image

26 Jun 2022 3:55 AM GMT

Buy/Sell/Hold

സൺ ഫാർമ വാങ്ങാം:ജെഫ്രീസ്

Bijith R

സൺ ഫാർമ വാങ്ങാം:ജെഫ്രീസ്
X

Summary

കമ്പനി: സൺ ഫാർമ ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 824.10 ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഫ്രീസ് സൺ ഫാർമ പ്രതീക്ഷിക്കുന്നത്, 2023 സാമ്പത്തിക വർഷത്തിൽ, വില്പന വളർച്ച ഇരട്ട അക്കത്തിലേക്ക് ഉയരുമെന്നാണ്. ഇത് ഇന്ത്യയിലെ ഫാർമ ഇൻഡസ്ട്രിയുടെ ശരാശരി വളർച്ചയേക്കാൾ കൂടുതലായിരിക്കും. കമ്പനിയുടെ വില്പന ലക്ഷ്യം കൈവരിക്കാനാവുന്നതാണെന്നു ജെഫ്രീസ് വിശ്വസിക്കുന്നു. കാരണം, വിലയിടിവിന് സാധ്യത കൂടുതലുള്ള ജെനറിക് പോർട്ടഫോളിയോയെ കമ്പനി അമിതമായി ആശ്രയിക്കുന്നില്ല. ടാരോ ഉൾപ്പെടെയുള്ള കമ്പനിയുടെ ജെനറിക് പോർട്ടഫോളിയോ, 2022 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ 20 […]


കമ്പനി: സൺ ഫാർമ ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 824.10 ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഫ്രീസ് സൺ ഫാർമ പ്രതീക്ഷിക്കുന്നത്, 2023 സാമ്പത്തിക വർഷത്തിൽ, വില്പന...

  1. കമ്പനി: സൺ ഫാർമ

ശുപാർശ: വാങ്ങുക

നിലവിലെ വിപണി വില: 824.10

ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഫ്രീസ്

സൺ ഫാർമ പ്രതീക്ഷിക്കുന്നത്, 2023 സാമ്പത്തിക വർഷത്തിൽ, വില്പന വളർച്ച ഇരട്ട അക്കത്തിലേക്ക് ഉയരുമെന്നാണ്. ഇത് ഇന്ത്യയിലെ ഫാർമ ഇൻഡസ്ട്രിയുടെ ശരാശരി വളർച്ചയേക്കാൾ കൂടുതലായിരിക്കും. കമ്പനിയുടെ വില്പന ലക്ഷ്യം കൈവരിക്കാനാവുന്നതാണെന്നു ജെഫ്രീസ് വിശ്വസിക്കുന്നു. കാരണം, വിലയിടിവിന് സാധ്യത കൂടുതലുള്ള ജെനറിക് പോർട്ടഫോളിയോയെ കമ്പനി അമിതമായി ആശ്രയിക്കുന്നില്ല. ടാരോ ഉൾപ്പെടെയുള്ള കമ്പനിയുടെ ജെനറിക് പോർട്ടഫോളിയോ, 2022 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ 20 ശതമാനം വരും. ഇത് യുഎസ് ജെനറിക്സിന്റെ ഏറ്റവും കുറഞ്ഞ വിഹിതമാണ്. കമ്പനിയുടെ സ്പെഷ്യലിറ്റി ഉത്പന്നങ്ങളായ, ഇലുമ്യ, സെക്വ, വിൻലെവി എന്നിവയാണ് പ്രധാനമായും വളർച്ചക്ക് സഹായകമാകുന്നത്. ഇവ കമ്പനിയുടെ വരുമാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം ലഘൂകരിക്കുമെന്നു വിശ്വസിക്കുന്നു. ഇന്ത്യയിൽ, തങ്ങളുടെ സെയിൽസ് ജീവനക്കാരുടെ എണ്ണം 10 ശതമാനം (1,100 ജീവനക്കാർ) ഉയർത്താനാണ് പദ്ധതിയിടുന്നത്. ഇത് കമ്പനിയുടെ വളർച്ചക്ക് കൂടുതൽ സഹായിക്കും.

