image

5 Jun 2022 7:39 AM GMT

Premium

ആര്‍ബിഐ തീരുമാനം വിപണിയുടെ ഗതി നിര്‍ണയിക്കും

Bijith R

ആര്‍ബിഐ തീരുമാനം വിപണിയുടെ ഗതി നിര്‍ണയിക്കും
X

Summary

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തിന്റെ ഫലമനുസരിച്ചായിരിക്കും ഓഹരി വിപണിയുടെ ഹ്രസ്വകാല സ്വഭാവം തീരുമാനിക്കപ്പെടുന്നത്. വ്യാപാരികൾ ഇതിനകം തന്നെ കേന്ദ്ര ബാങ്കിന്റെ നിരക്കു വര്‍ദ്ധനവുണ്ടാകുമെന്ന വസ്തുത അംഗീകരിച്ചു കഴിഞ്ഞു. നിരക്കു വര്‍ദ്ധനയുടെ അളവ്, സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പത്തിനെതിരായ പോരാട്ടങ്ങളും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാം എന്നതിനെക്കുറിച്ചുള്ള ആര്‍ബിഐ യുടെ അഭിപ്രായങ്ങള്‍, ഉയരുന്ന പലിശ നിരക്ക് എന്നിവയാകും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണയിക്കുന്നത്. പലിശ നിരക്ക് കാര്യമായി ബാധിക്കുന്ന മേഖലകളായ ഓട്ടോ, ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ് […]


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തിന്റെ ഫലമനുസരിച്ചായിരിക്കും ഓഹരി വിപണിയുടെ ഹ്രസ്വകാല സ്വഭാവം...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തിന്റെ ഫലമനുസരിച്ചായിരിക്കും ഓഹരി വിപണിയുടെ ഹ്രസ്വകാല സ്വഭാവം തീരുമാനിക്കപ്പെടുന്നത്. വ്യാപാരികൾ ഇതിനകം തന്നെ കേന്ദ്ര ബാങ്കിന്റെ നിരക്കു വര്‍ദ്ധനവുണ്ടാകുമെന്ന വസ്തുത അംഗീകരിച്ചു കഴിഞ്ഞു. നിരക്കു വര്‍ദ്ധനയുടെ അളവ്, സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പത്തിനെതിരായ പോരാട്ടങ്ങളും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാം എന്നതിനെക്കുറിച്ചുള്ള ആര്‍ബിഐ യുടെ അഭിപ്രായങ്ങള്‍, ഉയരുന്ന പലിശ നിരക്ക് എന്നിവയാകും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണയിക്കുന്നത്.

പലിശ നിരക്ക് കാര്യമായി ബാധിക്കുന്ന മേഖലകളായ ഓട്ടോ, ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയിലെ ഓഹരികളിൽ ഉയര്‍ന്ന തോതിലുള്ള ലാഭമെടുപ്പ് വെള്ളിയാഴ്ച്ച കണ്ടിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ ആഴ്ച്ചയിലെ പണനയ അവലോകന യോഗത്തെക്കുറിച്ചുള്ള ജാഗ്രതയാണ്.

കഴിഞ്ഞ മാസം ആര്‍ബിഐ അപ്രതീക്ഷിതമായി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ ആര്‍ബിഐ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയുടെ നിരക്ക് 4.40 ശതമാനമായി. പണപ്പെരുത്തെ തുരത്താനായിരുന്നു ഈ മാര്‍ഗം.
2022 മാര്‍ച്ചില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.1 ശതമാനത്തില്‍ നിന്ന് 7.0 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് ഏറെക്കുറെ അന്താരാഷ്ട്ര പ്രശ്‌നങ്ങളുടെ പ്രതിഫലനമായി സംഭവിക്കുന്നതാണ്.

"ഉയര്‍ന്ന അനിശ്ചിതത്വം പണപ്പെരുപ്പത്തെ ചുറ്റിപ്പറ്റിയാണ്. അത്, വലിയതോതിൽ, വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആഗോള വിപണിയിലെ ഉത്പന്നങ്ങളുടെ വിലവർദ്ധന ഇന്ത്യയെ പണപ്പെരുപ്പത്തിന്റെ പാതയിലേക്ക് നയിക്കുന്നുണ്ട്. പ്രത്യേകിച്ച്, പണപ്പെരുപ്പം വേ​ഗത്തിൽ സംഭവിക്കുന്ന ഉത്പന്നങ്ങളുടെ വിലവർദ്ധന. ഉത്പാദന നഷ്ടം മൂലവും, ഉത്പാദക രാജ്യങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങൾ മൂലവും ആ​ഗോള വിപണിയിൽ ഇത്തരം ഉത്പന്നങ്ങൾക്ക് ദൗർലഭ്യമുണ്ടാവാം. അന്താരാഷ്ട്ര ക്രൂഡോയില്‍ വില ഇപ്പോഴും ഉയരത്തിലാണ്, അതോടൊപ്പം അസ്ഥിരവുമാണ്. പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളിലൂടെ ഇക്കാര്യങ്ങളെല്ലാം പണപ്പെരുപ്പത്തിന്റെ പാതയില്‍ കാര്യമായ ഉയർച്ച സൃഷ്ടിക്കുന്നുണ്," മേയില്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ച് ആര്‍ബിഐ പറഞ്ഞത് ഇപ്രകാരമാണ്.

