യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയിലാണ് വിപണി ഇപ്പോഴും. ഇതേത്തുടര്‍ന്ന് ഒരു മാന്ദ്യവും അമേരിക്കന്‍...
യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയിലാണ് വിപണി ഇപ്പോഴും. ഇതേത്തുടര്‍ന്ന് ഒരു മാന്ദ്യവും അമേരിക്കന്‍ സമ്പദ്ഘടനയില്‍ ഉണ്ടായേക്കാമെന്ന ഭീതി നിലനില്‍ക്കുന്നു. ഇക്കാരണങ്ങള്‍കൊണ്ടു തന്നെ ഇന്ത്യന്‍ വിപണി ഇന്ന് ഏകീകരണ (consolidation) സ്വഭാവം പ്രകടിപ്പിച്ചേക്കാം.
ഐസിഐസിഐ ബാങ്കിന്റെ നാലാം പാദ ഫലങ്ങളോടുള്ള വിപണിയുടെ പ്രതികരണം ഇന്നറിയാം. കൂടാതെ, നീണ്ടുപോകുന്ന യുക്രെയ്ന്‍ യുദ്ധവും, ചൈനയിലെ ഉയരുന്ന കൊവിഡ് കണക്കുകളും വിപണിയില്‍ പ്രതിഫലിച്ചേക്കാം. സൂചിക വെള്ളിയാഴ്ച്ച ഇടിഞ്ഞതോടെ വിപണിയുടെ കൃത്യമായ ദിശ പ്രവചിക്കാനാവില്ല. പകരം ചിതറിക്കിടക്കുന്ന ഘടകങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും, ഏകീകരണവുമാവും ഇന്ന് സംഭവിക്കുക.
മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെയുടെ അഭിപ്രായത്തില്‍, വെള്ളിയാഴ്ച്ചത്തെ നിരാശാജനകമായ ക്ലോസിംഗിനുശേഷം വിപണിയില്‍ മുന്നേറ്റമുണ്ടാകുമോ എന്നു പറയാനാകാത്ത സ്ഥിതിയാണ്. നിഫ്റ്റി അതിന്റെ ആഴ്ച്ചയിലെ ഉയര്‍ന്ന നിലയായ 17,415 നെ മറികടക്കുന്നില്ലെങ്കില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായേക്കാം. ഇത് സൂചികയെ 17,000-16,597 റേഞ്ചിലേക്ക് തള്ളിവിട്ടേക്കാം.
വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണി നഷ്ടത്തിലായിരുന്നു. ഡൗജോണ്‍സ്, എസ്ആന്‍ഡ്പി 500, നാസ്ഡാക് എന്നിവ 2.5 ശതമാനത്തിലേറെ താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.39 ന് 189 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,461.72 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,602.35 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം:
കൊട്ടക് സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസേര്‍ച്ച് വൈസ് പ്രസിഡന്റ് അമോല്‍ അത്താവാലെ പറയുന്നു: "സാങ്കേതികമായി വീക്കിലി ചാര്‍ട്ടുകളില്‍ നിഫ്റ്റി 'ലോംഗ് ലെഗ് ഡോജി കാന്‍ഡില്‍' ആയാണ് രൂപപ്പെടുന്നത്. ഇത് സൂചിപ്പിക്കുന്നത് ബുള്ളുകള്‍ക്കും ബെയറുകള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ്. ഞങ്ങളുടെ അഭിപ്രായത്തില്‍, വിപണിയുടെ ഹ്രസ്വകാല സ്വഭാവം ലക്ഷ്യമില്ലായ്മയാണ്. ബുള്ളുകളെ സംബന്ധിച്ചിടത്തോളം ഒരു പുള്‍ബാക്ക് റാലി സംഭവിക്കണമെങ്കില്‍ 17,280 നു മുകളില്‍ ബ്രേക്കൗട്ട് ഉണ്ടാകണം. ഇത് തുടര്‍ന്നാല്‍ സൂചിക 17,400-17,550 വരെ ചെന്നെത്താം. മറിച്ചുസംഭവിച്ചാല്‍, സൂചിക 17,200 നടുത്ത് വ്യാപാരം നടക്കുകയാണെങ്കില്‍ വിലയിടിവ് തുടര്‍ന്നേക്കാം. ഈ നിലയില്‍ നിന്നും വീണ്ടും താഴ്ന്നാല്‍ സൂചിക 17,000-16,800 നിലവരെ ചെന്നെത്തിയേക്കാം."
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- മാരുതി, യുബിഎല്‍, എബിബി, എംആന്‍ഡ്എം, അദാനി പോര്‍ട്, സീ
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- പോളികാബ്, ഹിന്‍ഡാല്‍കോ, ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ജിഎംആര്‍ ഇന്‍ഫ്ര
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,900 രൂപ (ഏപ്രില്‍ 22)
ഒരു ഡോളറിന് 76.34 രൂപ (ഏപ്രില്‍ 22)
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 103.09 ഡോളര്‍ (8.09 am)
ഒരു ബിറ്റ് കോയിന്റെ വില 31,37,800 രൂപ (8.09 am)