ഏപ്രിൽ 2022 മുതൽ കമ്പനിയുടെ പ്രധാന ഉത്പന്നമായ അബ്സോറിക്ക ശക്തമായ മത്സരമാണ് നേരിട്ടത്. ജെഫ്രീസ്സ്ന്റെ അഭിപ്രായത്തിൽ, കോവിഡ് കാലത്തിനു മുൻപ്, ഇലുമ്യയ്ക്കും, ലെവുലാനും ശേഷം ഏറ്റവുമധികം വിറ്റിരുന്ന ഉത്പന്നമായിരുന്നു അബ്സോറിക്ക. 2022 സാമ്പത്തിക വർഷത്തിൽ സ്പെഷ്യലിറ്റി വിഭാഗത്തിൽ സൺ ഫാർമ 42 ശതമാനം വില്പന വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. പ്രധാനമായും ഇലുമ്യയുടെ വിൽപ്പനയാണ് ഇതിലേക്ക് നയിച്ചത്. അബ്സോരിക്കയുടെ വിപണിയിൽ ഉണ്ടായ ഇടിവ് നികത്താൻ ഇതുവഴി സാധിച്ചിരുന്നു. സെക്വ, ലെവുലാൻ, ഓടോംസോ എന്നിവയാണ് വളർച്ചയെ സഹായിച്ച മറ്റ് ഉത്പന്നങ്ങൾ.

നവംബർ 2021ലാണ് വിൻലെവിയെ വിപണിയിലിറക്കുന്നത്. ഇത് നടപ്പു സാമ്പത്തിക വർഷത്തിലെ അബ്സോറിക്കയുടെ വില്പന നഷ്ടം നികത്തുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. നേരിയ നിരക്കിലാണെങ്കിലും, അടുത്ത രണ്ടു വർഷങ്ങളിൽ ഇലുമ്യയ്ക്കു വളർച്ചയുണ്ടാകും. ജെഫ്രീസ് പ്രതീക്ഷിക്കുന്നത്, അടുത്ത രണ്ടു വർഷത്തേക്ക് സ്പെഷ്യലിറ്റി വിഭാഗത്തിൽ യുഎസിൽ 141 മില്യൺ ഡോളറിന്റെ അധിക വില്പനയും, ജനറിക് വിഭാഗത്തിൽ 90 മില്യൺ ഡോളറിന്റെ അധിക വില്പനയും ഉണ്ടാകുമെന്നാണ്.

2. കമ്പനി: ട്യൂബ് ഇൻവെസ്റ്റ്മെന്റ്

ശുപാർശ: വാങ്ങുക

നിലവിലെ വിപണി വില: 1,586.90

ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഒസ്വാൾ

മുരുഗപ്പ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് ട്യൂബ് ഇൻവെസ്റ്റ്മെന്റ്. കമ്പനിയുടെ മൂന്ന് പ്രധാന വെർട്ടിക്കലുകൾക്കു കീഴിൽ — എഞ്ചിനീയറിംഗ് (57 ശതമാനം വരുമാനം), മെറ്റൽ നിർമാണ ഉത്പന്നങ്ങൾ (19 ശതമാനം), ബൈസക്കിൾ (15 ശതമാനം) — വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നത്. എഞ്ചിനീയറിംഗ് മേഖലയിൽ, പ്രിസിഷൻ സ്റ്റീൽ ട്യൂബുകളുടെ നിർമാണത്തിൽ വിപണിയിൽ മുൻനിരയിലാണ്. വിപണിയിലെ ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കിന്റെ 60 ശതമാനം വിഹിതം കമ്പനിയുടേതാണ്. കാർ ഡോറുകളുടെ ഫ്രെയ്മിന്റെയും, വ്യാവസായിക ചെയിൻ വിഭാഗത്തിലെയും (35 ശതമാനം വിപണി വിഹിതം) പ്രധാനിയാണ് കമ്പനി.

