ഇന്ന് ആഗോള വിപണികളിലെല്ലാം കാണപ്പെടുന്ന ശുഭ സൂചനകള്‍ ഇന്ത്യന്‍ വിപണിയിലേക്കും പടരാനിടയുണ്ട്. രാവിലെ ഏഷ്യന്‍ വിപണികളെല്ലാം മികച്ച...
ഇന്ന് ആഗോള വിപണികളിലെല്ലാം കാണപ്പെടുന്ന ശുഭ സൂചനകള്‍ ഇന്ത്യന്‍ വിപണിയിലേക്കും പടരാനിടയുണ്ട്. രാവിലെ ഏഷ്യന്‍ വിപണികളെല്ലാം മികച്ച നേട്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.38 ന് 0.50 ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. മറ്റു പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം അര ശതമാനത്തിനു മേല്‍ ഉയര്‍ച്ചയിലാണ്. ടെക് ഓഹരികള്‍ക്ക് മുന്‍തൂക്കമുള്ള ഹോംകോംഗിലെ ഹാങ് സെങ് സൂചിക 2.80 ശതമാനം നേട്ടത്തിലാണ്. ഏഷ്യയിലെ ടെക്‌നോളജി ഭീമന്‍മാരായ അലിബാബയും, ബൈഡൂവും മികച്ച ഒന്നാംപാദ ഫലങ്ങളാണ് നല്‍കിയത്. ഇത് ടെക് ഓഹരികളുടെ പ്രിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ചൈനയിലെ വ്യവസായ സ്ഥാപനങ്ങളുടെ ലാഭത്തില്‍ വന്‍ കുറവുണ്ടായി. കോവിഡ് നിയന്ത്രണങ്ങളും, അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുതിച്ചു കയറ്റവും ചൈനീസ് സമ്പദ് ഘടനയ്ക്ക് തിരിച്ചടിയാവുകയാണ്.
അമേരിക്കന്‍ വിപണി
അമേരിക്കന്‍ വിപണികളും ഇന്നലെ മികച്ച നേട്ടം കൈവരിച്ചിരുന്നു. ഡൗ ജോണ്‍സ് 1.61 ശതമാനവും, എസ് ആന്‍ഡ് പി 500 1.99 ശതമാനവും, നാസ്ഡാക് 2.68 ശതമാനവും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. ലോകമെമ്പാടും ടെക് ഓഹരികളില്‍ നിക്ഷേപകര്‍ക്ക് താല്‍പര്യമേറയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടാകാം. അമേരിക്കയിലെ പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങള്‍ പ്രതീക്ഷയില്‍ കവിഞ്ഞ ഒന്നാംപാദ ഫലങ്ങളാണ് പുറത്തുവിട്ടത്. ഇത് വിപണിക്ക് ഉത്തേജനം പകര്‍ന്നു. എല്ലാറ്റിനുമുപരി, ഫെഡില്‍ നിന്നു പ്രതീക്ഷിക്കുന്ന നിരക്കുയര്‍ത്തല്‍ നടപടികള്‍ ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകുമെന്നും, നാലാംപാദത്തോടെ വിപണികളും സമ്പദ് വ്യവസ്ഥയും സ്ഥിരത കൈവരിക്കുമെന്നുള്ള നിക്ഷേപകരുടെ വിലയിരുത്തല്‍ ഈ തിരിച്ചുവരവിന് ഊര്‍ജ്ജം പകര്‍ന്നു. ഇന്ന് അമേരിക്കന്‍ വ്യക്തിഗത വരുമാന-ചെലവഴിക്കല്‍ കണക്കുകള്‍ പുറത്തു വരും. വിപണികളുടെ പ്രകടനം ഒരു പരിധിവരെ ഇതിനെ ആശ്രയിച്ചായിരിക്കും. ഇതൊരു ബുള്‍ മാര്‍ക്കറ്റിന്റെ തിരിച്ചുവരവായി വിദഗ്ധര്‍ വിലയിരുത്തുന്നില്ല. മറിച്ച്, മികച്ച കമ്പനി ഫലങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലുള്ള ആശ്വാസ നീക്കമായാണ് കരുതപ്പെടുന്നത്.
ക്രൂഡോയില്‍
ആദ്യഘട്ട വ്യാപാരത്തില്‍, ക്രൂഡോയില്‍ വില ഏഷ്യയില്‍ നേരിയ താഴ്ച്ചയിലാണ്. ഇന്നലെ രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ക്ലോസ് ചെയ്തത്. വിതരണശൃംഖലയിലെ തടസങ്ങളെപ്പറ്റിയുള്ള ആശങ്കകളും, റഷ്യന്‍ ഓയിലിനു മേല്‍ യൂറോപ്യന്‍ യൂണിയന്‍ കൊണ്ടു വന്നേക്കാവുന്ന ഉപരോധങ്ങളും ഇപ്പോഴും വില വര്‍ദ്ധനവിന് സഹായിച്ചേക്കാവുന്ന ഘടകങ്ങളാണ്. എന്നാല്‍, തളരുന്ന ചൈനീസ് സമ്പദ് വ്യവസ്ഥ ഒരു പരിധിവരെ വിലക്കയറ്റത്തെ പിന്നോട്ടടിക്കുന്നുണ്ട്.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,597.84 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,906 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
കമ്പനി ഫലങ്ങള്‍
ഇന്നു പുറത്തു വരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍ ബജാജ് സ്റ്റീല്‍, ആരതി ഇന്‍ഡസ്ട്രീസ്, അരവിന്ദ് ഫാഷന്‍സ്, അസ്ട്രാള്‍, ബിഇഎംഎല്‍, ഗ്ലെന്‍മാര്‍ക്ക്, ഗോദ്‌റജ് ഇന്‍ഡസ്ട്രീസ്, സണ്‍ ടിവി, യൂണൈറ്റഡ് സ്പിരിറ്റ്‌സ്, ബാമര്‍ ലോറി എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,765 രൂപ (മേയ് 27)
ഒരു ഡോളറിന് 74.96 രൂപ (മേയ് 26)
ബ്രെന്റ് ക്രൂഡ് ബാരലിന് 117.31 ഡോളര്‍ (8.33 am)
ഒരു ബിറ്റ് കോയിന്റെ വില 23,82,293 രൂപ (8.33 am)