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പം ഏപ്രിലില്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലേക്ക് എത്തി. ഇത് തുടര്‍ച്ചയായ നാലാം മാസവും ആര്‍ബിഐയുടെ പണപ്പെരുപ്പ സഹനപരിധിയേക്കാൾ മുകളിലാണ്. വളര്‍ച്ചയെ പിന്തുണയ്ക്കുമ്പോഴും, സിപിഐ പണപ്പെരുപ്പം ഇടക്കാലത്തേക്ക് (+/- 2 ശതമാന ബാന്‍ഡില്‍) നാലു ശതമാനത്തിലേക്ക് എത്തിക്കുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം.

ആര്‍ബിഐ മുകളില്‍ പറഞ്ഞ എല്ലാ ഘടകങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഈ മാസം നിരക്ക് ഉയര്‍ത്തുമെന്നാണ് വ്യാപാരികൾ ഏകകണ്ഠമായി പറയുന്നത്. 25 മുതല്‍ 75 ബേസിസ് പോയിന്റുകള്‍ വരെയാണ് പ്രതീക്ഷിക്കുന്ന നിരക്കുയര്‍ത്തല്‍.

"ജൂണിലെ മീറ്റിംഗില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 35-40 ബേസിസ് പോയിന്റുകള്‍ കൂടി ഉയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകളോട് സര്‍ക്കാരും പ്രതികരിക്കുന്നതിനാല്‍, നിരക്ക് വര്‍ദ്ധന മന്ദഗതിയിലാക്കാന്‍ ആര്‍ബിഐ താല്‍പര്യപ്പെട്ടാലും അതിശയമില്ല. ഇന്ധന നികുതി വെട്ടിക്കുറച്ചതും, ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കുറച്ചതുമായ സമീപകാല പ്രഖ്യാപനങ്ങള്‍ ആര്‍ബിഐക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്," ക്വാണ്ടം അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഫണ്ട് മാനേജര്‍ പങ്കജ് പഥക് പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ റിപ്പോ നിരക്ക് കോവിഡിനു മുമ്പത്തെ നിരക്കായ 5.5 ശതമാനത്തിലോ, അതില്‍ കൂടുതലോ എത്തിച്ചേരുമെന്നാണ് വ്യാപാരികളില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നത്.

എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പോളിസി നിരക്ക് ആറ് ശതമാനമാകുമെന്ന് പ്രതീക്ഷിക്കാം. "2023 സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് റിപ്പോ നിരക്കില്‍ 100 മുതല്‍ 125 ബേസിസ് പോയിന്റ് വര്‍ദ്ധനവും, 50 ബേസിസ് പോയിന്റ് സിആര്‍ആര്‍ വര്‍ദ്ധനവുമാണ്. ജൂണിലെ പണനയ അവലോകനത്തില്‍ 40 മുതല്‍ 50 ബേസിസ് പോയിന്റ് റിപ്പോ വര്‍ധനയും, 25 ബേസിസ് പോയിന്റ് സിആര്‍ആര്‍ വര്‍ദ്ധനയും കാണും." വിദഗ്ധർ പറഞ്ഞു.

സാങ്കേതിക വശത്ത്, നിഫ്റ്റിക്ക് 16,750-16,850 നിലയില്‍ കടുത്ത പ്രതിരോധമുണ്ട്, കൂടാതെ 16,450-16,400 നിലയില്‍ നല്ല പിന്തുണയുമുണ്ട്. ആര്‍ബിഐ യുടെ വരാനിരിക്കുന്ന പണനയ മീറ്റിംഗില്‍ എന്തെങ്കിലും പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ഘടകങ്ങള്‍ ഉണ്ടായാല്‍ നിഫ്റ്റി ഈ നിലകളിലേതെങ്കിലും മറികടന്നേക്കാം.

"ഒരിക്കല്‍ ഈ പിന്തുണ തകർന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വിപണികള്‍ 16,200-16,000 ലേക്ക് പോകുകയും ചെയ്യും. ആഗോള വിപണികളിലും, ഉയര്‍ച്ചയുടെ സൂചനകള്‍ കാണിക്കുന്ന യുഎസ് ഡോളര്‍ സൂചികയിലും വ്യാപാരികള്‍ ജാഗ്രത പാലിക്കണം. ഇന്ത്യന്‍ വിപണിയുമായി ഡോളര്‍ സൂചികയ്ക്ക് വിപരീത ബന്ധമാണുള്ളത്. സൂചികയിലുണ്ടാകുന്ന ഏത് ഉയര്‍ച്ചയും ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതാണ്," ഫൈവ്‌പൈസ ഡോട്ട് കോം ലീഡ് റിസര്‍ച്ച് രുചിത് ജയിന്‍ പറഞ്ഞു.