സൈക്കിൾ നിർമാണ മേഖലയിൽ രണ്ടാമത്തെ വലിയ കമ്പനിയാണ്. വെള്ളയാൻ സുബ്ബയ്യയുടെ നേതൃത്വത്തിൽ, ട്യൂബ് ഇൻവെസ്റ്റ്മെന്റ് ദീർഘ കാലത്തേക്ക്, ലാഭം 25 ശതമാനം സംയുക്ത വാർഷിക വളർച്ച നിരക്കിൽ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കേവലം ഒരു ഓട്ടോ ഘടക വിതരണക്കാർ എന്ന നിലയിൽ നിന്ന് മാറാനും ലക്ഷ്യമിടുന്നുണ്ട്.

കമ്പനിയുടെ വളർച്ചാ തന്ത്രത്തിന് മൂന്നു പ്രധാന ഘടകങ്ങളുണ്ട്. തങ്ങളുടെ പ്രധാന ബിസിനസുകളായ എഞ്ചിനീയറിംഗ്, മെറ്റൽ ഉത്പന്നങ്ങൾ, സൈക്കിൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ ബിസിനസുകളിൽ നിന്നും ലഭിക്കുന്ന ലാഭം പുതിയ ബിസിനസുകൾക്കായി ഉപയോഗിക്കും. നഷ്ടത്തിലുള്ള കമ്പനികളെ ഏറ്റെടുക്കലാണ് മൂന്നാമത്തെ പദ്ധതി.

ഭാവിയിലുള്ള വളർച്ചക്കായി പുതിയ പ്ലാറ്റുഫോമുകൾ വികസിപ്പിക്കാൻ ട്യൂബ് ഇൻവെസ്റ്റ്മെന്റ് ശ്രമിക്കുന്നുണ്ട്. പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിനായി പ്രതിവർഷം 200 കോടി രൂപ മാറ്റി വയ്ക്കുന്നതിന് കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതുവരെ, ടിഎംടി ബാറുകൾ, ട്രക്ക് ബോഡി ബിൽഡിംഗ്, ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന ഒപ്റ്റിക് ലെൻസ്, ഇ-ത്രീ വീലർ, ഇ- ട്രാക്‌ടേഴ്‌സ് എന്നിങ്ങനെ അഞ്ച് ബിസിനസുകൾ ആരംഭിച്ചു കഴിഞ്ഞു.

നിലവിലുള്ള മേഖലയിലോ, പുതിയ മേഖലകളിലോ, നഷ്ടത്തിലുള്ള കമ്പനികളെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ പദ്ധതി. എന്നാൽ, കടബാധ്യത വർധിപ്പിച്ച് പുതിയ ഏറ്റെടുക്കലുകൾ വേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇത്തരത്തിൽ ഏറ്റെടുത്ത സിജി പവർ മികച്ച രീതിയിൽ ലാഭത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

3. കമ്പനി: പിഐ ഇന്‍ഡസ്ട്രീസ്

ശുപാര്‍ശ: വാങ്ങുക

നിലവിലെ വിപണി വില: 2,547.75

ഫിനാന്‍ഷ്യല്‍ ഇന്റര്‍മീഡിയറി: പ്രഭുദാസ് ലീലാധര്‍

അഗ്രോ കെമിക്കല്‍സ് മേഖലയിലെ പ്രമുഖ കമ്പനിയായ പിഐ ഇന്‍ഡസ്ട്രീസ് നടപ്പ് സാമ്പത്തിക വര്‍ഷം 18-20 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതിന് കാരണം 'കസ്റ്റം സിന്തസിസ് ആന്‍ഡ് മാനുഫാക്ച്ചറിംഗ് സൊലൂഷന്‍സ്' (സിഎസ്എം) ബിസിനസിലെ മികച്ച അന്വേഷണങ്ങളും, ആഭ്യന്തര വിപണിയിലെ പുതിയ ഉത്പന്നങ്ങളുടെ പുറത്തിറക്കലുമാണ്.

