
Summary
ബാങ്ക് റേറ്റ് കൂടിയാല്‍ വായ്പയ്ക്ക് എന്ത് സംഭവിക്കും
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നമ്മെ അലട്ടുമ്പോള്‍ നാം ബാങ്ക് വായ്പകളെ ആശ്രയിക്കാറുണ്ട്. ഇത്തരത്തില്‍ വാണിജ്യ ബാങ്കുകളിലും ധനകാര്യ...
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നമ്മെ അലട്ടുമ്പോള്‍ നാം ബാങ്ക് വായ്പകളെ ആശ്രയിക്കാറുണ്ട്. ഇത്തരത്തില്‍ വാണിജ്യ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ചില അവസരങ്ങളില്‍ പണദൗര്‍ലഭ്യം വരുമ്പോള്‍ വായ്പക്കായി രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് (ആര്‍ബിഐ) നമ്മുടെ കേന്ദ്ര ബാങ്ക്. ഇങ്ങനെ വാണിജ്യ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുമെടുക്കുന്ന വായ്പയ്ക്ക് നല്‍കേണ്ടി വരുന്ന പലിശ നിരക്കുകളാണ് ബാങ്ക് നിരക്കും റിപ്പോ നിരക്കും. രണ്ട് നിരക്കുകളും വിപണിയിലെ പണമൊഴുക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ഹ്രസ്വകാല ഉപാധികളാണ്.
ബാങ്ക് റേറ്റ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാണിജ്യ ബാങ്കുകള്‍ക്കും മറ്റ് ധനാകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്കാണ് ഇത്. ഇവിടെ ഒരു ഇടും ഇല്ലാതെയാകും വായ്പ നല്‍കുക. ബാങ്കുകള്‍ ആര്‍ ബി ഐ യില്‍ നിന്ന് പണം പലിശയ്ക്ക് വാങ്ങി ഉയര്‍ന്ന നിരക്കില്‍ വായ്പയായി നല്‍കി ലാഭമെടുക്കുന്നു ഇവിടെ. ബാങ്ക് നിരക്ക് റിപ്പോ നിരക്കിനേക്കാള്‍ കൂടതലായിരിക്കും. കാരണം വിപണിയിലെ പണമൊഴുക്ക് നിയന്ത്രിക്കുന്നതിനുള്ള പ്രധാന സംവിധാനമാണ്. ഇതിനെ ഡിസ്‌കൗണ്ട് നിരക്ക് എന്നും വിളിക്കുന്നു. ബാങ്ക് നിരക്കിനെ 'ഓവര്‍നൈറ്റ്' നിരക്കായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.
വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകളുടെ പലിശ നിരക്കാണ് ബാങ്ക് റേറ്റ് എങ്കില്‍ ബാങ്കുകള്‍ തമ്മിലുള്ള വായ്പകള്‍ക്കുള്ള പലിശ നിരക്കാണ് ഓവര്‍നൈറ്റ് നിരക്ക്. ബാങ്ക് റേറ്റ് കൂട്ടിയാല്‍ ബാങ്കുകളുടെ വായ്പ ചെലവ് ഉയരുകയും അത് പണത്തിന്റെ ലഭ്യത മാര്‍ക്കറ്റില്‍ കുറയ്ക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ ധനനയം അനുസരിച്ചാണ് ആര്‍ബിഐ ബാങ്ക് നിരക്ക് നിശ്ചയിക്കുന്നത്. ബാങ്കുകളുടെ പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ ബാങ്ക് നിരക്കിന് കഴിയുന്നതിനാല്‍ സമ്പദ്വ്യവസ്ഥയെ നിയന്ത്രണത്തിലാക്കാനും പണലഭ്യത ക്രമീകരിക്കാനും ആര്‍ബിഐക്ക്് ബാങ്ക് റേറ്റിലൂടെ സാധിക്കും.
