ഇന്നലത്തെ നേരിയ വീഴ്ച്ചയ്ക്കുശേഷം ഇന്ത്യന്‍ വിപണിയെ ഇന്ന് ചലിപ്പിക്കാനുതകുന്ന പ്രധാന വാര്‍ത്തകളിലൊന്ന് ഗവണ്‍മെന്റ് പണപ്പെരുപ്പത്തെ...
ഇന്നലത്തെ നേരിയ വീഴ്ച്ചയ്ക്കുശേഷം ഇന്ത്യന്‍ വിപണിയെ ഇന്ന് ചലിപ്പിക്കാനുതകുന്ന പ്രധാന വാര്‍ത്തകളിലൊന്ന് ഗവണ്‍മെന്റ് പണപ്പെരുപ്പത്തെ നേരിടാന്‍ കൂടുതല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ കുറവു വരുത്തിയേക്കും എന്നതാണ്. എന്നാല്‍, ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ആര്‍ബിഐ കര്‍ശന പണനയം തന്നെ തുടരുമെന്നും, ജൂണില്‍ നിരക്കു വര്‍ദ്ധനയുണ്ടാകുമെന്നും ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ രണ്ടു നീക്കങ്ങളും വിപണിയെ വ്യത്യസ്തമായ രീതിയില്‍ സ്വാധീനിക്കാം.
ഏഷ്യന്‍ വിപണി
ഏഷ്യന്‍ വിപണികളില്‍ ഭൂരിപക്ഷവും ഇന്നു രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.45 ന് 0.21 ശതമാനം ലാഭത്തിലാണ്. ജപ്പാനിലെ നിക്കി 0.55 ശതമാനവും, ഷാങ്ഹായ് സൂചിക 0.66 ശതമാനവും, ചൈന എ50 0.87 ശതമാനവും, തായ് വാന്‍ വെയിറ്റഡ് 0.36 ശതമാനവും, ഹോംകോംഗിലെ ഹാങ് സെങ് 1.34 ശതമാനവും, ദക്ഷിണകൊറിയയിലെ കോസ്പി 0.84 ശതമാനവും നഷ്ടത്തിലാണ്.
അമേരിക്കന്‍ വിപണി
അമേരിക്കന്‍ വിപണികള്‍ ഇന്നു രാവിലെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്്. ഡൗ ജോണ്‍സ്് 1.98 ശതമാനവും, എസ് ആന്‍ഡ് പി 500 1.86 ശതമാനവും, നാസ്ഡാക് 1.59 ശതമാനവും ഉയര്‍ന്നു. യുഎസിലെ വ്യവസായ ഉത്പാദന, ഭവന വില്‍പ്പന കണക്കുകള്‍ ഇന്നു പുറത്തുവരും. ആഗോള സാമ്പത്തിക വളര്‍ച്ച നേരിടുന്ന വെല്ലുവിളികളെപ്പറ്റി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന ലഗാര്‍ദെ ഇന്ന് ദാവോസില്‍ സംസാരിക്കും. ഇവ യൂറോപ്യന്‍, യുഎസ് വിപണികളെ സംബന്ധിച്ച് നിര്‍ണായകമാണ്.
ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയില്‍ വില ഇന്നു രാവിലെ താഴ്ച്ചയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം സംഭവിച്ചേക്കാമെന്നുള്ള ഭയവും, അമേരിക്കന്‍ ഉപഭോഗം കുറയാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ ഇടിവ് സംഭവിക്കുന്നത്. എന്നാല്‍, വിതരണത്തില്‍ ഉണ്ടായേക്കാവുന്ന കുറവും, ചൈന സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളും ക്രൂഡോയില്‍ വില വര്‍ദ്ധനവിന് അനുകൂലമായ ഘടകങ്ങളാണ്.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1951 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,445 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
കമ്പനി ഫലങ്ങള്‍
ഇന്നു പുറത്തുവരാനിരിക്കുന്ന പ്രധാന കമ്പനി ഫലങ്ങള്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്ഇസെഡ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ബല്‍റാംപൂര്‍ ചീനി, ബാങ്ക് ഓഫ് ഇന്ത്യ, ഗ്രാസിം, ഗുജറാത്ത് ആല്‍ക്കെലി, ജ്യോതി ലബോറട്ടറീസ്, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ്, സീ മീഡിയ, ജെഎം ഫിനാന്‍ഷ്യല്‍, ബെയര്‍ ക്രോപ് സയന്‍സ്, എംകെ ഗ്ലോബല്‍, അപ്പോളോ ഫിന്‍വെസ്റ്റ്, അമൃതാഞ്ജന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്തകെയര്‍ എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,715 രൂപ (മേയ് 24)
ഒരു ഡോളറിന് 77.52 രൂപ (മേയ് 24)
ബ്രെന്റ് ക്രൂഡ് ബാരലിന് 113.47 ഡോളര്‍ (8.30 am)
ഒരു ബിറ്റ് കോയിന്റെ വില 24,06,285 രൂപ (8.30 am)