Summary
ലോകത്തെ മിക്ക കേന്ദ്ര ബാങ്കുകളും പണനയത്തില്‍ വരുത്തിയ കര്‍ശന നിലപാടുകള്‍ ആഗോള വിപണികളില്‍ കനത്ത വില്‍പ്പനയ്ക്ക കാരണമായി. ആഭ്യന്തര വിപണിയിലും സെന്‍സെക്‌സും നിഫ്റ്റിയും, ആഴ്ച്ച അടിസ്ഥാനമാക്കി, നാല് ശതമാനത്തിനടുത്ത് നഷ്ടം രേഖപ്പെടുത്തി. കനത്ത പണപ്പെരുപ്പ സമ്മര്‍ദ്ദം നിലനില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടി ആഴ്ച്ചയുടെ മധ്യത്തില്‍ ആര്‍ബിഐ അപ്രതീക്ഷിതമായാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. ഇത് ആഭ്യന്തര നിക്ഷേപകരെ ഞെട്ടിച്ചു. ആര്‍ബിഐ റിപ്പോ റേറ്റ് (ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്ക്) 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനവും, കാഷ് […]
ലോകത്തെ മിക്ക കേന്ദ്ര ബാങ്കുകളും പണനയത്തില്‍ വരുത്തിയ കര്‍ശന നിലപാടുകള്‍ ആഗോള വിപണികളില്‍ കനത്ത വില്‍പ്പനയ്ക്ക കാരണമായി. ആഭ്യന്തര വിപണിയിലും സെന്‍സെക്‌സും നിഫ്റ്റിയും, ആഴ്ച്ച അടിസ്ഥാനമാക്കി, നാല് ശതമാനത്തിനടുത്ത് നഷ്ടം രേഖപ്പെടുത്തി.
കനത്ത പണപ്പെരുപ്പ സമ്മര്‍ദ്ദം നിലനില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടി ആഴ്ച്ചയുടെ മധ്യത്തില്‍ ആര്‍ബിഐ അപ്രതീക്ഷിതമായാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. ഇത് ആഭ്യന്തര നിക്ഷേപകരെ ഞെട്ടിച്ചു. ആര്‍ബിഐ റിപ്പോ റേറ്റ് (ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്ക്) 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനവും, കാഷ് റിസേര്‍വ് റേഷ്യോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.50 ശതമാനവുമാക്കി. ബാങ്കുകള്‍ ആര്‍ബിഐയില്‍ പണമായി സൂക്ഷിക്കേണ്ട തുകയാണ് സിആര്‍ആര്‍. ഇതോടെ പലിശ നിരക്ക് കാര്യമായി ബാധിക്കുന്ന മേഖലകളായ റിയല്‍ എസ്റ്റേറ്റ്, ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ മേഖലകളിലെ ഓഹരികളിലേക്കുള്ള നിക്ഷേപം കുറഞ്ഞു. ഈ മേഖലകളിലെ ഉയര്‍ന്ന മൂല്യമുണ്ടായിരുന്ന ഓഹരികളും, വിപണി പ്രതീക്ഷയ്ക്കനുസരിച്ച് മാര്‍ച്ചിലെ ഫലങ്ങള്‍ ഉയരാത്ത കമ്പനികളുടെ ഓഹരികളും വളരെ മോശമായ തിരിച്ചടി നേരിട്ടു.
യുഎസ് ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഹോംകോംഗ് മോണിറ്ററി അതോറിറ്റി എന്നിവരും സമാനമായ രീതിയില്‍ പലിശ നിരക്ക് ഉയര്‍ത്തിയത് നിക്ഷേപകരുടെ താല്‍പര്യങ്ങളെ കൂടുതല്‍ തളര്‍ത്തി. യുഎസ് ഫെഡ് വിപണി പ്രതീക്ഷയ്ക്കനുസൃതമായി 50 ബേസിസ് പോയിന്റ് നിരക്കാണ് ഉയര്‍ത്തിയതെങ്കിലും, പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ വരും മാസങ്ങളില്‍ നിരക്ക് കൂടുതല്‍ ഉയര്‍ത്തേണ്ടി വരുമെന്ന് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് ആഗോള വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുകയും, സമ്പദ് വ്യവസ്ഥകളെ മാന്ദ്യത്തിലേക്ക് തള്ളി വിടുകയും ചെയ്‌തേക്കാം. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 2009 നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍, ബ്രിട്ടന്‍ ഇരട്ട അക്ക പണപ്പെരുപ്പത്തിന്റെയോ, നീണ്ടു നില്‍ക്കുന്ന മുരടിപ്പിന്റെയോ അല്ലെങ്കില്‍ മാന്ദ്യത്തിന്റെയോ പിടിയിലായേക്കാം എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് ഒരു കേന്ദ്ര ബാങ്ക് നല്‍കുന്ന ഏറ്റവും നിരാശജനകമായ അവലോകനമാണ്. ഇതിനെത്തുടര്‍ന്ന്, ആഗോള ഓഹരികളുടെ മറ്റൊരു റൗണ്ട് വിറ്റഴിക്കലിനും കാരണമായി.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ അമിതമായ വില്‍പ്പനയും ഇന്ത്യന്‍ രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദം നല്‍കി. ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച്ചത്തെ ഇന്‍ട്രാ-ഡേ വ്യാപാരത്തില്‍ ഡോളറിനെതിരെ 76.97 രൂപ എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. എന്നാല്‍ വ്യാപാരം അവസാനിച്ചത് 76.93 രൂപയിലാണ്. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 67 പൈസ കുറവാണ്. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) പുറത്തുവിട്ട ഡാറ്റ പ്രകാരം, വിദേശ നിക്ഷേപകര്‍ 6,417 കോടി രൂപയാണ് ഈ മാസം ആഭ്യന്തര ഓഹരികളില്‍ നിന്നും പിന്‍വലിച്ചത്. ഇതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ആഭ്യന്തര ഓഹരികളിലെ മൊത്തം വില്‍പ്പന 1,33,579 കോടി രൂപയായി.
"അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള നിരക്കുയര്‍ത്തല്‍ വിദേശ നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍, അത് 0.75 ശതമാനം വരെയായേക്കും എന്ന് ഭയപ്പെട്ടിരുന്നു. അതിനാല്‍ നിക്ഷേപകര്‍ കഴിഞ്ഞയാഴ്ച്ച മുഴുവനും ശ്രദ്ധയോടെയാണ് വ്യാപാരത്തിലേര്‍പ്പെട്ടത്. ഉയര്‍ന്നുവരുന്ന വിപണികളിലേയും, ഉയര്‍ന്ന വരുമാനം നല്‍കുന്ന കടപ്പത്രങ്ങളിലേയും, ടെക്‌നോളജി ഓഹരികളിലേയും, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേയും, മറ്റ് ആസ്തികളിലേയും നിക്ഷേപങ്ങളില്‍ അവര്‍ കുറവുവരുത്തി," ഇപിഎഫ്ആര്‍ ഗ്ലോബല്‍ അഭിപ്രായപ്പെടുന്നു. ലോകമെമ്പാടുമുള്ള 1,45,000 ഫണ്ടുകളെ പിന്തുരുന്നതും, 50 ട്രില്യണ്‍ ഡോളര്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്നതുമായ കമ്പനിയാണ് ഇപിഎഫ്ആര്‍ ഗ്ലോബല്‍.