image

2 Jun 2022 3:46 AM GMT

Premium

വർഷാന്ത്യത്തോടെ നിഫ്റ്റി 20,000 ൽ എത്തും: മിതുല്‍ ഷാ

Bijith R

വർഷാന്ത്യത്തോടെ നിഫ്റ്റി 20,000 ൽ എത്തും: മിതുല്‍ ഷാ
X

Summary

കഴിഞ്ഞ കുറെ നാളുകളായി ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടങ്ങള്‍ കാണുന്നുണ്ട്. ഇത് നിക്ഷേപകരുടെ ആസ്തികളുടെ മൂല്യം കുത്തനെ കുറയാനിടയാകുന്നു. ഇത്തരം സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ നിക്ഷേപ തെരഞ്ഞെടുപ്പിനെപ്പറ്റിയും, നിലവിലെ നിക്ഷേപങ്ങള്‍ എന്തു ചെയ്യുമെന്നതിനെക്കുറിച്ചും ആശങ്കപ്പെടാറുണ്ട്. വിപണിയിലെ വൈവിധ്യമാര്‍ന്ന പ്രവണതകളെപ്പറ്റിയും, പുതിയ നിക്ഷേപ അവസരങ്ങളെക്കുറിച്ചും, ആശയങ്ങളെക്കുറിച്ചും റിലയന്‍സ് സെക്യൂരിറ്റീസ് റിസേര്‍ച്ച് മേധാവി മിതുല്‍ ഷായുമായി മൈഫിന്‍ ഗ്ലോബല്‍ ഫിനാന്‍സ് മീഡിയ പ്രതിനിധി ബിജിത് ആര്‍ നടത്തിയ പ്രത്യേക അഭിമുഖം. വിപണിയിലെ ചാഞ്ചാട്ടങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? മോശമായ അവസ്ഥ പിന്നിട്ടുവെന്ന് […]


കഴിഞ്ഞ കുറെ നാളുകളായി ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടങ്ങള്‍ കാണുന്നുണ്ട്. ഇത് നിക്ഷേപകരുടെ ആസ്തികളുടെ മൂല്യം കുത്തനെ കുറയാനിടയാകുന്നു. ഇത്തരം സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ നിക്ഷേപ തെരഞ്ഞെടുപ്പിനെപ്പറ്റിയും, നിലവിലെ നിക്ഷേപങ്ങള്‍ എന്തു ചെയ്യുമെന്നതിനെക്കുറിച്ചും ആശങ്കപ്പെടാറുണ്ട്. വിപണിയിലെ വൈവിധ്യമാര്‍ന്ന പ്രവണതകളെപ്പറ്റിയും, പുതിയ നിക്ഷേപ അവസരങ്ങളെക്കുറിച്ചും, ആശയങ്ങളെക്കുറിച്ചും റിലയന്‍സ് സെക്യൂരിറ്റീസ് റിസേര്‍ച്ച് മേധാവി മിതുല്‍ ഷാ
യുമായി മൈഫിന്‍ ഗ്ലോബല്‍ ഫിനാന്‍സ് മീഡിയ പ്രതിനിധി ബിജിത് ആര്‍ നടത്തിയ പ്രത്യേക അഭിമുഖം.
വിപണിയിലെ ചാഞ്ചാട്ടങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? മോശമായ അവസ്ഥ പിന്നിട്ടുവെന്ന് വിലയിരുത്തുന്നുണ്ടോ?
രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ച്ചയിലേക്ക് പോയത്, യുഎസ് ഫെഡ് നയങ്ങള്‍ കര്‍ശനമാക്കുന്നത്, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തുടരുന്നത് എന്നിവയാണ് അടുത്തകാലത്തെ പ്രധാനപ്പെട്ട നെഗറ്റീവ് ഘടകങ്ങള്‍. ഉയരുന്ന പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ യുഎസ് ഫെഡിനെയും ലോകത്തുള്ള മറ്റ് കേന്ദ്ര ബാങ്കുകളെയും പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരാക്കി. ഇത് സാമ്പത്തിക മാന്ദ്യം ആസന്നമാണെന്നുള്ള വിലയിരുത്തലിലേക്ക് നിക്ഷേപകരെ നയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഉത്പന്നങ്ങളുടെ ദൗര്‍ലഭ്യം, വില്‍പ്പന മന്ദഗതിയിലാകുമെന്ന ഭീതി എന്നിവ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയത്തിന് ആക്കംകൂട്ടി. പ്രമുഖ സമ്പദ് വ്യവസ്ഥകളിലെ ഉയര്‍ന്ന പണപ്പെരുപ്പം നയപരമായ നടപടികളെടുക്കാന്‍ കേന്ദ്ര ബാങ്കുകളെ നിര്‍ബന്ധിതരാക്കി. പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ പലിശ നിരക്ക് ഉയരും എന്ന സൂചനയാണ് പണനയ രൂപീകരണ വിദഗ്ധര്‍ നല്‍കുന്നത്. സമീപ കാലത്ത്, യുദ്ധത്തിന്റെ കെടുതികളും, റഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ആഗോള വിപണികളിലും, ഇന്ത്യന്‍ വിപണിയിലും ആഘാതം ഏല്‍പ്പിച്ചു. സമീപ കാലത്തായി വിപണി സമ്മര്‍ദ്ദത്തിലാണ്. ഉയര്‍ന്ന തലത്തിലുള്ള അസ്ഥിരത വരുന്ന ഒന്നോ, രണ്ടോ പാദങ്ങളിലേക്കു കൂടി തുടരാം.
കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷങ്ങളിലായി പുതുതായി ധാരാളം നിക്ഷേപകര്‍ വിപണിയിലേക്ക് കടന്നു വന്നിട്ടുണ്ട്. അവര്‍ ഇത്തരത്തിലൊരു അസ്ഥിരത ആദ്യമായാകും കാണുന്നത്. അവര്‍ക്കുള്ള ഉപദേശമെന്താണ്?
ഈ അവസ്ഥ കുറച്ചു കാലത്തേക്കു കൂടി തുടരും. അതുകൊണ്ട് മികച്ച ഓഹരികള്‍ വാങ്ങാനുള്ള അവസരമായി ഇതിനെ കാണണം. 2020 മാര്‍ച്ചിലെ താഴ്ച്ചയ്ക്കുശേഷം വിപണി ശക്തമായി തിരിച്ചു വന്നിരുന്നു. എന്നാല്‍, ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ഒന്ന്, ഒന്നര മാസമായി വീണ്ടും താഴേക്കു വന്നു. ഞങ്ങള്‍ വിശ്വസിക്കുന്നത്, വിപണിയില്‍ വലിയതോതില്‍ വിറ്റഴിക്കല്‍ നടന്നുവെന്നാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന ഇടയ്ക്ക് കുറഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്ത് അത് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കുറയുകയും, എല്ലാ വിധത്തിലുമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. പണപ്പെരുപ്പത്തോടൊപ്പം, എണ്ണ വില വര്‍ദ്ധനവ്, ചൈനയില്‍ തുടരുന്ന കോവിഡ് ലോക്ഡൗണ്‍, റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് വിതരണ ശൃംഖലയിലുണ്ടായിരിക്കുന്ന തടസങ്ങള്‍ എന്നിവ ഉത്പന്നങ്ങളുടെ വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമാകുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇതുവരെ പിടിച്ചു നിന്നെങ്കിലും, ആഗോള പ്രശ്നങ്ങള്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള ചലനാത്മകതയെ ബാധിക്കും.
എന്നിരുന്നാലും, റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയിലുണ്ടാകുന്ന ഏതൊരു അയവും ഉത്പന്നങ്ങളുടെ വിലയില്‍ കുത്തനെയുള്ള കുറവിലേക്ക് നയിച്ചേക്കാം. ഇത് നിക്ഷേപ താല്‍പര്യത്തെ ശക്തമായി ഉണര്‍ത്തും. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ നിക്ഷേപകര്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്, കയ്യിലുള്ള ഓഹരികളുടെ വില ഉയരുമ്പോള്‍ അവ വിറ്റ് ലാഭമെടുക്കണം. രണ്ട്, വില വളരെ ഉയര്‍ന്നു നില്‍ക്കുന്ന ഓഹരികളില്‍ നിക്ഷേപിക്കുകയുമരുത്. മികച്ച ഓഹരികളില്‍ വിലക്കുറവുണ്ടാകുമ്പോള്‍ നിക്ഷേപം നടത്താം.