റിപ്പോ റേറ്റ്
റിപ്പോ റേറ്റും ആര്‍ ബി ഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന് ഈടാക്കുന്നതാണ്. പക്ഷെ ഇവിടെ ഒരു വ്യത്യാസമുണ്ട്. ബാങ്കുകള്‍ക്ക് ഹ്രസ്വകാലത്തേക്ക് പണ ദൗര്‍ലഭ്യം വരുമ്പോള്‍ അവ ലെന്‍ഡിംഗ് ബാങ്കായ ആര്‍ ബി ഐ യെ സമീപിക്കും. ഇവിടെ സെക്യൂരിറ്റിയും ബോണ്ടുകളും ഈടായി വിറ്റിട്ടാകും വായ്പ എടുക്കുക. ഒരു പ്രത്യേക സമയത്ത് മുന്‍കൂര്‍ നിശ്ചയിച്ച വിലയ്ക്ക് ഇവ തിരിച്ചെടുക്കാമെന്ന ധാരണയിലാണ് ഇങ്ങനെ പണമെടുക്കുന്നത്. ഇങ്ങനെ നല്‍കന്ന പണത്തിന് ആര്‍ ബി ഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കിംഗ് സംവിധാനത്തിലെ പണമൊഴുക്ക് നിയന്ത്രിക്കാനുള്ള മറ്റൊരു പ്രധാന ഉപാധിയാണ് ഇതും.
ആര്‍ബിഐയുടെ മാറുന്ന നയങ്ങള്‍ക്കനുസരിച്ച് റിപ്പോ നിരക്ക് മാറ്റത്തിന് വിധേയമാണ്. വാണിജ്യ ബാങ്കുകള്‍ക്ക് പ്രവര്‍ത്തന മൂലധനമില്ലാതെ വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ ഈടായി നിക്ഷേപിച്ച് ഒരു നിശ്ചിത കാലയളവിലേക്കുള്ള ധനം ഉറപ്പുവരുത്താന്‍ വാണിജ്യ വായ്പക്കാര്‍ക്ക് ആര്‍ബിഐയെ സമീപിക്കാം. കാലാവധി അവസാനിക്കുമ്പോള്‍, മുന്‍കൂട്ടി നിശ്ചയിച്ച വില തിരിച്ചടച്ച് അവര്‍ക്ക് ഈ ബോണ്ടുകള്‍ ആര്‍ബിഐയില്‍ നിന്ന് തിരികെ വാങ്ങാം. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി സമിതിയാണ് റിപ്പോ നിരക്ക് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്നത്. റിപ്പോ നിരക്കിലെ ഏത് മാറ്റവും വാണിജ്യ ബാങ്കുകളുടെ വായ്പയെ ബാധിക്കുന്നു. അങ്ങനെ ഭവനവായ്പ പലിശ നിരക്ക്, ബാങ്ക് നിക്ഷേപത്തിന്റെ നിരക്കുകള്‍ തുടങ്ങിയവയില്‍ മാറ്റം വരുത്തിക്കൊണ്ട് വാണിജ്യ ബാങ്കുകളുടെ വായ്പാ നയങ്ങളെ ഇത് ബാധിക്കും.
ബാങ്ക് റേറ്റും റിപ്പോ റേറ്റും തമ്മിലുള്ള വ്യത്യാസം
ബാങ്ക് നിരക്കിന്റെ കാര്യത്തില്‍ ഈടൊന്നും ഉള്‍പ്പെടുന്നില്ല. എന്നാല്‍ റിപ്പോ നിരക്ക് ഈടാക്കുമ്പോള്‍ സെക്യൂരിറ്റികള്‍, ബോണ്ടുകള്‍,എന്നിവ ഉള്‍പ്പെടുന്നു. റിപ്പോ നിരക്ക് എപ്പോഴും ബാങ്ക് നിരക്കിനേക്കാള്‍ കുറവാണ്. ബാങ്ക് നിരക്കിലെ വര്‍ധനവ് ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്ന വായ്പാ നിരക്കുകളെ നേരിട്ട് ബാധിക്കുന്നു. അതേസമയം റിപ്പോ നിരക്കിലെ വര്‍ധനവ് സാധാരണമായി ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നു, ഉപഭോക്താക്കളെ അത് നേരിട്ട് ബാധിക്കില്ല. മറ്റു ചില ഘടകങ്ങളും കൂടി ഇവിടെ പരിഗണിക്കപ്പെടുന്നു.