സിഎസ്എം ഓര്‍ഡര്‍ ബുക്ക്, 2022 മാര്‍ച്ച് അവസാനം വരെ, 1.4 ബില്യണ്‍ ഡോളറിന്റേതാണ്. കമ്പനി ഒന്‍പത് പുതിയ ഉത്പന്നങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം 6-7 പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു. സിഎസ്എം വിഭാഗത്തില്‍ 40 ഉത്പന്നങ്ങള്‍ വികസനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലുണ്ട്. കൂടാതെ ഗവേഷണ-വികസന വിഭാഗത്തില്‍ 20 ശതമാനത്തിലേറെ ഉത്പന്നങ്ങള്‍ അഗ്രോകെമിക്കല്‍ ഇതര വിഭാഗത്തില്‍ നിന്നാണ്.

ആഭ്യന്തര അഗ്രോകെമിക്കല്‍സ് വിപണിയില്‍ രണ്ടാം പാദത്തിലാണ് യഥാര്‍ത്ഥത്തില്‍ ഉപഭോഗം വര്‍ധിക്കുന്നത്. എന്നിരുന്നാലും മണ്‍സൂണ്‍ താമസിച്ചതിനാല്‍ ഉത്പന്നങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ലഭിക്കുന്നതിന് കാലതാമസം നേരിട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ കടുത്ത മത്സരം മൂലം ചില ഉത്പന്നങ്ങള്‍ വിപണിയിലേക്ക് ഇറക്കിയത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വില്‍പ്പന കുറയാന്‍ ഇടയാക്കി. മുന്നോട്ട് പോകുമ്പോള്‍ നല്ല പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷ കമ്പനിക്കുണ്ട്. കാര്‍ഷികവൃത്തി കൂടുതല്‍ മേഖലയിലേയ്ക്ക് വ്യാപിച്ചതും ഉത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കുന്നതും ഇതിന് സഹായകരമാകും.

കമ്പനി ശക്തമായി ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ ഇടപെടുന്നുണ്ട് . 'ജീവാഗ്രോ' എന്ന ബ്രാന്‍ഡില്‍ 13 പുതിയ ഉത്പന്നങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുറത്തിറക്കിയിരുന്നു. ഈ നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ച് ഉത്പന്നങ്ങളുടെ പുറത്തിറക്കല്‍ ഉണ്ടായേക്കും. ഇത് ഈ മേഖലയുടെ മികച്ച വളര്‍ച്ചയ്ക്ക് അടിത്തറപാകും.

4. കമ്പനി: ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ്

ശുപാര്‍ശ: വാങ്ങുക

നിലവിലെ വിപണി വില: 137.95

ഫിനാന്‍ഷ്യല്‍ ഇന്റര്‍മീഡിയറി: ഏഡല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍

ആഭ്യന്തര ടെക്‌സ്റ്റെല്‍ വിപണിയില്‍ ഇപ്പോള്‍ ഒരു മാന്ദ്യം നിലനില്‍ക്കുന്നുണ്ട്. ഇതിനു കാരണം വിതരണമേഖലയിലെ തടസങ്ങളും, വസ്‌ത്രോല്‍പ്പാദന മേഖലയിലേയ്ക്ക് ഡിമാന്റ് മാറിയതുമാണ്. എന്നിരുന്നാലും, ഇത്തരം തടസങ്ങള്‍ താല്‍ക്കാലികമെന്നാണ് കമ്പനി വിലയിരുത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഡിമാന്റില്‍ വര്‍ധനവുണ്ടാകുമെന്ന് കയറ്റുമതിയിലുള്ള ഉണര്‍വ് ചൂണ്ടിക്കാട്ടി കമ്പനി കണക്കാക്കുന്നു.