ഇതുവരെ, ആഭ്യന്തര നിക്ഷേപകര്‍ വിപണിക്ക് വേണ്ടതിലധികം പിന്തുണ നല്‍കുന്നുണ്ട്. അത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിന്നും പിന്‍വലിക്കുന്ന തുകയ്ക്ക് ഏകദേശം തുല്യവുമാണ്. പലിശനിരക്കുകള്‍ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍, ഓഹരി വിപണികളിലേക്കുള്ള ആഭ്യന്തര നിക്ഷേപങ്ങള്‍ തടസ്സപ്പെടുമോ?
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന ആരംഭിച്ചിട്ട് തുടര്‍ച്ചയായി ഏഴു മാസത്തോളമായി. 2021 ഒക്ടോബര്‍ മുതല്‍ ഇതുവരെ രണ്ട് ലക്ഷം കോടി രൂപയാണ് വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത്. സമ്പദ് ഘടനാപരമായ കാരണങ്ങളാലും, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ കൊണ്ടും ഉണ്ടായ ആശങ്കകള്‍ക്കിടയില്‍ ആഗോള ഓഹരി വിപണികളിലും, വളരുന്ന വിപണികളിലും ഉയര്‍ന്ന അസ്ഥിരത നിലനില്‍ക്കുന്നു. എന്നിരുന്നാലും, ആഭ്യന്തര നിക്ഷേപകര്‍ ശക്തമായി നിലകൊള്ളുകയും, 2021 ഒക്ടോബര്‍ മുതല്‍ ഏകദേശം 2,40,000 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തതിനാല്‍ ഇന്ത്യന്‍ വിപണികള്‍ ഇപ്പോഴും ശക്തമാണ്. എസ്‌ഐപി കളില്‍ വന്‍ വര്‍ദ്ധനവാണ് കാണുന്നത്. ആളുകള്‍ ഭൗതിക ആസ്തികളില്‍ നിക്ഷേപിക്കാതെ ധന ആസ്തികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനാലാണ് വിപണിയിലേക്ക് പണമൊഴുകുന്നത്. ഡീമാറ്റ് അക്കൗണ്ട് ഉടമകളുടെയും, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെയും എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഉയരുന്ന പലിശ നിരക്ക് ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് ദോഷകരമാണ്. കൂടാതെ, മുന്നോട്ട് പോകുമ്പോള്‍, എസ്ഐപി കളുടെ ചെറിയ ഒരു ഭാഗത്തെ ബാധിക്കുകയും ചെയ്യും. എന്നിരുന്നാലും, ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത മാറ്റമില്ലാതെ തുടരുകയാണ്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഇക്വിറ്റി നിക്ഷേപം ഇരട്ട അക്ക പ്രതിഫലം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ ആഭ്യന്തര നിക്ഷേപം ശക്തമായി തുടരും.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളുടെ അറ്റ വാങ്ങലുകാരായി എപ്പോള്‍ മാറുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?
