Summary
ഡെല്‍ഹി: ബോണ്ട് ഉടമകള്‍ക്ക് പലിശ അടയ്ക്കുന്നതില്‍ വീഴ്ച്ചവരുത്തി റെലിഗര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ് (ആര്‍എഫ്എല്‍). 96 ലക്ഷം രൂപയാണ് കുടിശ്ശികയായി നല്‍കാനുള്ളത്. മാതൃ കമ്പനിയായ റെലിഗെയര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (ആര്‍ഇഎൽ) മുന്‍ പ്രമോട്ടര്‍മാരുടെ ഫണ്ട് ദുരുപയോഗവും, ചോര്‍ത്തലും മൂലമുണ്ടായ ബാധ്യതകളാണ് ഇതിലേക്ക് നയിച്ചത്. ഇക്കഴിഞ്ഞ 25 ന് നൽകേണ്ട ‘ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങളിലേക്കുള്ള’ (non-convertible debentures) 96 ലക്ഷം രൂപ പലിശ അടയ്ക്കുന്നതിലാണ് ആര്‍എഫ്എല്‍ വീഴ്ച വരുത്തിയത്. കാര്യമായ ആസ്തി ബാധ്യതാ പൊതുത്തക്കേടുകള്‍ മൂലം ആര്‍ഇഎലിന്റെ അനുബന്ധ […]
ഡെല്‍ഹി: ബോണ്ട് ഉടമകള്‍ക്ക് പലിശ അടയ്ക്കുന്നതില്‍ വീഴ്ച്ചവരുത്തി റെലിഗര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ് (ആര്‍എഫ്എല്‍). 96 ലക്ഷം രൂപയാണ് കുടിശ്ശികയായി നല്‍കാനുള്ളത്. മാതൃ കമ്പനിയായ റെലിഗെയര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (ആര്‍ഇഎൽ) മുന്‍ പ്രമോട്ടര്‍മാരുടെ ഫണ്ട് ദുരുപയോഗവും, ചോര്‍ത്തലും മൂലമുണ്ടായ ബാധ്യതകളാണ് ഇതിലേക്ക് നയിച്ചത്. ഇക്കഴിഞ്ഞ 25 ന് നൽകേണ്ട ‘ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങളിലേക്കുള്ള’ (non-convertible debentures) 96 ലക്ഷം രൂപ പലിശ അടയ്ക്കുന്നതിലാണ് ആര്‍എഫ്എല്‍ വീഴ്ച വരുത്തിയത്.
കാര്യമായ ആസ്തി ബാധ്യതാ പൊതുത്തക്കേടുകള്‍ മൂലം ആര്‍ഇഎലിന്റെ അനുബന്ധ സ്ഥാപനമായ ആര്‍എഫ്എലിനെ 2018 ജനുവരിയില്‍ കേന്ദ്ര ബാങ്ക് കറക്ടീവ് ആക്ഷന്‍ പ്ലാനിന് (സിഎപി) കീഴില്‍ കൊണ്ടുവന്നിരുന്നു.
ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങളില്‍ രണ്ട് നിക്ഷേപകരാണ് കമ്പനിക്കുള്ളത്. 2013 ഫെബ്രുവരി 25 ന് എട്ട് കോടി രൂപ, പ്രതിവര്‍ഷം 12 ശതമാനം കൂപ്പൺ നിരക്കില്‍, 10 വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടുകളായി പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ സമാഹരിച്ചിരുന്നു.
ബാധ്യതകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിന്, നിക്ഷേപക സ്ഥാപനമെന്ന് നിലയില്‍ ടിസിജിയുമായി ചേര്‍ന്ന് ആര്‍എഫ്എല്‍ വായ്പ നല്‍കിയവര്‍ക്ക് ഒരു ഡെറ്റ് റെസലൂഷന്‍ പ്ലാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ആര്‍ബിഐ ഇത് അംഗീകരിച്ചിട്ടില്ല. കമ്പനിയുടെ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കാനും, ആസ്തി ബാധ്യത പരിഹരിഹാര പദ്ധതികള്‍ കൃത്യമാക്കാനും കേന്ദ്ര ബാങ്കിന് ഒരു പുതിയ ഡെറ്റ് റെസലൂഷന്‍ പ്ലാന്‍ ആര്‍എഫ്എല്‍ സമര്‍പ്പിച്ചു. എന്നാല്‍ ആര്‍ഇഎൽ അതിന്റെ പ്രമോട്ടറായി തുടരുന്നിടത്തോളം കമ്പനിയുടെ പുനഃക്രമീകരണം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് കത്ത് മുഖേന ആര്‍എഫ്എലിനെ അറിയിച്ചു.
ഡെറ്റ് റസലൂഷന്‍ പ്ലാന്‍ തടഞ്ഞ ആര്‍ബിഐ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍എഫ്എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത ഹിയറിംഗ് തിയതിയായ വരുന്ന മാര്‍ച്ച് 28 വരെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
മുന്‍ പ്രമോട്ടര്‍മാരായ ശിവീന്ദര്‍ സിംഗും, സഹോദരന്‍ മല്‍വീന്ദര്‍ സിംഗും ചേര്‍ന്ന് ഫണ്ട് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നാണ് ആര്‍എഫ്എലിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത്. ഒന്നിലധികം അന്വേഷണ ഏജന്‍സികള്‍ ഏകദേശം 4,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്നുണ്ട്. എസ്ബിഐ ആണ് 18 ലെന്‍ഡര്‍ കൺസോര്‍ഷ്യത്തിന്റെ പ്രധാന ബാങ്ക്.