അമേരിക്കയിലെ അവധിക്കാല വില്‍പ്പനയാണ് ഇന്ത്യന്‍ വസ്ത്ര കയറ്റുമതിക്കാരുടെ പ്രധാന വരുമാന ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ അവധിക്കാല സീസണ്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വളരെ മോശമായിരുന്നു. കൂടാതെ കണ്ടെയ്‌നറുകളുടെ ദൗര്‍ലഭ്യം മൂലമുണ്ടായ വിതരണ തടസങ്ങളും അമേരിക്കന്‍ വിപണിയില്‍ ഉത്പന്നങ്ങള്‍ എത്തിച്ചേരുന്നതിന് കാലതാമസമുണ്ടാക്കി. ഈ രണ്ടു കാരണങ്ങളാല്‍ ഉത്പന്നങ്ങള്‍ അവിടെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായി.

അപ്പാരല്‍/ ഗാര്‍മന്റ്‌സ് മേഖലയിലേക്ക് കൂടുതല്‍ താല്‍പ്പര്യം മാറിയത് ടെക്‌സ്റ്റെല്‍ കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയായി. അടുത്ത കുറേ മാസങ്ങളിലേയ്ക്ക് ഉത്പന്നങ്ങള്‍ കയറ്റി അയക്കാന്‍ സാധിക്കാത്ത സ്ഥിതിയും സംജാതമായിട്ടുണ്ട്. സെപ്റ്റംബറോടു കൂടി ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്റ് ഉയര്‍ന്നു തുടങ്ങുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

സംഭരണ മേഖലയിലെ വിലയിടിവ്, അസംസ്‌കൃത വസ്തുക്കളുടെ പണപ്പെരുപ്പം, പലിശ നിരക്ക് വര്‍ധനവു മൂലം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയുന്നത് എന്നിവ ഹ്രസ്വകാല തിരിച്ചടികളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഏഡല്‍വേയ്‌സ് കണക്കാക്കുന്നത്, മധ്യ-ദീര്‍ഘ കാലയളവില്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റെല്‍ മേഖല നല്ല വളര്‍ച്ച കാഴ്ച്ചവയ്ക്കുമെന്നാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഡിമാന്റിലുള്ള വര്‍ധനവ്, ചൈനയ്ക്ക് പുറമെ മറ്റൊരു രാജ്യത്തെ ആശ്രയിക്കാനുള്ള ആഗോള വിപണികളുടെ തീരുമാനം, ടെക്‌സ്റ്റെല്‍ മേഖലയെ സഹായിക്കാനുള്ള ഗവണ്‍മെന്റിന്റെ വിവിധ തരം പദ്ധതികള്‍, ബ്രിട്ടണും, യൂറോപ്പുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാനുള്ള സാധ്യതകള്‍ എന്നിവ ഈ വളര്‍ച്ചയ്ക്ക് സഹായകരമാകും.

5. കമ്പനി: ഡാറ്റാ പാറ്റേണ്‍സ് ഇന്ത്യ

ശുപാര്‍ശ: വാങ്ങുക

നിലവിലെ വിപണി വില: 648.95 രൂപ

ഫിനാന്‍ഷ്യല്‍ ഇന്റര്‍മീഡിയറി: ഐസിഐസിഐ ഡയറക്റ്റ് റിസര്‍ച്ച്

ഡാറ്റാ പാറ്റേണ്‍സ് ഡിഫന്‍സ് എയ്‌റോസ്‌പേസ് ഇലക്ട്രോണിക്‌സ് മേഖലയിലെ പ്രമുഖ കമ്പനിയാണ്. തദ്ദേശീയമായ ഉത്പന്ന വികസനത്തില്‍ എല്ലാ സൈനിക വിഭാഗങ്ങളിലും — സ്‌പേസ്, വ്യോമ, നാവിക, കര — നിര്‍ണ്ണായക സംഭാവന നല്‍കാന്‍ കഴിയുന്ന കമ്പനിയാണിത്. കമ്പനിയ്ക്ക് സ്വന്തമായ ഡിസൈന്‍, ഡവലപ്‌മെന്റ് സംവിധാനങ്ങളുണ്ട്. 30 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നു. ഇവരുടെ പ്രധാന ഉത്പന്നങ്ങള്‍ റഡാര്‍, ഇലക്ട്‌കോണിക് യുദ്ധോപകരണങ്ങള്‍, എവിയോണിക് ഡിസ്‌പ്ലേ, ഫയര്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍, എയര്‍ബോണ്‍ ലോഞ്ചറുകള്‍, അണ്ടര്‍വാട്ടര്‍ ഇലക്ട്രോണിക്‌സ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ചെറു ഉപഗ്രഹങ്ങള്‍ എന്നിവയാണ്.