തുടര്‍ച്ചയായ ഏഴാം മാസമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികളിലെ നിക്ഷേപം പിന്‍വലിക്കുന്നത്. വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകര്‍ 2021 ഒക്ടോബര്‍ മുതല്‍ ഇതുവരെ രണ്ടു ലക്ഷം കോടി രൂപയാണ് ഓഹരി നിക്ഷേപത്തില്‍ നിന്നും പിന്‍വലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഉയര്‍ന്ന തോതിലുള്ള നിരക്ക് വര്‍ദ്ധനയാണ് അടുത്തിടെയുണ്ടായ പിന്‍വലിക്കലിന് കാരണമായത്. ശക്തമായ നിരക്ക് വര്‍ദ്ധനയുടെ സാധ്യതകള്‍ക്കിടയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കുറച്ചു കാലത്തേക്കു കൂടി അസ്ഥിരമായി തുടരാന്‍ സാധ്യതയുണ്ട്. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള അന്താരാഷ്ട്ര അന്തരീക്ഷവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍ താല്‍പര്യത്തിനു ഭീഷണിയായി. ആഗോളതലത്തില്‍ വിപണികള്‍ വളരെ ദുര്‍ബലമായതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒരുപക്ഷേ കുറഞ്ഞ അളവില്‍ വില്‍പ്പന തുടരാം. ഫെഡിന്റെ ആദ്യ നിരക്ക് വര്‍ദ്ധന പ്രഖ്യാപനം വരെ വിപണിയിലെ ചാഞ്ചാട്ടം നിലനില്‍ക്കുമെന്നാണ് ഞങ്ങള്‍ മുമ്പ് നിരീക്ഷിച്ചിരുന്നത്. പിന്നീട് അത് സ്ഥിരത കൈവരിക്കുകയും ഓഹരികളിലേക്കുള്ള ഒഴുക്ക് പുനരാരംഭിക്കുകയും ചെയ്യുമെന്നും. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2023 സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തോടെ തിരിച്ചുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ 4-5 വര്‍ഷമായി വിപണിയിൽ നിന്നു ലഭിച്ച അതേ വരുമാനം പുതിയ നിക്ഷേപകര്‍ക്ക് പ്രതീക്ഷിക്കാനാകുമോ? ഒരു ഇടത്തരം-ദീര്‍ഘകാല വീക്ഷണത്തില്‍ നിങ്ങളുടെ പ്രതീക്ഷയെന്താണ്?
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ഓഹരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇരട്ട അക്ക വരുമാനം പ്രതീക്ഷിക്കാം. ഈ വർഷാന്ത്യത്തോടെ നിഫ്റ്റി 20,000 പോയി​ന്റിലെത്തുമെന്ന് ഞങ്ങൾ കണക്കാക്കുന്നു. ഉയര്‍ന്ന സംയോജിത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ), അടുത്ത ഒന്നു രണ്ടു വര്‍ഷത്തേക്ക് നിഫ്റ്റിയിൽ പ്രീമിയം വാല്യുവേഷൻ തന്നെ തുടരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
സമഗ്രമായ ഒരു സാമ്പത്തിക ഉയർത്തെഴുന്നേൽപ്പ് സംഭവിക്കാൻ പോകുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എഞ്ചിനീയറിംഗ്, ക്യാപിറ്റല്‍ ഗുഡ്സ്, കെമിക്കല്‍, ഇവി ഇക്കോളജി, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ മേഖലകള്‍ 2022-ലും ശ്രദ്ധാ കേന്ദ്രങ്ങളായി തുടരും. ഡിമാന്‍ഡ് പുനരുജ്ജീവനം, മെച്ചപ്പെട്ട വിതരണം, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവ് എന്നിവ സംഭവിച്ചാൽ ഓട്ടോമൊബൈല്‍ മറ്റൊരു മികച്ച മേഖലയാണ്. മൂല്യത്തോടൊപ്പം, ഗുണമേന്മയുള്ള മിഡ്ക്യാപ് ഓഹരികളെ അടിസ്ഥാനമാക്കിയുള്ളതാണ് ഞങ്ങളുടെ നിക്ഷേപ ശൈലി. പൊതുവിൽ ഇന്ത്യന്‍ ഓഹരി വിപണി, മധ്യകാല-ദീര്‍ഘകാല കാലയളവിൽ, ഇരട്ട അക്ക വരുമാനം നല്‍കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഏതൊക്കെ മേഖലകളാണ് വരുന്ന 1-2 വര്‍ഷത്തേക്ക് ആകര്‍ഷകമായിട്ടുള്ളത്?
