണക്കാക്കുന്നു.

2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കാനറ ബാങ്കിന്‍റെ അറ്റാദായം 43 ശതമാനം വാര്‍ഷിക വര്‍ധനയോടെ 3606 കോടി രൂപയായി. അറ്റ-പലിശ വരുമാനം 19.8 ശതമാനം ഉയർന്ന് 8903 കോടി രൂപയിലെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) മൊത്തം വായ്പയുടെ 4.76 ശതമാനമായി കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 6.37 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 2.19 ശതമാനത്തിൽ നിന്ന് 1.41 ശതമാനമായി മെച്ചപ്പെട്ടു. ബാങ്കിന്റെ ആഗോള ബിസിനസ് 10.1 ശതമാനം വർധിച്ച് 21,56,181 കോടി രൂപയിലെത്തി.