പൊതുമേഖലാ പ്രതിരോധ ഉത്പാദന കമ്പനികള്‍ നിര്‍ണ്ണായകമായ പല പ്രോജക്ടുകളും പുറംകരാര്‍ നല്‍കുന്നതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് കമ്പനികള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 84,598 കോടി രൂപയാണ് പ്രാദേശിക കമ്പനികളിൽ നിന്ന് പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങാനായി നീക്കി വച്ചിരിക്കുന്നത്. ഇത് ഈ മേഖലയ്ക്ക് വലിയ ഊര്‍ജ്ജം പകരും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച്, അഞ്ച് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രതിരോധ പ്ലാറ്റ്‌ഫോമുകളും, ഉത്പന്നങ്ങളും, ഘടകങ്ങളും ഉത്പാദിപ്പിക്കുന്നതിനായി മാറ്റിവയ്‌ക്കേണ്ടി വരും. ഇതില്‍ 68 ശതമാനത്തോളം പ്രാദേശിക കമ്പനികളില്‍ നിന്ന് തന്നെ സംഭരിക്കണമെന്നുള്ള തീരുമാനം നടപ്പിലായാല്‍ 3.5 ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍ ആഭ്യന്തര ഉത്പാദകര്‍ക്ക് ലഭിക്കും. ഡാറ്റാ പാറ്റേണും ഇതിന്റെ ഗുണഭോക്താവായി മാറും.

ഡാറ്റാ പാറ്റേണിന്റെ ഓര്‍ഡര്‍ ബുക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 577 കോടി രൂപയുടേതായിരുന്നു. ഇതില്‍ 68 ശതമാനം ഉത്പാദനത്തിനുള്ളതും, 22 ശതമാനം ഉത്പന്ന വികസനത്തിനും, 10 ശതമാനം സര്‍വീസ് കരാറുകളുമായിരുന്നു. ഇവയില്‍ പലതും എച്ച്എഎല്‍, ബിഇഎല്‍, ഡിആര്‍ഡിഒ, ബ്രഹ്‌മോസ്, ഐഎസ്ആര്‍ഒ മുതലായ പ്രമുഖ പ്രതിരോധ സ്ഥാപനങ്ങളുടേതായിരുന്നു.

മാനേജ്‌മെന്റ് കണക്കാക്കുന്നത് നടപ്പ് സാമ്പത്തിക വര്‍ഷം ഏകദേശം 500 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിക്കുമെന്നാണ്. ഇതില്‍ 120-150 കോടി രൂപയുടെ ഓര്‍ഡര്‍ അരുദ്ര റഡാറിന്റേതും, 150-200 കോടി രൂപയുടെ ഓര്‍ഡര്‍ ഹിമശക്തി ഇലക്ട്രോണിക് യുദ്ധോപകരണത്തിന്റേയും, 40-50 കോടി രൂപ ഫയര്‍ കണ്‍ട്രോള്‍ സംവിധാനങ്ങളുടേതും, 50 കോടി രൂപ ഏവിയോണിക്‌സിന്റേതും ആയിരിക്കുമെന്നാണ്. അടുത്ത രണ്ട്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 2,000 കോടി രൂപയുടെ പദ്ധതികള്‍ ലഭിച്ചേക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനങ്ങൾ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല.)