9 Jun 2022 7:27 AM IST
Summary
പരമ്പരാഗത നിക്ഷേപങ്ങള്‍, സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപ ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നും അല്‍പ്പം റിസ്‌കുള്ള നിക്ഷേപങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ മാറിയിട്ട് കുറച്ചു നാളുകളായി. അതില്‍ പ്രധാനപ്പെട്ട ഓപ്ഷനാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മ്യൂചല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ 27 ശതമാനം ഉയര്‍ന്ന് 3.55 ലക്ഷം കോടി രൂപയിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഈ നിക്ഷേപം 2.80 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി വിപണി ബുള്ളിഷായിരുന്നതും, പുതിയ ഫണ്ട് ഓഫറുകളിലൂടെ നേടിയ […]
പരമ്പരാഗത നിക്ഷേപങ്ങള്‍, സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപ ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നും അല്‍പ്പം റിസ്‌കുള്ള നിക്ഷേപങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ മാറിയിട്ട് കുറച്ചു നാളുകളായി. അതില്‍ പ്രധാനപ്പെട്ട ഓപ്ഷനാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മ്യൂചല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ 27 ശതമാനം ഉയര്‍ന്ന് 3.55 ലക്ഷം കോടി രൂപയിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഈ നിക്ഷേപം 2.80 ലക്ഷം കോടി രൂപയായിരുന്നു.
ഓഹരി വിപണി ബുള്ളിഷായിരുന്നതും, പുതിയ ഫണ്ട് ഓഫറുകളിലൂടെ നേടിയ റെക്കോര്‍ഡ് കളക്ഷനും ഇതിനു കാരണമായതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്ടീവ് ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് 2022 സാമ്പത്തിക വര്‍ഷത്തില്‍ 2.31 ലക്ഷം കോടി രൂപയാണ്. വിപണിയിൽ ശക്തമായ ചാഞ്ചാട്ടം ഉണ്ടായിരുന്നുവെങ്കിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം നിക്ഷേപകര്‍ തുടര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം 1.25 ലക്ഷം കോടി രൂപയായിരുന്നു. അത് മ്യൂച്വല്‍ ഫണ്ടുകളിലേക്കെത്തിയ നിക്ഷേപത്തിന്റെ 35 ശതമാനത്തോളം വരും.
മോണിംഗ്സ്റ്റാര്‍ ഡാറ്റ പ്രകാരം, പാസീവ് ഫണ്ടുകളാണ് അതിവേഗം മുന്നേറുന്നത്. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ ആരംഭവും നിക്ഷേപകരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമായെന്നും വിദഗ്ധര്‍ പറയുന്നു. സാധാരണക്കാർ നിക്ഷേപ കാര്യത്തില്‍ കൂടുതല്‍ അച്ചടക്കമുള്ളവരായി മാറിയെന്നും. അസ്ഥിരമായ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാൽ നിക്ഷേപകര്‍ എസ്ഐപിയെ മുന്‍ഗണനാ നിക്ഷേപ മാർഗമായി കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് വിവിധ ഫണ്ട് ഹൗസുകളിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ന്യൂ ഫണ്ട് ഓഫറുകള്‍
മോണിംഗ്‌സ്റ്റാര്‍ ഇന്ത്യയുടെ കണക്കു പ്രകാരം, 2022 സാമ്പത്തിക വര്‍ഷത്തില്‍ 176 ന്യൂ ഫണ്ട് ഓഫറുകളാണ് നടന്നത്. പണലഭ്യത കുറയ്ക്കൽ, പലിശ നിരക്കിലെ ഉയര്‍ച്ച, വിപണിയിലെ ഏകീകരണ പ്രക്രിയ, വര്‍ക്കം ഫ്രം ഹോം അവസാനിച്ച് ഓഫീസിലേക്കുള്ള മടങ്ങി വരവ് എന്നിവയാണ് എന്‍എഫ്ഒ കളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കാനുള്ള കാരണം. ഈ ഫണ്ട് ഓഫറുകളിലേക്ക് 1,07,896 കോടി രൂപയുടെ നിക്ഷേപമാണ് വന്നത്. സാധാരണയായി, നിക്ഷേപകരുടെ താല്‍പര്യം ഉയര്‍ന്നു നിൽക്കുന്ന സമയത്താണ്, പ്രത്യേകിച്ച് ഓഹരി വിപണി ഉയര്‍ന്ന നിലയിലായിരിക്കുമ്പോഴാണ്, മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ പുതിയ ഫണ്ടുകള്‍ അവതരിപ്പിക്കുന്നത്. 2020 മാര്‍ച്ചിന് ശേഷം ഓഹരി വിപണിയിലെ പോസിറ്റീവ് നിക്ഷേപ താല്‍പര്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതാണ് എന്‍എഫ്ഒ കള്‍ ധാരാളമായി ആരംഭിക്കുന്നതിലേക്ക് മ്യൂച്വല്‍ ഫണ്ട് കമ്പനികളെ നയിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൂടാതെ, സെബിയും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യയും (AMFI) നിക്ഷേപകര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഇതേ കാലയളവില്‍ കൊണ്ടുവന്നു. അതില്‍ എക്‌സിറ്റ്-ലോഡ് നീക്കംചെയ്യല്‍, എന്‍ട്രി-ലോഡ് ക്യാപ്പിംഗ്, മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ വര്‍ഗ്ഗീകരണം, പുനഃസംഘടന എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കൂടാതെ, നേരിട്ടുള്ള പ്ലാനുകള്‍, റിസ്‌ക്-ഓ-മീറ്റര്‍, പുതിയ വിഭാഗത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍, ഫ്‌ളെക്‌സികാപ്പ് എന്നിവ നിക്ഷേപകരുടെ അവബോധം വളര്‍ത്തുകയും, നിക്ഷേപങ്ങളില്‍ വ്യക്തതയും സുതാര്യതയും കൊണ്ടുവരികയും ചെയ്തു.
ഇന്‍ഡെക്‌സ് ഫണ്ട് വിഭാഗത്തില്‍ 10,629 കോടി രൂപ സമാഹരിച്ചു. ഈ വിഭാഗത്തില്‍ 49 ഫണ്ടുകളാണ് ആരംഭിച്ചത്. മറ്റ് ഇടിഎഫുകള്‍ 34 ഫണ്ടുകള്‍ ആരംഭിക്കുകയും 7,619 കോടി രൂപ സമാഹരിക്കുകയും ചെയ്തു. ഫിക്‌സഡ് ടേം പ്ലാനുകള്‍ 32 ഫണ്ടുകളിലായി 5,751 കോടി രൂപ സമാഹരിച്ചു.