image

29 May 2022 8:36 AM GMT

Premium

ആഗോള, ആഭ്യന്തര സ്ഥിതിവിവരക്കണക്കുകൾ ഈയാഴ്ച പ്രധാനം

Bijith R

ആഗോള, ആഭ്യന്തര സ്ഥിതിവിവരക്കണക്കുകൾ ഈയാഴ്ച പ്രധാനം
X

Summary

കമ്പനികളുടെ നാലാംപാദ വരുമാന ഫലങ്ങള്‍ ഏതാണ്ട് അവസാനത്തോട് അടുക്കുകയാണ്. എന്നാൽ, യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ സുപ്രധാന സാമ്പത്തിക വളർച്ചാ കണക്കുകള്‍ ഈയാഴ്ച പുറത്തു വരും. യുഎസ് ഡോളറിനെതിരെ രൂപയുടെ തളർച്ച, നീണ്ടുനിൽക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം, ആഗോള ക്രൂഡ് വിലയിലെ വ്യതിയാനങ്ങൾ എന്നിവയെല്ലാം ആഭ്യന്തര ഓഹരി വിപണിയുടെ സ്വഭാവം നിര്‍ണ്ണയിക്കും. ഇന്ത്യയുടെ നാലാംപാദ ജിഡിപി വളര്‍ച്ചാ വിവരങ്ങളും, മാര്‍ച്ചിലെ ധനക്കമ്മിയും അടുത്ത ആഴ്ച പുറത്തുവിടും. ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം, ഗവണ്‍മെന്റിന്റെ ധനസ്ഥിതി, വായ്പയെടുക്കല്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ച് […]


കമ്പനികളുടെ നാലാംപാദ വരുമാന ഫലങ്ങള്‍ ഏതാണ്ട് അവസാനത്തോട് അടുക്കുകയാണ്. എന്നാൽ, യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ സുപ്രധാന സാമ്പത്തിക...

കമ്പനികളുടെ നാലാംപാദ വരുമാന ഫലങ്ങള്‍ ഏതാണ്ട് അവസാനത്തോട് അടുക്കുകയാണ്. എന്നാൽ, യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ സുപ്രധാന സാമ്പത്തിക വളർച്ചാ കണക്കുകള്‍ ഈയാഴ്ച പുറത്തു വരും. യുഎസ് ഡോളറിനെതിരെ രൂപയുടെ തളർച്ച, നീണ്ടുനിൽക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം, ആഗോള ക്രൂഡ് വിലയിലെ വ്യതിയാനങ്ങൾ എന്നിവയെല്ലാം ആഭ്യന്തര ഓഹരി വിപണിയുടെ സ്വഭാവം നിര്‍ണ്ണയിക്കും.

ഇന്ത്യയുടെ നാലാംപാദ ജിഡിപി വളര്‍ച്ചാ വിവരങ്ങളും, മാര്‍ച്ചിലെ ധനക്കമ്മിയും അടുത്ത ആഴ്ച പുറത്തുവിടും. ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം, ഗവണ്‍മെന്റിന്റെ ധനസ്ഥിതി, വായ്പയെടുക്കല്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതിനാല്‍ ഈ കണക്കുകള്‍ ധനവിപണികള്‍ക്ക് പ്രധാനമാണ്.

കമ്പനികള്‍ അവരുടെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ പുറത്തുവിടുന്നതിനാല്‍ ഓട്ടോമൊബൈല്‍ ഓഹരികളും ശ്രദ്ധാകേന്ദ്രങ്ങളാകും. വില്‍പ്പനയുടെ അളവിലും, വിപണി വിഹിതത്തിലുമുള്ള വളര്‍ച്ചയ്ക്ക് പുറമെ, ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെയും ആര്‍ബിഐയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിരക്കു വർദ്ധനവിന്റേയും പശ്ചാത്തലത്തില്‍ ഉപഭോക്തൃ ചെലവുകളുടെ സ്വഭാവം മനസ്സിലാക്കാനും നിക്ഷേപകര്‍ ശ്രമിക്കും. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന കണക്കുകള്‍ സാമ്പത്തിക പ്രവര്‍ത്തനം മെച്ചപ്പെട്ടതാണോ അല്ലയോ എന്നതിനെക്കുറിച്ച് വ്യക്തത നല്‍കും.

