ആഗോള വിപണികളെല്ലാം ഈ ആഴ്ച്ചയില്‍ വലിയ ചാഞ്ചാട്ടം പ്രകടിപ്പിച്ചേക്കാം. സുപ്രധാന സാമ്പത്തിക സൂചനകള്‍ അമേരിക്കയില്‍ നിന്നും, യൂറോപ്പില്‍...
ആഗോള വിപണികളെല്ലാം ഈ ആഴ്ച്ചയില്‍ വലിയ ചാഞ്ചാട്ടം പ്രകടിപ്പിച്ചേക്കാം. സുപ്രധാന സാമ്പത്തിക സൂചനകള്‍ അമേരിക്കയില്‍ നിന്നും, യൂറോപ്പില്‍ നിന്നും, ഏഷ്യാ-പസിഫിക്ക് റീജിയണില്‍ നിന്നും ഈയാഴ്ച്ച പുറത്ത് വരാനുണ്ട്. ഇതിനോടുള്ള നിക്ഷേപകരുടെ പ്രതികരണം വിപണികളുടെ ഗതി നിര്‍ണയിക്കും.
നാലു ദിവസത്തെ വേള്‍ഡ് ഇക്കണോമിക്ക് ഫോറം ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കുകയാണ്. ലോകത്തിലെ പ്രമുഖരായ നേതാക്കളും സാമ്പത്തിക വിദഗ്ധരും വ്യവസായ പ്രമുഖരും ഈ വേദിയില്‍ അവരുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കും. ലോകം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെക്കുകയും ചെയ്യും. സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം, പണനയ തീരുമാനങ്ങള്‍, ക്രൂഡ് ഓയില്‍ വിലവര്‍ധന എന്നിങ്ങനെ വിപണികളെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിലെല്ലാം വിശദമായ ചര്‍ച്ചകളും നടക്കും. നിക്ഷേപകർക്ക് ഇത് വരാനിരിക്കുന്ന തീരുമാനങ്ങളെപ്പറ്റി സൂചനകള്‍ നൽകും.
ബ്രിട്ടനിലെ വ്യവസായ ഉത്പാദന കണക്കുകള്‍, ജര്‍മ്മനിയുടെ ജിഡിപി കണക്കുകള്‍, ഫ്രാന്‍സിലേയും ഇറ്റലിയിലേയും ഫാക്ടറി ഉത്പാദന വിവരങ്ങള്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ധനസ്ഥിരതാ വിലയിരുത്തല്‍ എന്നിവയെല്ലാം യൂറോപ്യന്‍ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ചുള്ള കൃത്യമായ ചിത്രം നിക്ഷേപകര്‍ക്ക് നല്‍കും.
അമേരിക്കയില്‍ പുതിയ വീടുകളുടെ വില്‍പന കണക്കുകള്‍, റീട്ടെയില്‍ ഉപഭോക്താക്കളുടെ ചെലവിടല്‍ ശേഷി എന്നിവ ഈയാഴ്ച്ച പുറത്ത് വരും. പണപ്പെരുപ്പം അമേരിക്കന്‍ സമ്പദ്ഘടനയില്‍ വരുത്തിയിട്ടുള്ള സ്വാധീനം എത്രയാണെന്ന് ഇതിലൂടെ മനസിലാക്കാനാവും. കൂടാതെ, ഫെഡിന്റെ കര്‍ശന പണനയം ഭാവിയില്‍ എത്രമാത്രം ഗുണം ചെയ്യുമെന്നും ഇതിലൂടെ കണക്കുകൂട്ടാം. ആഗോളതലത്തില്‍ ഒരു മുരടിപ്പ് സംഭവിച്ചേക്കാമെന്നുള്ള ഭീതിയിലാണ് വിപണികളില്‍ ഇപ്പോള്‍ കനത്ത വില്‍പന നടക്കുന്നത്. ഇതിന്റെ നിജസ്ഥിതി മനസിലാക്കുവാന്‍ ഈ കണക്കുകളിലൂടെ സാധിക്കും. അമേരിക്കന്‍ റീട്ടെയില്‍ ഭീമന്മാരായ ടാര്‍ജറ്റ്, വാള്‍മാര്‍ട്ട് എന്നിവരുടെ വരുമാന കണക്കുകളിലുണ്ടായ കുറവ് പണപ്പെരുപ്പത്തിന്റെ ആഘാതം വെളിപ്പെടുത്തുന്നു. ഇത് ലോകവിപണികളെ സംബന്ധിച്ച് ആശങ്കാജനകമാണ്.
