വിപണി അതിന്റെ നേട്ടം തുടരാനാകാതെ നഷ്ടത്തില്‍ കലാശിച്ചു. വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ ഇടപാടുകാര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതോടെ...
വിപണി അതിന്റെ നേട്ടം തുടരാനാകാതെ നഷ്ടത്തില്‍ കലാശിച്ചു. വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ ഇടപാടുകാര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതോടെ നേരിയ നഷ്ടത്തില്‍ വിപണി ക്ലോസ് ചെയ്തു.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ നിഫ്റ്റി അതിന്റെ നിര്‍ണായക പ്രതിരോധ നിലയായ 16,400 മറികടന്നു. എന്നാല്‍ ആ മുന്നേറ്റം നിലനിര്‍ത്താന്‍ സാധിക്കാതെ പോയത് നിക്ഷേപകര്‍ക്ക് തിരിച്ചടിയായി. നിഫ്റ്റി 51.45 പോയിന്റ് (0.32 ശതമാനം) നഷ്ടത്തില്‍ 16,214.70 ലും, സെന്‍സെക്‌സ് 37 പോയിന്റ് (0.07 ശതമാനം) താഴ്ന്ന് 54,288.61 ലും വ്യാപാരം അവസാനിപ്പിച്ചു.
ഓട്ടോ, മെറ്റല്‍ ഓഹരികളുടെ നേട്ടങ്ങളും, നഷ്ടങ്ങളുമാണ് ഇന്ന് വിപണിയുടെ ഗതി നിര്‍ണയിച്ചത്. സ്റ്റീല്‍ ഉത്പാദനത്തിനാവശ്യമായ ഇരുമ്പയിര്, പെല്ലറ്റ് എന്നീ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി തീരുവ 15 ശതമാനം ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം മെറ്റല്‍ മേഖലയിലെ ഓഹരികളുടെ വലിയതോതിലുള്ള വില്‍പ്പനയ്ക്ക് കാരണമായി. വരും ദിവസങ്ങളില്‍ ഉത്പന്ന വിലയിലും, കമ്പനികളുടെ ലാഭത്തിലും ഉണ്ടായേക്കാവുന്ന കുറവാണ് വിപണിയിലെ തിരിച്ചടിക്ക് കാരണമായത്.
എന്നിരുന്നാലും, കയറ്റുമതി തീരുവ ചുമത്തലും, സ്റ്റീല്‍ ഉത്പാദന പ്രക്രിയയില്‍ ഉപയോഗിക്കുന്ന ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയില്‍ കുറവു വരുത്തിയതും, ഇന്ധന വില കുറയ്ക്കലും വ്യാപാരികൾക്ക് ഓട്ടോ ഓഹരികളോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിച്ചു.
"ഗവണ്‍മെന്റ് സ്വീകരിച്ച നിരവധി നടപടികളുടെ ഭാഗമായി സ്റ്റീല്‍ ഓഹരികളില്‍ ഹ്രസ്വകാലത്തേക്ക് വിലയിടിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങള്‍ വിശ്വസിക്കുന്നത്, ഇത്തരം നടപടികളുടെ പരിണിതഫലങ്ങള്‍ വ്യവസായത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുമെന്നാണ്. ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള ദീര്‍ഘകാല നിക്ഷേപങ്ങളെ ഇത് നിരുത്സാഹപ്പെടുത്തും. കൂടാതെ, ഓഹരികളുടെ മൂല്യ നിര്‍ണയത്തെയും ഇത് ബാധിക്കും. ഞങ്ങള്‍ ഈ മേഖലയെ 'റിവ്യു' വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയാണ്. സ്റ്റീല്‍ കമ്പനി മാനേജ്‌മെന്റുകള്‍ ഈ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം നല്‍കുന്നതുവരെയും ഈ നില തുടരും," മോത്തിലാല്‍ ഒസ്വാള്‍ സെക്യൂരിറ്റീസ് പ്രസ്താവനയില്‍ പറഞ്ഞു.
ജിന്‍ഡാല്‍ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എന്‍എംഡിസി എന്നിവയുടെ ഓഹരികള്‍ യഥാക്രമം 17.40 ശതമാനം, 13.20 ശതമാനം, 12.53 ശതമാനം, 12.44 ശതമാനം ഇടിഞ്ഞു. ഹിന്‍ഡാല്‍കോ, സെയില്‍ എന്നിവയുടെ ഓഹരികളും 3.65 ശതമാനം, 10.96 ശതമാനം എന്നിങ്ങനെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മെറ്റല്‍ സൂചിക മറ്റ് എല്ലാ മേഖലാ സൂചികകളെക്കാളും നഷ്ടം നേരിടുകയും, 8.33 ശതമാനം ഇടിവില്‍ അവസാനിക്കുകയും ചെയ്തു.
എന്നാല്‍, ഓട്ടോമൊബൈല്‍ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അശോക് ലെയ്‌ലന്‍ഡ്, എം ആന്‍ഡ് എം, മാരുതി എന്നിവ യഥാക്രമം 4.26 ശതമാനം, 4.14 ശതമാനം, 4.07 ശതമാനം ഉയര്‍ന്നു. ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് മോട്ടേഴ്‌സ് എന്നിവയും 1.51 ശതമാനവും, 1.31 ശതമാനവും നേട്ടം കൈവരിച്ചു.
ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകള്‍ വിശ്വസിക്കുന്നത് ഇന്ധന വിലയിലുണ്ടായ കുറവ് ഓട്ടോമൊബൈല്‍ വില്‍പ്പനയെ സഹായിക്കുമെന്നാണ്. പ്രത്യേകിച്ചും ഇരുചക്ര വാഹന വിഭാഗത്തിലും, എന്‍ട്രി ലെവല്‍ കാറുകളുടെ കാര്യത്തിലും ഇന്ധന വില നിര്‍ണായകമാണ്.
"ഇതിനുപുറമേ, മെറ്റല്‍ വിലകളിലുണ്ടാകുന്ന കുറവ്, പ്രത്യേകിച്ചും സ്റ്റീല്‍ വിലയില്‍, ഈ വ്യവസായത്തിന് ഗുണകരമാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവിനാല്‍ ഉത്പന്നങ്ങളുടെ വില അടിക്കടി ഉയര്‍ത്തേണ്ടി വരുന്ന മേഖലയാണിത്. ട്രാക്ടര്‍, വാണിജ്യ വാഹനങ്ങള്‍, കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ നയം മാറ്റം ഗുണകരമാണ്," ഐസിഐസിഐ സെക്യൂരിറ്റീസ് പറഞ്ഞു.
ബിഎസ്ഇല്‍ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1,989 എണ്ണം നഷ്ടത്തില്‍ അവസാനിച്ചു. എന്നാല്‍, 1,421 എണ്ണം ലാഭത്തിലാണ്.