ലോക സാമ്പത്തിക വളര്‍ച്ചയിൽ സ്വാധീനം ചെലുത്തുമെന്നതിനാല്‍, ആഗോള നിക്ഷേപകരും ചൈനീസ് മാനുഫാക്ചറിംഗ് വിവരങ്ങള്‍ പുറത്തിറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കോവിഡ്-19 മൂലമുണ്ടായ ലോക്ക്ഡൗണിന്റെ സാമ്പത്തിക ആഘാതവും, പ്രോപ്പര്‍ട്ടി മേഖലയിലെ മാന്ദ്യവും കുറയ്ക്കുന്നതിന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന കഴിഞ്ഞയാഴ്ച അഞ്ചു വര്‍ഷ വായ്പകളുടെ പലിശ നിരക്ക് കുറച്ചിരുന്നു. യൂറോസോണില്‍ നിന്നു പുറത്തു വരാനുള്ള ഉൽപ്പാദന-നിര്‍മ്മാണ വിവരങ്ങളും, ഉപഭോക്തൃ ആത്മവിശ്വാസവും, യുഎസിലെ നോണ്‍-ഫാം തൊഴിൽ വിവരങ്ങളും ആഗോള വിപണികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

വിപണിയുടെ സാങ്കേതിക വശം പരിശോധിച്ചാൽ, നിഫ്റ്റി ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണിയില്‍ മെയ് മാസത്തില്‍ ബെയറിഷ് പൊസിഷനിലായിരുന്ന കുറേ വ്യാപാരികള്‍ ജൂണിലും ഇതേ നില തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ബാങ്ക് നിഫ്റ്റിയില്‍ ഇതില്‍ നിന്നും വ്യത്യസ്തമായൊരു ട്രെന്‍ഡാണ് കാണപ്പെടുന്നത്. കുറേ വ്യാപാരികള്‍ ബെയറിഷ് പൊസിഷന്‍ ക്ലോസ് ചെയ്തിട്ടുണ്ട്. "ഈ സാഹചര്യത്തില്‍, 16,000 എന്നത് നിഫ്റ്റിയെ സംബന്ധിച്ച് ഒരിക്കല്‍ കൂടി നിര്‍ണ്ണായക പിന്തുണ മേഖലയായി മാറിയിരിക്കുകയാണ്. ഈ നില മറികടക്കാന്‍ സാധിക്കാത്തിടത്തോളം കാലം, വിപണിയിലുണ്ടാകുന്ന താഴ്ച്ചകൾ ഉപയോഗിച്ച് മികച്ച ഓഹരികള്‍ ദീര്‍ഘകാലത്തേക്ക് വാങ്ങുകയാണ് ഉത്തമം. മുകളിലേക്ക് പോയാല്‍, 16,400-16,500 മറികടക്കുക ദുഷ്‌കരമായിരിക്കും. ഈ നില മറികടന്നാല്‍, 16,800 ലേക്ക് എത്തിചേരുക സാധ്യമാണ്. തുടര്‍ന്ന് 17,000 വരെ എത്തിയേക്കാം," ഏഞ്ചല്‍വണ്‍ ബ്രോക്കിംഗിലെ സാങ്കേതിക വിദഗ്ധന്‍ പറഞ്ഞു.

എഡല്‍വെയ്‌സ് വെല്‍ത്ത് മാനേജ്‌മെന്റിലെ ഡെറിവേറ്റീവ് അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ഓട്ടോ, എഫ്എംസിജി, ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ ബുള്ളിഷ് പ്രവണത കാണിക്കുന്നു. എന്നാല്‍ ഐടി, മെറ്റല്‍ ഓഹരികള്‍ അവയുടെ ബെയറിഷ് പ്രവണത ഇപ്പോഴും തുടരുകയാണ്. എന്നിരുന്നാലും, അമിത വില്‍പ്പന നടന്നുകഴിഞ്ഞു എന്ന വിലയിരുത്തലില്‍, എഫ് ആന്‍ഡ് ഓ വിപണിയില്‍ വ്യാപാരികള്‍ അവരുടെ ഐടി ഓഹരികളിലെ ബെയറിഷ് പൊസിഷനുകള്‍ കുറെയധികം കവര്‍ ചെയ്തിട്ടുണ്ട്, അനലിസ്റ്റുകൾ പറഞ്ഞു.