30 May 2022 3:58 AM IST
Summary
നേട്ടത്തില്‍ അവസാനിച്ച ഒരാഴ്ച്ചയ്ക്കു ശേഷം ഇന്ന് ഇന്ത്യന്‍ വിപണി വ്യാപാരം ആരംഭിക്കുമ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത് ഈ ആഴ്ച്ച വരാനിരിക്കുന്ന സാമ്പത്തിക സ്ഥിതിവിവരകണക്കുകളാണ്. നാളെ നാലാംപാദ ജിഡിപി കണക്കുകള്‍ പുറത്തു വരും. വാഹന വില്‍പ്പന കണക്കുകളും, മാനുഫാക്ച്ചറിംഗ്-സര്‍വീസസ് പിഎംഐ ഡേറ്റയും ഈ ആഴ്ച്ച പുറത്തു വരാനിരിക്കുന്നു. കൂടാതെ, മണ്‍സൂണ്‍ പ്രവചനം ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കാര്‍ഷിക ഉത്പാദനവുമായി ഇത് ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. ഈ ആഴ്ച്ച മണ്‍സൂണ്‍ ഇന്ത്യന്‍ തീരത്തെത്തുമ്പോള്‍ എത്രമാത്രം മഴ ലഭിക്കുമെന്നതിനെ […]
നേട്ടത്തില്‍ അവസാനിച്ച ഒരാഴ്ച്ചയ്ക്കു ശേഷം ഇന്ന് ഇന്ത്യന്‍ വിപണി വ്യാപാരം ആരംഭിക്കുമ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത് ഈ ആഴ്ച്ച വരാനിരിക്കുന്ന സാമ്പത്തിക സ്ഥിതിവിവരകണക്കുകളാണ്. നാളെ നാലാംപാദ ജിഡിപി കണക്കുകള്‍ പുറത്തു വരും. വാഹന വില്‍പ്പന കണക്കുകളും, മാനുഫാക്ച്ചറിംഗ്-സര്‍വീസസ് പിഎംഐ ഡേറ്റയും ഈ ആഴ്ച്ച പുറത്തു വരാനിരിക്കുന്നു. കൂടാതെ, മണ്‍സൂണ്‍ പ്രവചനം ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കാര്‍ഷിക ഉത്പാദനവുമായി ഇത് ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. ഈ ആഴ്ച്ച മണ്‍സൂണ്‍ ഇന്ത്യന്‍ തീരത്തെത്തുമ്പോള്‍ എത്രമാത്രം മഴ ലഭിക്കുമെന്നതിനെ സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ വിപണിയില്‍ ചര്‍ച്ചയാവും.
ക്രൂഡോയില്‍
ഉയരുന്ന ക്രൂഡ് വിലകളും, പണപ്പെരുപ്പവുമാണ് വിപണിയെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ ക്രൂഡോയില്‍ വില ഉയരുകയാണ്. ഇന്നും, നാളെയുമായി യൂറോപ്യന്‍ യൂണിയന്‍ നടത്താനിരിക്കുന്ന റഷ്യന്‍ എണ്ണ ഉപരോധം സംബന്ധിച്ച മീറ്റിംഗുകള്‍ നിര്‍ണായകമാണ്. എണ്ണ വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന ഈ ആഴ്ച്ചയിലും തുടര്‍ന്നേക്കാം. എന്നാല്‍, അതിന്റെ ശക്തി ഏറെക്കുറെ കുറഞ്ഞിട്ടുണ്ട്. മേയ് മാസത്തില്‍ ഇതുവരെ 39,000 കോടി രൂപ അവര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. ഈ വര്‍ഷം 1.66 ലക്ഷം കോടി രൂപയാണ് മൊത്തത്തില്‍ പിന്‍വലിച്ചത്. തായ് വാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ എന്നീ വളരുന്ന വിപണികളില്‍ നിന്നും അവര്‍ പണം പിന്‍വലിക്കുന്നുണ്ട്. "ഉയര്‍ന്ന നിലയില്‍, എഫ്പിഐ വില്‍പ്പന തുടര്‍ന്നേക്കാം. ആഗോള വിപണികള്‍ ഏറെക്കുറെ സ്ഥിരമായി നിലനിന്നാല്‍ ഈ വില്‍പ്പനയെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്കും, റീട്ടെയില്‍ നിക്ഷേപകര്‍ക്കും ചേര്‍ന്ന് ഉള്‍ക്കൊള്ളാനാവും," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
ഏഷ്യന്‍, അമേരിക്കന്‍ വിപണികള്‍
ഏഷ്യന്‍ വിപണികളിലെല്ലാം ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.29 ന് 0.97 ശതമാനം നേട്ടത്തിലാണ്. മറ്റെല്ലാ പ്രമുഖ ഏഷ്യന്‍ വിപണികളും ഒരു ശതമാനത്തിനോടടുപ്പിച്ച് നേട്ടം കാണിക്കുന്നു. അമേരിക്കന്‍ വിപണി വെള്ളിയാഴ്ച്ച മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടെക് ഓഹരികള്‍ക്ക് മേല്‍ക്കൈയ്യുള്ള നാസ്ഡാക് 3.33 ശതമാനം നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ ഐടി ഓഹരികള്‍ക്കും ഇന്ന് അനുകൂലമാകും. ഈ ആഴ്ച്ച വരാനിരിക്കുന്ന തൊഴിലില്ലായ്മ കണക്കുകള്‍ യുഎസ് വിപണിയില്‍ പ്രധാനമാണ്.
കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്തുവരാനിരിക്കുന്ന പ്രധാന കമ്പനി ഫലങ്ങള്‍ എല്‍ഐസി, അരബിന്ദോ ഫാര്‍മ, കാംപസ് ആക്ടിവെയര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ഡിബി റിയല്‍റ്റി, ഡെല്‍ഹിവെറി, പിസി ജ്യൂവലർ എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,775 രൂപ (മേയ് 30)
ഒരു ഡോളറിന് 77.63 രൂപ (മേയ് 27)
ബ്രെന്റ് ക്രൂഡ് ബാരലിന് 120.49 ഡോളര്‍ (8.33 am)
ഒരു ബിറ്റ് കോയിന്റെ വില 24,49,838 രൂപ (8.33 am)