മൂലധന ചെലവിന്റെ പുനരുജ്ജീവനത്തിന്റെ മൂര്‍ധന്യത്തിലാണ് ഇന്ത്യയുള്ളത്. ഇത് മൂലധന ഉത്പന്നങ്ങള്‍, എഞ്ചിനീയിറിംഗ് മേഖല എന്നിവയ്ക്ക് നേട്ടമാണ്. ഡിമാന്‍ഡിലുണ്ടായ വളര്‍ച്ച, മികച്ച വിതരണം, അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായേക്കാവുന്ന കുറവ് എന്നിവയുടെ പിന്തുണയില്‍ ഓട്ടോമൊബൈല്‍ മേഖലയും പ്രതീക്ഷവെയ്ക്കാവുന്ന മേഖലയാണ്. വരുന്ന ദശകം ഇലക്ട്രിക് വാഹന മേഖലയില്‍ വലിയൊരു പരിവര്‍ത്തനം സംഭവിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയുടെ ആദ്യഘട്ടം 2022 ല്‍ ആരംഭിച്ചു കഴിഞ്ഞു. ഇവി ഇക്കോളജി പ്ലാനുമായി ബന്ധപ്പെട്ട് നിരവധി ഇവി നിര്‍മ്മാതാക്കളും, കമ്പനികളും അടുത്ത ഒന്നു - രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. മാത്രമല്ല, ഐസി വാഹനങ്ങളേക്കാള്‍ ഇവിക്ക് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നത് ഈ മേഖലയില്‍ നവീകരണവും, വികസനവും, പ്രാദേശികവല്‍ക്കരണവും വര്‍ദ്ധിപ്പിക്കും. ഇത് ഹരിത ഊര്‍ജത്തിന്റെ ആവശ്യകതയിലേക്കും നയിക്കും. മാത്രമല്ല, ആഗോളതലത്തില്‍ നിക്ഷേപ സമൂഹത്തിലുടനീളം ഇഎസ്ജി (enviornment, social, governance) ശക്തി പ്രാപിക്കുന്നതിനാല്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഉയര്‍ന്ന നിക്ഷേപതാല്‍പര്യം തുടരും.
മിക്ക കമ്പനികളുടെയും നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏതൊക്കെ കമ്പനികളാണ് മികച്ച റിസള്‍ട്ടുകൊണ്ടും മോശം റിസള്‍ട്ടുകൊണ്ടും അത്ഭുതപ്പെടുത്തിയത്? ദീര്‍ഘകാല വീക്ഷണത്തില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന ഏതാനും ഓഹരികള്‍ പറയാമോ?
കമ്പനി ഫലങ്ങളുടെ പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവ് മോശമായി ബാധിച്ച കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, സിമെന്റ്, ഓട്ടോ, മെറ്റല്‍സ് എന്നീ മേഖലകളിലെ കമ്പനികളുടെ ഫലങ്ങളും, വില വര്‍ദ്ധനവ് നേരിട്ട് ബാധിക്കാത്ത സ്വകാര്യ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഐടി എന്നീ മേഖലകളിലെ കമ്പനികളുടെ ഫലങ്ങളും തമ്മില്‍ വലിയ വ്യത്യാസം കാണുന്നുണ്ട്. സ്വകാര്യ ബാങ്കുകള്‍ വായ്പാ ചെലവില്‍ കുറവു വരുത്തക, നിഷ്‌ക്രിയ ആസ്തി റേഷ്യോയില്‍ കുറവു വരുത്തുക എന്നിങ്ങനെയുള്ള ആസ്തി മെച്ചപ്പെടുത്തല്‍ തുടരുന്നുണ്ട്. നിഷ്‌ക്രിയ ആസ്തികളായി മാറാവുന്ന വായ്പകളില്‍ കുറവുവരുന്നതും, വായ്പാ തിരിച്ചടവ് മെച്ചപ്പെടുന്നതും ഇതിനുള്ള മറ്റു കാരണങ്ങളാണ്.
കാപിറ്റല്‍ ഗുഡ്സ്: കെഇസി, എല്‍ ആന്‍ഡ് ടി
ഓട്ടോ: ടിവിഎസ് മോട്ടോര്‍, അശേക് ലെയ്ലന്‍ഡ്
ഐടി: ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്
മിഡ് കാപ്: എപിഎല്‍ അപ്പോളോ