ആഭ്യന്തര സംഭവങ്ങളില്‍, റിസര്‍വ് ബാങ്ക് പുറത്ത് വിടുന്ന വിദേശനാണ്യ ശേഖരം സംബന്ധിച്ച കണക്കുകള്‍ നിര്‍ണായകമാണ്. മെയ് 13ന് അവസാനിച്ച ആഴ്ച്ചയില്‍ ഇത് 2.68 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 593.2 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ ഒന്‍പത് ആഴ്ച്ചകളില്‍ തുടര്‍ച്ചയായി നാണ്യശേഖരത്തില്‍ ഇടിവ് സംഭവിക്കുകയാണ്. സുപ്രധാന നാലാംപാദ കണക്കുകള്‍ ഈയാഴ്ച്ചയില്‍ പുറത്ത് വരാനിരിക്കുന്നത് ഡിവിസ് ലബോറട്ടോറീസ്, രാംകോ സിമന്റ്, സെയില്‍, ടിടികെ ഹെല്‍ത്ത് കെയര്‍, സൊമാറ്റോ, അദാനി പോര്‍ട്ട്‌സ്, ബാങ്ക് ഓഫ് ഇന്ത്യ, ബല്‍റാംപൂര്‍ ചീനി, ജ്യോതി ലബോറട്ടൊറീസ്, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ എന്നിവയുടേതാണ്.
സാങ്കേതികമായി, നിഫ്റ്റി 15,700 നോടടുത്ത് ശക്തമായ പിന്തുണ നേടുന്നതും, 16,400 നോടടുത്ത് ശക്തമായ പ്രതിരോധം അനുഭവിക്കുന്നതും കാണാന്‍ സാധിക്കും. 5പൈസാഡോട്ട് കോം ലീഡ് റിസര്‍ച്ച് രുചിത് ജെയിനിന്റെ അഭിപ്രായത്തില്‍ വിപണിയുടെ ഹ്രസ്വകാല ട്രെന്‍ഡ് 'സൈഡ് വെയ്‌സ്' ആയി മാറി. "ഹ്രസ്വകാല ട്രെന്‍ഡ് 'സൈഡ് വെയ്‌സായി' മാറിയതിനാല്‍ വിപണിയുടെ അടുത്ത ദിശ മനസിലാക്കണമെങ്കില്‍ 15,700 നോ, 16,400 നോ അടുപ്പിച്ച് ഒരു ബ്രേക്ക് ഔട്ട് സംഭവിക്കണം. അതിനാല്‍, വ്യാപാരികള്‍ ഈയാഴ്ച്ച ഇരുദിശകളിലേക്കുമുള്ള ബ്രേക്ക് ഔട്ട് പ്രതീക്ഷിച്ചിരിക്കണം. 16,400 ന് മുകളിലേക്ക് ഒരു ബ്രേക്ക് ഔട്ട് സംഭവിച്ചാല്‍ സൂചിക 16,800 വരെ ചെന്നെത്താം. എന്നാല്‍ താഴേയ്ക്കാണ് ബ്രേക്ക് ഔട്ട് സംഭവിക്കുന്നതെങ്കില്‍ അത് തുടര്‍ച്ചയായ വീഴ്ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചേക്കാം," ജെയിന്‍ കൂട്ടിച്ചേര്‍ത്തു.