25 Aug 2023 5:26 PM IST
Summary
- 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 939 രൂപയിലെത്തി.
- ബ്ലോക്ക് ഡീലിലൂടെ പേടിഎം-ലെ 2.3 കോടി ഓഹരികൾ വിൽക്കും.
- ഇത് 2,024 കോടി രൂപയോളം വരും.
ബ്ലോക്ക് ഡീല്‍ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ പേടിഎം ഓഹരി വില 3 ശതമാനത്തിലധികം കയറി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 939 രൂപയിലെത്തി.
ജാക്ക് മായുടെ ആന്റ്ഫിൻ ബ്ലോക്ക് ഡീലിലൂടെ പേടിഎം-ലെ 2.3 കോടി അല്ലെങ്കിൽ 3.6 ശതമാനം ഓഹരികളാണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്. ഓഹരിക്കൊന്നിന് 880.10 രൂപ നിരക്കിൽ വില്‍പ്പന നടത്താനാണ് തീരുമാനം. ഇടപാടിന് ശേഷം പേടിഎം-ലെ ആന്റ്ഫിനിന്റെ ഓഹരി പങ്കാളിത്തം 9.9 ശതമാനമായി കുറയും. ഇടപാടിന്റെ മൂല്യം ഏകദേശം 2,024 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2022 നവംബർ 24-ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 439.60 രൂപയിലെത്തിയിരുന്നു.
പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയുടെ പൂർണ ഉടമസ്ഥതയിലുള്ള വിദേശ സ്ഥാപനമായ റെസിലിയന്റിന് പേടിഎമ്മിന്റെ 10.3 ശതമാനം ഓഹരി ആന്റ്ഫിൻ ഈ മാസം ആദ്യം വിറ്റിരുന്നു. ഇതോടെ, ഓഹരി പങ്കാളിത്തം 19.42 ശതമാനമായി ഉയര്‍ത്തിയ ശര്‍മ പേടിഎമ്മിന്റെ ഏക സിഗ്നിഫിക്കന്റ് ബെനിഫിഷ്യൽ ഉടമയായി (എസ്ബിഒ) മാറി.
പേടിഎം ഓഹരി വില ഈ വർഷം ഇതുവരെ 73 ശതമാനത്തിലധികം ഉയർന്നു. ഇന്ന് 898 രൂപയ്ക്കാണ് വ്യാപാരം അവസാനിച്ചത്